നിവിൻ നമ്മളുദ്ദേശിച്ച ആളല്ല സർ
നിവിൻ പോളിയുടെ ആസ്തി എത്രയെന്നു പുതിയ റിപ്പോർട്ട്
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് മലർവാടി ആർട്സ് ക്ലബിലെ പ്രകാശനിൽ തുടങ്ങി ഡിജോ ജോസ് ആന്റണിയുടെ മലയാളി ഫ്രം ഇന്ത്യ വരെ നീണ്ടു കിടക്കുന്നു നിവിൻ പോളി എന്ന നടന്റെ സിനിമ ജീവിതം. നിരവധി ശ്രദ്ധേയമായ വേഷങ്ങൾ. തട്ടത്തിൻ മറയത്തെ ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച വിനോദും, മലയാളി യുവാക്കളെ അതുപോലെ വരച്ചു കാണിച്ച വടക്കൻ സെൽഫിയിലെ ഉമേഷും, ജോർജും മലരും ചേർന്ന് മലയാളക്കരയെ ഒന്നാകെ പ്രേമത്തിലാഴ്ത്തിയതും, ഗുണ്ടകളുടെ പേടി സ്വപ്നമായ എസ് ഐ ബിജു പൗലോസ് ഒടുവിലായി എത്തിയ നിതിൻ മോളിയടക്കം പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന നിവിൻ പോളി കഥാപാത്രങ്ങളാണ്.
മലയാള ഭാഷയ്ക്ക് പുറത്തു പോയും നിവിൻ തന്റെ അഭിനയ പ്രതിഭ തെളിയിച്ചു. കുറച്ചു നാളുകൾക്ക് മുന്നേ വരെ ശരീരഭാരം വർധിച്ചതിനു ബോഡി ഷെയ്‌മിങ് നേരിട്ട നിവിൻ കളിയാക്കിയവർക്കുള്ള ചുട്ട മറുപടിയുമായിട്ടാണ് നിതിൻ മോളിയായി എത്തിയത്. മലയാള സിനിമയിലെ 14 വർഷങ്ങൾ കൊണ്ട് നിവിൻ ശതകോടികളുടെ ഉടമയായിരിക്കുന്നു.
നിവിൻ പോളി എന്ന നടന്റെ വർഷങ്ങളായുള്ള ആസ്തി എത്രയെന്നു ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയിലാണ് അത്തരമൊരു പരാമർശം വന്നിരിക്കുന്നത്. ചലച്ചിത്ര നിർമാണം, പ്രതിഫലം, ബ്രാൻഡ് പ്രൊമോഷൻ, മറ്റു വരുമാന സ്ത്രോതസുകൾ എന്നിവയിൽ നിന്നുള്ള വരുമാനം കണക്കാക്കിയാണ് റിപ്പോർട്ട്. ദാരിയാന്യൂസ് എന്ന പോർട്ടലാണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്.
നിവിൻ പോളിയുടെ ആസ്തി 150 കോടിക്കും 200 കോടിക്കും മദ്ധ്യേയെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ മാന്യമായ പ്രതിഫലം പറ്റുന്ന നടന്മാരിൽ ഒരാളാണ് നിവിൻ പോളി. വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്.