എസ്തെറ്റിക് കുഞ്ഞമ്മ; വ്യത്യസ്തയാണ് സാറെ ഇവരുടെ മെയിൻ

മികച്ച പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്ന ടീം ആണ് 'എസ്തെറ്റിക് കുഞ്ഞമ്മ'.

സിനിമയോടൊപ്പം തന്നെ ഇപ്പോൾ ഏറെ വ്യത്യസ്തമായ സിനിമ പോസ്റ്ററുകൾ മലയാള സിനിമ ശ്രെദ്ധേയമാകാറുണ്ട്. ഇപ്പോഴത്തെ ട്രെൻഡ് പ്രകാരം ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആളുകൾ അതിന്റെ ഫസ്റ്റ് ലുക്കിനായി കാത്തിരിക്കും. അതുകൊണ്ട് തന്നെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ, ക്യാരക്ടർ പോസ്റ്റർ തുടങ്ങിയവയെല്ലാം തന്നെ വളരെ വലിയ ആവേശമാണ് ആളുകളിൽ ഉണ്ടാക്കുന്നത്. അത്തരത്തിൽ മികച്ച പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്ന ടീം ആണ് 'എസ്തെറ്റിക് കുഞ്ഞമ്മ'. മമ്മൂട്ടി നായകനായ ഗൗതം വാസുദേവ മേനോൻ ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിലൂടെ ഇപ്പോൾ വീണ്ടും ശ്രെദ്ധ നേടിയിരിക്കുകയാണ് എസ്തെറ്റിക് കുഞ്ഞമ്മ. മധുരം, തങ്കം, കണ്ണൂർ സ്‌ക്വാഡ്, ബ്രഹ്മയുഗം, ആവേശം, നടികർ, ബൊഗൈൻവില്ല , ഇപ്പോൾ ഇതാ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് വരെ എത്തി നിൽക്കുന്നു. കൂടാതെ മറ്റു ഭാഷ ചിത്രങ്ങളായ, ഹിറ്റ്, ലവ് ഇൻഷുറൻസ് കമ്പനി (ലിക് ), ഡക്കോട്ട എ ലവ് സ്റ്റോറി , വരാനിരിക്കുന്ന പൃഥ്വിരാജ് ചിത്രമായ ഖലീഫയുടെയും പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നത് എസ്തെറ്റിക് കുഞ്ഞമ്മ തന്നെയാണ്. അരുണ്‍ അജികുമാറും ജെ. ദീപക് എന്നിവരാണ് എസ്തെറ്റിക് കുഞ്ഞമ്മ കമ്പനിയുടെ ഫൗണ്ടേഴ്സ്. യദുമുരുകന്‍, ടി.പി. സതീഷ്, നന്ദന മധുരാജ്, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റു ടീമംഗങ്ങൾ

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ പേര് ഉണ്ടാക്കിയ വ്യത്യസ്തതയും കൗതുകവും കൊണ്ട് തന്നെ ഏറെ ചർച്ചയായിരുന്നു. അതെ കൗതുകം നിലനിർത്തുന്നതായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസറും അതോടൊപ്പം തന്നെ ഇറങ്ങിയ മറ്റു പോസ്റ്ററുകളിൽ എല്ലാം തന്നെ ഈ ഒരു കൗതുകം നിലനിർത്തുന്നതെയിരുന്നു. കലൂരിലെ 'ഡൊമിനിക് ആൻഡ് ദി ഡിറ്റക്റ്റീവ്സ് 'എന്ന ഡിറ്റക്റ്റീവ് ഏജൻസിയുടെ നോട്ടീസിന്റെ രൂപത്തിലാണ് ചിത്രത്തിന്റെ ട്രയ്ലറിന്റെ പോസ്റ്റർ എത്തിയത്. നോട്ടീസിൽ ഡിറ്റക്റ്റീവ് ഏജൻസിയിൽ ലഭ്യമായ സേവനങ്ങളും, അഡ്രസ്സും ഒകെ നൽകിയിട്ടുണ്ട് , ട്രെയ്ലറിന്റെ തീയതിയും സമയവും നൽകിയിരുന്നു. 221ബി, എംഎം അപാർട്മെന്റ് , കലൂർ , എറണാകുളം എന്നാണ് ഡിറ്റക്റ്റീവ് ഏജൻസിയുടെ മേൽവിലാസം. 221ബി , ബേക്കർ സ്ട്രീറ്റ് , ലണ്ടൻ എന്ന ലോകപ്രശസ്തമായ ഷെർലക്ക് ഹോംസിന്റെ മേൽവിലാസത്തോടു സമാനമായി ആണ് ഇതു നൽകിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന സി ഐ ഡൊമിനിക്കിന്റെ ഡിറ്റക്റ്റീവ് ഡയറിയിലെ വിവരങ്ങളുടെ ഫോര്മാറ്റിലാണ്‌ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ എത്തിയത്. ഡയറിയിലെ വിവരങ്ങൾ 'വായിച്ചോ, പക്ഷെ പുറത്ത് പറയരുത്' എന്ന രസകരമായ കുറിപ്പും ഇതിനോടൊപ്പം ഉണ്ടായിരുന്നു. ഇതുപോലെ പല ഡയലോഗുകളും പോസ്റ്ററുകളിൽ നൽകിയിട്ടുണ്ട്. മമ്മൂട്ടിയുടെ തന്നെ പല സിനിമകളിലെയും ഡയലോഗുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. 'അമ്മ മനസ് തങ്ക മനസ്, യെവൻ പുലിയല്ല ഒരു സിംഹം, പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ചവൻ, ബട്ട് വൈ, ശോഭന ലൈറ്റ് തുടങ്ങിയ കുറിപ്പുകൾ പല ക്യാരക്ടറിനും അനുയോജ്യമാകും വിധം ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഏറ്റവും രസകരമായത് മമ്മൂട്ടി അവതരിപ്പിച്ച സി ഐ ഡൊമിനിക് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ തന്നെയാണ്. മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം കലൂരിന്റെ ആൻസർ ടു ഷെർലോക് ഹോംസ്, സ്മാർട്ട്, ഇന്റലിജന്റ്, സ്മാർട്ട് വർക്കർ എന്നിങ്ങനെയുള്ള രസകരമായ കുറിപ്പുകൾ പോസ്റ്ററിൽ കാണാം. ദാവൂദ് ഇബ്രാഹിം, സുകുമാര കുറുപ്പ് എന്നിവരെ പിടിക്കുന്നതിനോടൊപ്പം സോൾവ് ചെയ്യണ്ട കേസുകളുടെ ലിസ്റ്റിൽ ധ്രുവ നക്ഷത്രം കാണണം എന്നുള്ളതും ലിസ്റ്റിൽ ഉൾപ്പെടുന്നവയാണ്. ഗൗതം മേനോന്റെ തന്നെ ചിത്രമായ ധ്രുവ നക്ഷത്രം വർഷങ്ങളായി റിലീസിനെത്താതെ മുടങ്ങികിടക്കുകയാണ്.

ജ്വലിക്കുന്ന പന്തവുമായി ഒരു മനുഷ്യൻ അകലെയുള്ള ഒരു മനയുടെ മുന്നിലേയ്ക്ക് നോക്കി നിൽക്കുന്നതായിരുന്നു മമ്മൂട്ടി നായകനായ 'ബ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായതിനാൽ ചാർക്കോൾ ഉപയോഗിച്ചായിരുന്നു പോസ്റ്റർ ഉണ്ടക്കയത്. അതോടൊപ്പം തന്നെ ചിത്രത്തിലെ എല്ലാ പോസ്റ്ററുകളും ഏറെ ശ്രെദ്ധേയമായിരുന്നു. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഹോളിവുഡ് സ്റ്റൈൽ പോസ്റ്റർ ആയിരുന്നു ഇത്. ചിത്രത്തിലെ കൗണ്ട് ഡൗൺ പോസ്റ്ററുകൾ നൽകിയതെല്ലാം വ്യത്യസ്ത ഉണ്ടായിരുന്നു അതിനൊപ്പം മമ്മൂട്ടിയുടെ ഡെവിളിഷ് ചിരിയും കൂടെ ആയപ്പോൾ ട്രെൻഡിങ് ആയി മാറി ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം.

ഇൻസ്റ്റാഗ്രാമിൽ തുടങ്ങിയ പേജിൽ പഴയ സിനിമകളുടെയും താരങ്ങളുടെയുമെല്ലാം പോസ്റ്ററുകള്‍ പുതിയ രൂപത്തിലും വിന്റേജ് രൂപത്തിലും ചെയ്ത് പോസ്റ്റ് ചെയ്തു തുടങ്ങി ആയിരുന്നു എസ്തെറ്റിക് കുഞ്ഞമ്മയുടെ തുടക്കം . ക്ലാസിക് ചിത്രങ്ങള്‍ക്ക് പുതിയ രൂപം നൽകിയ ടീം വേഗം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയി. അതിനു ശേഷം ഷെയിന്‍ നിഗം അഭിനയിച്ച 'വെയില്‍' എന്ന ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്യാൻ ആദ്യ അവസരം കിട്ടി. ഇതോടെ ആണ് സിനിമ പോസ്റ്ററുകൾ നിർമ്മാണ രംഗത്തേയ്ക്ക് ഇവർ എത്തുന്നത്. എന്നാൽ ഇവരുടെ പിന്നാമ്പുറ കഥകൾ അറിഞ്ഞാൽ ഞെട്ടുക തന്നെ ചെയ്യും.

ജീവിതത്തിലിന്നുവരെ വര പഠിക്കാന്‍ പോകാത്ത ചെറുപ്പക്കാരാണ് ഇവർ. യു ട്യൂബ് വിഡിയോയിലൂടെയാണ് ഇവർ എല്ലാവരും ഡിസൈനിങ് പഠിച്ചത്. കമ്പിനിയുടെ ഫൗണ്ടറിൽ ഒരാളായ അരുണ്‍ ബി.കോമിന് പഠിക്കുമ്പോഴാണ് കോവിഡ് ലോക്ഡൗൺ എത്തുന്നത്. അതോടെ പോസ്റ്റർ ഡിസൈനിങ് പഠിക്കാൻ തീരുമാനിച്ചു. യൂട്യൂബ് നോക്കിയായിരുന്നു പഠനം. ആ താല്പര്യമാണ് അതാണ് പിന്നീട് കമ്പനിയായി മാറിയതും അരുണ്‍ ഫൗണ്ടര്‍ ക്രിയേറ്റീവ് ഹെഡുമായതും. മമ്മൂട്ടിയുടെ തന്നെ അടുത്ത ചിത്രമായ ബസൂക്കയാണ് ഇവരുടെ അടുത്ത ചിത്രം. ചിത്രം അടുത്ത മാസം 14 റിലീസ് ചെയ്യാനിരിക്കെ പോസ്റ്ററുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Related Articles
Next Story