logo

Issue No : 1446 Issue Date: March 19, 2017

NEW ISSUEDaily News

Reports

EDITORIAL

ഉയിര്‍ത്തെഴുന്നേല്‍പ്പ് അവഗണനയുടെ ചെളിക്കുണ്ടില്‍ കഴിഞ്ഞവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന് വേണം ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളെ വിശേഷിപ്പിക്കുവാന്‍. കറുത്ത തൊലിയും കുഴിഞ്ഞ കണ്ണുകളും ഒട്ടിയ കവിളുമുള്ള വിനായകനും മണികണ്ഠനും സലിം കുമാറുമെല്ലാം അംഗീകരിക്കപ്പെടുന്നു; ആദ്യമായി ഒരു സ്ത്രീ മികച്ച സംവിധായികയാകുന്നു. അതെ, കീഴ്‌വഴക്കങ്ങള്‍ മാറ്റിമറിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയം. നടന നക്ഷത്രങ്ങളെ മാത്രമല്ല സംവിധാന, സാങ്കേതിക, രംഗത്തെ സാര്‍വ്വഭൗമന്‍മാരെയും അവഗണിച്ച് സിനിമയുടെ സമസ്ത മേഖലയിലും പ്രദര്‍ശിപ്പിച്ച പ്രാഗത്ഭ്യം, സ്വാഭാവികത, കണിശത, പൂര്‍ണ്ണത എന്നീ ഘടകങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരുന്നു അവാര്‍ഡുകള്‍ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ജനപ്രിയ ചിത്രങ്ങള്‍ക്കും ഓഫ് ബീറ്റ് സിനിമയിലെ പ്രമാണിമാര്‍ക്കും വലിയ നേട്ടങ്ങള്‍ ലഭിച്ചില്ല. എല്ലാത്തരത്തിലും താരപദവിയും പാരമ്പര്യത്തിന്റെ ഭാരവും മാറ്റി നിര്‍ത്തി സിനിമയുടെയും കഥാപാത്രങ്ങളുടെയും മൂല്യം മാത്രമാണ് ജൂറി വിലയിരുത്തിയത്. കമ്മട്ടിപ്പാടത്തിലെ ഗംഗയും ബാലന്‍ചേട്ടനും അനുരാഗകരിക്കിന്‍വെള്ളത്തിലെ എലീനയും ഇവരില്‍ മതിപ്പുളവാക്കിയത് അതുകൊണ്ടാണ്. അങ്ങനെ മികച്ച നടനും നടിക്കുമുള്ള പരിഗണനയില്‍ വിനായകനും രജീഷയും ഒന്നാമതെത്തി; മണികണ്ഠന്‍ രണ്ടാമതും. മറ്റൊരു അത്ഭുതം ശുചീകരണ തൊഴിലാളികളുടെ ജീവിതപശ്ചാത്തലം അഭ്രപാളിയിലെത്തിച്ച നവാഗത സംവിധായിക വിധുവിന്‍സെന്റിന് ലഭിച്ച മികച്ച സംവിധാനത്തിനുള്ള പുരസ്‌ക്കാരമാണ്. വനിതാദിനത്തിന്റെ തലേന്ന് ഈ നേട്ടം ഒരു സ്ത്രീയെ തേടിയെത്തിയെന്നതും യാദൃശ്ചികതയായി. 48 വര്‍ഷത്തെ മലയാളസിനിമാ അവാര്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് ഈ ബഹുമതി ഒരു സ്ത്രീയെ തേടിയെത്തുന്നത്. സിനിമയിലെ സ്ത്രീകള്‍ക്ക് മാത്രമല്ല സ്ത്രീ സമൂഹത്തിന് ഒന്നടങ്കം അഭിമാനകരമായ നേട്ടമാണ് വിധു വിന്‍സെന്റിലൂടെ കൈ വന്നിരിക്കുന്നത്. സലിം കുമാറിന് ലഭിച്ച മികച്ച കഥാകൃത്തിനുള്ള പുരസ്‌ക്കാരത്തിന്റെ പ്രാധാന്യവും അതുതന്നെ. എ.കെ ബീറിന്റെ നേതൃത്വത്തിലുള്ള ജൂറി വിവാദങ്ങള്‍ ഒഴിവാക്കി അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നതില്‍ കാഴ്ച വച്ച ജാഗ്രത ശ്‌ളാഘനീയമാണ്. ഒരു അപശബ്ദത്തിനു പോലും ഇടം കൊടുക്കാതെ അവാര്‍ഡുകള്‍ നിശ്ചയിച്ചതും പ്രഖ്യാപനശേഷം വിവാദപ്പോരുകള്‍ ഉണ്ടാകാതിരുന്നതും ചലച്ചിത്ര അക്കാദമിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും നിഷ്പക്ഷമായ സമീപനത്തിന്റെ കൂടി തെളിവാണ്. എത്രയോ കാലത്തിന് ശേഷമാണ് കുറ്റമറ്റരീതിയില്‍ ഒരു സിനിമാ അവാര്‍ഡ് നിര്‍ണ്ണയം നടക്കുന്നത്.

VIDEO BUZZ

 
BOX OFFICE
സിനിമ ദിവസം തിയേറ്റർ ഗ്രോസ്
Copyright @vellinakshatram.com. Designed & Powered by INTUISYZ All rights reserved.