ഫഹദിനും ഒരു റോൾ ഉണ്ടായിരുന്നു, പക്ഷെ .....

'''മലയാള സിനിമ ചരിത്രത്തില്‍ ഇതുവരെ ഒരു സിനിമയും പറഞ്ഞു തീയതിയില്‍ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. എന്നാല്‍ പൈങ്കിളിയുടെ കാര്യത്തില്‍ ഞങ്ങള്‍ ആ പതിവ് തെറ്റിച്ചു'' - ശ്രീജിത്ത് ബാബു;

Update: 2025-02-14 05:03 GMT

നടന്‍ ശ്രീജിത്ത് ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൈങ്കിളി. ലോക പ്രണയ ദിനത്തില്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തുന്നുവെന്നതും ഒരു പ്രത്യേകതയാണ്. രോമാഞ്ചം, ആവേശം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിതു മാധവന്‍ രചന നിര്‍വഹിക്കുന്ന സിനിമ ഫഹദ് ഫാസിലും ജിതുവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ ശ്രീജിത്ത് ബാബു വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...

ശ്രീജിത്ത് ബാബു/ ബി.വി. അരുണ്‍ കുമാര്‍


എന്താണ് പൈങ്കിളി?

ഇതൊരു ഫാമിലി ഹ്യൂമര്‍ ഡ്രാമയാണ്. ചില ക്രഞ്ച് ഡയലോഗുകളെ എടുത്തുപറഞ്ഞുകൊണ്ടുള്ള സിനിമയാണ് ഇത്.

സിനിമയ്ക്ക് പൈങ്കിളി എന്ന പേര് കൊടുക്കാന്‍ കാരണം?

ഇതൊരു നോര്‍മല്‍ സബ്ജക്ടാണ്. പക്ഷേ ഇത് തുടക്കം മുതല്‍ അവസാനം വരെ ഹ്യൂമര്‍ നിറഞ്ഞതുമാണ്. നമ്മുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ആയ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഒക്കെ ഗുഡ്‌മോര്‍ണിംഗ് എന്നു തുടങ്ങിയുള്ള പൈങ്കിളി ഡയലോഗുകള്‍ വരില്ലേ. അത്തരം കാര്യങ്ങളെ കോര്‍ത്തിണക്കിയാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. അത്തരം കാര്യങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് പോകണമെങ്കില്‍ അതിലെ ക്യാരക്ടറും പൈങ്കിളി ആകണം. മാത്രമല്ല അത്തരത്തിലുള്ള ആള്‍ക്കാര്‍ക്ക് ഹൃദ്യമായ തരത്തിലുള്ള ഒരു ടൈറ്റില്‍ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് നമ്മള്‍ ഒരു നാടന്‍ പേര് തന്നെ സിനിമയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്.


സജിന്‍ ഗോവിനെ തന്നെ നായകനാക്കാന്‍ കാരണം

രോമാഞ്ചം സിനിമയില്‍ ഞാനും അഭിനയിച്ചിരുന്നു. ആ സമയത്ത് ഞാന്‍ സജിന്‍ ഗോപുവിനെ ഉന്നം വച്ചിരുന്നു. അവന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി എല്ലാ ഏരിയയും വഴങ്ങുന്ന ആളാണെന്ന്. ആക്ഷന്‍ ആയാലും ഹ്യൂമറായാലും തനി നാടന്‍ വേഷമായാലും സജിന്‍ ഗോപുവിന് അനായസം ചെയ്യാന്‍ സാധിക്കുമെന്ന് രോമാഞ്ചം സിനിമയുടെ സമയത്ത് തന്നെ എനിക്ക് മനസ്സിലായിരുന്നു. പക്ഷേ ആ സമയത്തൊന്നും എനിക്ക് പ്രോജക്ടുകള്‍ ഒന്നും ആയിരുന്നില്ല. ആവേശം സിനിമ ഇറങ്ങിയപ്പോള്‍ ഞാന്‍ ഉറപ്പിച്ചു ഇവനില്‍ ഒരു ഹീറോ ഉണ്ടെന്ന്. അവന്‍ എന്തിനും തയ്യാറാണ്. അതായത് ക്യാരക്റ്ററിന് വേണ്ടി തടി വയ്ക്കാന്‍ പറഞ്ഞാല്‍ അത് ചെയ്യും മെലിയാന്‍ പറഞ്ഞാല്‍ മെലിയും. സിനിമയ്ക്ക് വേണ്ടി എന്ത് എഫര്‍ട്ട് എടുക്കാനും അവന്‍ തയ്യാറാണ്. അത് വലിയൊരു സംഭവമാണ്. എല്ലാവര്‍ക്കും പറ്റുന്ന പരിപാടിയല്ല അത്. ചിലപ്പോള്‍ ഒരു സീന്‍ 10 ടേക്ക് വരെ പോയാലും അവന്‍ വീണ്ടും ഞങ്ങളോട് സഹകരിക്കും. അവന്റെ കുഴപ്പം കൊണ്ടാകില്ല അത്രയും ടേക്ക് വരുന്നത്. കൂടെയുള്ളവരുടെ ഭാഗത്ത് തെറ്റാണെങ്കിലും അവന്‍ അവരോടൊപ്പം നിന്ന് ആ ഭാഗം ഭംഗിയാക്കാന്‍ ശ്രമിക്കും. അത് അവന്റെ ഒപ്പം അഭിനയിക്കുന്ന ആള്‍ക്കാര്‍ക്കും വളരെ എളുപ്പമാണ്. സാധാരണ സിനിമയില്‍ ഇങ്ങനെ ആരും ചെയ്തു കൊടുക്കാറില്ല. സജിന്‍ ഗോപുവിനെ സംബന്ധിച്ച് അവന് എപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കണം. അതു മാത്രമേ അവന്റെ മനസ്സിലുള്ളൂ.


പൈങ്കിളിയിലേക്ക് എത്രനാള്‍ എടുത്തു എത്താന്‍ ?

ഈ സിനിമയ്ക്ക് അധികനാളൊന്നും എടുത്തിട്ടില്ല. എന്റെ മനസ്സില്‍ ഒരു ഐഡിയ ഉണ്ടായിരുന്നു. അത് ഞാന്‍ ജിതു മാധവനുമായി സംസാരിച്ചിരുന്നു. അന്ന് അവന്‍ പറഞ്ഞത് അതിന്റെ ഒരു പോയിന്റ് വരട്ടെ. അന്ന് നമുക്കിത് ഡെവലപ്പ് ചെയ്യാം എന്നാണ്. അങ്ങനെ കാത്തിരിക്കുമ്പോഴാണ് ആവേശം സിനിമ ഇറങ്ങുന്നത്. ആവേശം കഴിഞ്ഞപ്പോള്‍ ജിതു മാധവന്‍ പറഞ്ഞു, ചേട്ടാ അന്ന് പറഞ്ഞ കഥ ഞാന്‍ എഴുതിയിട്ടുണ്ട്. നമുക്കിത് ചെയ്യാം. ആസ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചു നോക്കിയപ്പോള്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്ന സാഹചര്യവുമായി പൊരുത്തപ്പെടുന്ന ഒന്നാണെന്ന് മനസ്സിലായി. ഇല്ലെങ്കില്‍ നമ്മള്‍ ഈ പ്രൊജക്റ്റിലേക്ക് എത്തില്ലായിരുന്നു.


അതുപോലെതന്നെ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ സിനിമയ്ക്ക്. മലയാള സിനിമ ചരിത്രത്തില്‍ ഇതുവരെ ഒരു സിനിമയും പറഞ്ഞു തീയതിയില്‍ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. എന്നാല്‍ പൈങ്കിളിയുടെ കാര്യത്തില്‍ ഞങ്ങള്‍ ആ പതിവ് തെറ്റിച്ചു. പറഞ്ഞ തീയതിയില്‍ തന്നെ ഷൂട്ടിംഗ് ആരംഭിച്ച ആദ്യ സിനിമ കൂടിയാണ് പൈങ്കിളി. ജൂണ്‍ പത്തിന് സിനിമ ഷൂട്ടിംഗ് ആരംഭിക്കും എന്ന് ഞങ്ങള്‍ ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ആ ദിവസം തന്നെ സിനിമ ഷൂട്ടിങ്ങും തുടങ്ങി. ആദ്യമായിട്ടാണ് പറഞ്ഞ രീതിയില്‍ തന്നെ ഷൂട്ടിങ് ആരംഭിക്കുന്ന ഒരു സിനിമ വരുന്നത്. എല്ലാം വളരെ പെട്ടെന്നായിരുന്നു.

ആഷിക് അബു, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ആയി അസോസിയേറ്റ് ചെയ്ത ആളാണ് താങ്കള്‍. അവരില്‍ നിന്നും എന്തൊക്കെ ഗുണപാഠങ്ങളാണ് കിട്ടിയത്?

ഒരുപാട് ഗുണങ്ങളാണ് എനിക്ക് ഉണ്ടായത്. ഇവരെല്ലാവരും വ്യത്യസ്തമായ രീതിയിലാണ് സിനിമകള്‍ എടുത്തിട്ടുള്ളത്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ് എന്റെ സിനിമ. ഇവര്‍ക്കെല്ലാം ആര്‍ട്ടിസ്റ്റുകളെ പെര്‍ഫോം ചെയ്യിക്കുന്ന ഒരു രീതിയുണ്ട് . അതൊക്കെ എനിക്ക് എന്റെ സ്വതന്ത്രമായ സിനിമയില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഏതൊരാളെയും പെര്‍ഫോം ചെയ്ത് അതിനെ ഗംഭീരമാക്കുന്നതില്‍ ദിലീഷ് പോത്തന് പ്രത്യേക കഴിവുണ്ട്. ഏതൊരു സാധാരണക്കാരനെ കൊണ്ടും അദ്ദേഹത്തിന് പെര്‍ഫോം ചെയ്യിക്കാന്‍ സാധിക്കും. ഇപ്പോള്‍ ഒരു ക്യാരക്ടര്‍ നല്‍കിയാല്‍ അത് ചെയ്യാന്‍ പറ്റില്ല എന്ന് പറയുന്ന ഒരാളെക്കൊണ്ടുതന്നെ അതിനെ ഗംഭീരമാക്കാന്‍ പോത്തനെ കൊണ്ട് സാധിക്കും. നമ്മള്‍ അദ്ദേഹത്തിന്റെ അടുത്ത് എത്തിയാല്‍ മാത്രം മതി. ബാക്കി കാര്യം അദ്ദേഹം നോക്കിക്കോളും. നമ്മള്‍ തന്നെ ഞെട്ടിപ്പോകും അത്തരത്തിലാണ് അദ്ദേഹത്തിന്റെ കഴിവ്. ഞാന്‍ തന്നെയാണോ ആ ക്യാരക്ടര്‍ ചെയ്തത് എന്ന സംശയം തോന്നിപ്പോകുമാറാണ് അദ്ദേഹം പെര്‍ഫോം ചെയ്യിപ്പിക്കുന്നത്. അത് ദിലീഷ് പോത്തന്റെ മാജിക്കാണ്. ആ മാജിക് അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.


ഫെബ്രുവരി 14 റിലീസിനായി തിരഞ്ഞെടുക്കാന്‍ കാരണം?

നമുക്ക് നേരത്തെ ഒരു പ്ലാന്‍ ഉണ്ടായിരുന്നു. എല്ലാം ഒക്കെ ആവുകയാണെങ്കില്‍ ഫെബ്രുവരി 14ന് തന്നെ റിലീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്തോ ഭാഗ്യത്തിന് എല്ലാം ഭംഗിയായി നടന്നു.

രോമാഞ്ചം, ആവേശം, ഇപ്പോള്‍ പൈങ്കിളി വരെ എത്തിനില്‍ക്കുന്ന ഈ കൂട്ടുകെട്ടിനെ കുറിച്ച്?

ഞങ്ങളുടെ ഈ കൂട്ടുകെട്ട് പോസിറ്റീവ് എനര്‍ജിയാണ്. കൂടെയുള്ള എല്ലാവര്‍ക്കും അവരുടെ സിനിമ എന്ന തരത്തിലാണ് ഞങ്ങളോടൊപ്പം വര്‍ക്ക് ചെയ്തത്. പൈങ്കിളി എന്നത് ഒരു കൂട്ടായ്മയുടെ സിനിമയാണ്. തുടര്‍ന്ന് അങ്ങോട്ടും ഈ കൂട്ടുകെട്ടില്‍ സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. കാരണം എല്ലാവരും ഒരേ മനസ്സോടുകൂടി പ്രവര്‍ത്തിക്കുന്നവരാണ്. സാധാരണ ഒരു സിനിമയില്‍ നായകനെ വണ്ടി അയച്ച ലൊക്കേഷനിലേക്ക് കൊണ്ടുവരും. കൂടെ അഭിനയിക്കുന്ന ആള്‍ക്കാരെയും അത്തരത്തില്‍ ലൊക്കേഷനിലേക്ക് എത്തിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ അങ്ങനെ ആയിരുന്നില്ല. ഇതിലെ നായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ലൊക്കേഷനില്‍ എത്തും. എന്നിട്ട് കൂടെ അഭിനയിക്കാനുള്ള ആരെയെങ്കിലും മിസ്സ് ആയാല്‍ അവര്‍ തന്നെ അത് ഓര്‍മ്മപ്പെടുത്തി അവരെ വിളിപ്പിക്കും. നായകന്‍ തന്നെ കൂടെ അഭിനയിക്കുന്ന ആള്‍ക്കാരെ വിളിച്ച സംഭവവും ഉണ്ട്. ഡാ നീ വരുന്നില്ലേ ഞാന്‍ ലൊക്കേഷനില്‍ എത്തി. നീയും ഞാനുമുള്ള കോമ്പിനേഷന്‍ സീന്‍ ഉണ്ടല്ലോ. വരുന്നില്ലേ എന്നൊക്കെ ചോദിച്ച സന്ദര്‍ഭങ്ങളും ഉണ്ട്. അവര്‍ പരസ്പരം കോഡിനേറ്റ് ചെയ്ത സന്ദര്‍ഭങ്ങള്‍ ആയിരുന്നു അത്. അങ്ങനെ ഈ സിനിമയിലെ എല്ലാവരും അവരുടെ സിനിമയാണെന്നാണ് കണ്ടിട്ടുള്ളത്. ഈ സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പുതിയ ആളാണ്. വിമല്‍ എന്നാണ് പേര്. പുള്ളിയുടെ ആദ്യ പടമാണിത്. ഷൂട്ടിംങ് വലിയ വിജയമാക്കി തീര്‍ക്കുന്നതില്‍ അദ്ദേഹത്തിന്റെ വലിയ പങ്കുണ്ട്.

ജിതു മാധവനുമായുള്ള സൗഹൃദം?

ഗപ്പി എന്ന സിനിമ മുതല്‍ ഞാനും ജിതുവുമായി ഒരുമിച്ചു വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതാണ്. അന്നുമുതലേ ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചാണ് സിനിമയിലെ യാത്രകള്‍ നടത്തിയിട്ടുള്ളത്.


സഹ സംവിധായകനില്‍ നിന്നും സ്വതന്ത്ര സംവിധായകനിലേക്ക് എത്തിനില്‍ക്കുമ്പോള്‍ വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയിട്ടുണ്ടോ?

എല്ലാവര്‍ക്കും ഒരു കഥ ഉണ്ടാകുമല്ലോ. അതുപോലെ എനിക്കും ഒരു ഭീകര കഥയുണ്ട്. അതിപ്പോള്‍ പറഞ്ഞാല്‍ ഒരു പക്ഷേ ക്ലീഷേ പരിപാടി ആയിപ്പോകും. എല്ലാവര്‍ക്കും ഒരു കഥയുണ്ടാകുമെന്നതുപോലെ ഒരു കഥ എനിക്കുമുണ്ട് എന്ന് മാത്രം. സിനിമയില്‍ അഭിനയിക്കാന്‍ വരുന്നവര്‍ക്ക് ആയാലും സംവിധാനം ചെയ്യാന്‍ വരുന്നവര്‍ക്ക് ആയാലും ഒരു ബാഗ്രൗണ്ട് ഉണ്ടാവും. പലര്‍ക്കും പലതരത്തിലാണ് ആ കഥകള്‍. ഞാന്‍ അതൊക്കെ പറഞ്ഞാല്‍ നേരത്തെ പറഞ്ഞതുപോലെ ക്ലീഷേ പരിപാടിയായി പോകും. പലര്‍ക്കും പോസിറ്റീവായും നെഗറ്റീവ് ആയും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവും. ഒരിക്കലും മുന്നോട്ടുള്ള പ്രയാണത്തില്‍ നെഗറ്റീവ് കാര്യങ്ങളെ ഓര്‍ക്കാന്‍ ആരും ആഗ്രഹിക്കില്ല. അതിനാല്‍ കൂടുതലൊന്നും പറയുന്നില്ല.


പൈങ്കിളിയുടെ ഷൂട്ടിംഗ് സമയത്ത് വൈകാരികമായ എന്തെങ്കിലും ഒരു സംഭവം ഉണ്ടായിട്ടുണ്ടോ?

ഈ സിനിമയില്‍ ഒരു പാട്ട് ഷൂട്ട് ചെയ്ത സമയത്ത് എനിക്ക് അങ്ങനെ ഒരു ഫീല്‍, അതായത് വൈകാരികമായ ഫീല്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഒരു പാട്ടിനായി നമ്മള്‍ പലപല ലൊക്കേഷനുകളാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ആ പാട്ട് സീന്‍ ഒറ്റ ലൊക്കേഷനില്‍ തന്നെ പൂര്‍ണമായും ചിത്രീകരിക്കാന്‍ സാധിച്ചു. ഒരു ഫാന്റസി ലെവലിലാണ് അത് ചെയ്തത്. വേറെ രീതിയിലായിരുന്നു അത് പ്ലാന്‍ ചെയ്തത്. എന്നാല്‍ അത്രയ്ക്ക് റിസ്‌ക് ഒന്നും എടുക്കാതെ ഒറ്റ ലൊക്കേഷനില്‍ തന്നെ കാര്യങ്ങള്‍ ഗംഭീരമാക്കി ചെയ്യാന്‍ സാധിച്ചു. ലൊക്കേഷനില്‍ ചെന്നശേഷം പെട്ടെന്ന് ആലോചിച്ചതാണ് ആ ഒരു തീരുമാനം. എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. ഒരേ ലൊക്കേഷനില്‍ തന്നെ ആ പാര്‍ട്ടി സീന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകന് മടുപ്പ് ഉണ്ടാകുമോ എന്നതായിരുന്നു ആ പേടി. ഒരു വീടിന് ചുറ്റിപ്പറ്റി നില്‍ക്കുന്നതാണ് ആ പാട്ട്. അതുകൊണ്ടാണ് പല ലൊക്കേഷനുകളിലായി ഷൂട്ട് പ്ലാന്‍ ചെയ്തത്. എന്നാല്‍ പെട്ടെന്നാണ് പ്ലാന്‍ മാറ്റിയത്. അത് ചെയ്തു കഴിഞ്ഞപ്പോള്‍ മനസ്സിലായി കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന് ഒരിക്കലും ഒരു മടുപ്പും തോന്നില്ലെന്ന്.

ഫഹദ് ഫാസിലുമായുള്ള ഫ്രണ്ട്ഷിപ്പ് എങ്ങനെയാണ്?

മഹേഷിന്റെ പ്രതികാരം മുതല്‍ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതാണ്. ആ യാത്ര ആവേശം വരെ എത്തിനില്‍ക്കുന്നു. അദ്ദേഹം കൂടുതലും ഹ്യൂമര്‍ ആസ്വദിക്കുന്ന ആളാണ്. അത്തരത്തിലുള്ള ഒരു കഥയാണ് പൈങ്കിളിയും പറയുന്നത്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടമായി. ഫഹദ് കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സിനിമയാണ് ഇത്. ഞാന്‍ കുട്ടിക്കാലം മുതലേ മിമിക്രി കളിച്ചു വന്ന ആളാണ്. പ്രൊഫഷണല്‍ ടീമുകളില്‍ ഒന്നും കളിച്ചിട്ടില്ല എന്നേയുള്ളൂ. അന്നുമുതലേ ഹ്യൂമറിനോട് എനിക്കും ഏറെ താല്‍പര്യമുള്ള മേഖലയാണ്. പ്രിയദര്‍ശന്‍ സാറിന്റെയും ശ്രീനിയേട്ടന്റെയും സിനിമകളൊക്കെ എന്റെ കുട്ടിക്കാലത്തെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. നമ്മള്‍ ഒരു എന്റര്‍ടൈനര്‍ ആണ്. അപ്പോള്‍ എന്നെപ്പോലെ ഒരാള്‍ സിനിമ എടുക്കുമ്പോള്‍ അത്തരത്തിലുള്ള ഒരു സിനിമയായിരിക്കും മറ്റുള്ളവരും പ്രതീക്ഷിക്കുക. രണ്ടു മണിക്കൂര്‍ തിയറ്ററില്‍ വന്ന് സിനിമ കാണണം. വരുന്നവരെ ബോറടിപ്പിക്കാതെ ചിരിപ്പിക്കുക എന്നതാണ് എന്റെ ദൗത്യം. ഒരു ടെന്‍ഷനും കൂടാതെ സിനിമ ആസ്വദിക്കാന്‍ പറ്റണം. അതായിരുന്നു എന്റെ മനസ്സിലും ഉണ്ടായിരുന്നത്. കഥ കേട്ടപ്പോള്‍ ഫഹദിനും ഇഷ്ടപ്പെട്ടു. അങ്ങനെ ഈ സിനിമ ചെയ്യാമെന്ന് അവന്‍ ഏറ്റു.

പൈങ്കിളിയില്‍ ഫഹദിന് അഭിനയിക്കണമെന്ന് തോന്നിയില്ലേ ?

സത്യത്തില്‍ ഈ സിനിമയില്‍ ഫഹദിനെ അഭിനയിപ്പിക്കാന്‍ ആയിരുന്നു തീരുമാനം. അദ്ദേഹം ഓക്കേ പറഞ്ഞതാണ്. നായകനായിട്ടല്ല. ഒരു ഗസ്റ്റ് അപ്പീറന്‍സിലെങ്കിലും ഫഹദിനെ അഭിനയിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്ക് കാരണം അതിനു സാധിച്ചില്ല.


സജിന്‍ ഗോപു-അനശ്വര രാജന്‍ കോമ്പോ എങ്ങനെയുണ്ട്

അവര്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. രണ്ടുപേരും ഗംഭീരമായി തന്നെ ഈ സിനിമയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്.


സംവിധാനമായിരുന്നോ ലക്ഷ്യം?

അഭിനയമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇപ്പോഴും ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മിമിക്രി ആര്‍ട്ടിസ്റ്റായിരുന്നുവെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. അപ്പോള്‍ സ്വാഭാവികമായും അഭിനയം തന്നെയായിരിക്കും മനസിലുണ്ടാവുക. അഭിനയിച്ചു തുടങ്ങിയപ്പോള്‍ സിനിമയിലെ മറ്റു മേഖലയെ കുറിച്ച് പഠിക്കണമെന്ന് ആഗ്രഹം തോന്നി. സംവിധാനം തന്നെ നോക്കാമെന്ന് ഞാന്‍ കരുതി. അങ്ങനെയാണ് അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തത്. അഭിനയം മാത്രമല്ല സംവിധാനം എന്താണെന്നു കൂടി അറിയണമെന്ന ആഗ്രഹമാണ് എന്നെ ഇതിലേക്ക് എത്തിച്ചത്. സംവിധാനം എന്താണെന്ന് മനസിലാക്കിയിട്ട് അഭിനയിക്കുന്നതും ഒന്നും അറിയാതെ അഭിനയിക്കുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. അങ്ങനെ ഞാന്‍ പന്ത്രണ്ടോളം സിനിമകളില്‍ അസിസ്റ്റന്റായും ചീഫ് അസോസിയേറ്റായും വര്‍ക്ക് ചെയ്തു.

സംവിധാനത്തില്‍ നിന്നും പഠിച്ചത് എന്താണ്?

ഓരോ സീനും എങ്ങനെയാണ് അതിന്റെ തുടര്‍ച്ചയായി ചെയ്യുന്നതെന്നും ഓരോ ഷോട്ടുകളും എങ്ങനെയാണ് കണക്റ്റ് ചെയ്യുന്നതെന്നും് കൃത്യമായി മനസിലാക്കി. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ഇതില്‍ നിന്നും മനസിലാക്കിയിട്ടുണ്ട്.

സംവിധാനമാണോ, അഭിനയമാണോ ഏറ്റവും എളുപ്പം?

രണ്ടും വലിയ പാടാണ്. പലരും പറയും അഭിനയം വളരെ എളുപ്പമാണെന്ന്. എന്നാല്‍ ഒരിക്കലും അങ്ങനെയല്ല. നമ്മള്‍ നന്നായിട്ട് ചെയ്താല്‍ മാത്രമേ സിനിമാക്കാര്‍ പിന്നെയും വിളിക്കുകയുള്ളു. എല്ലാ കാരക്റ്ററുകളും ഒരുപോലെ ഇരുന്നാല്‍ കാര്യമില്ല. പിന്നെ ആരും നമ്മളെ വിളിക്കില്ല. നൂറു പടങ്ങളില്‍ അഭിനയിക്കുന്നതിലല്ല കാര്യം. നല്ല കാരക്റ്ററുകള്‍ നോക്കി നമ്മളാല്‍ കഴിയുന്ന രീതിയില്‍ വ്യത്യസ്തമായ ലുക്കിലോ എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നതിലാണ് കാര്യം. എനിക്ക് കിട്ടിയിരിക്കുന്ന കാരക്റ്റുകളെല്ലാം സീരിയസ് കഥാപാത്രങ്ങളാണ്. അതില്‍ നിന്നും ഒരു മാറ്റമുണ്ടാകണമെന്ന ആഗ്രഹം എനിക്കുണ്ട്. അതായത് നന്നായി ഇളകി പെര്‍ഫോം ചെയ്യുന്ന ഒരു കാരക്റ്റര്‍ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്.


സ്വന്തം സംവിധാനത്തിലെ സിനിമ തിയേറ്ററിലേക്കെത്തിക്കുമ്പോള്‍ എന്ത് തോന്നുന്നു?

ഇതൊരു കൂട്ടായ്മയുടെ സിനിമയാണ്. എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചിട്ടുള്ളവരുടെ സിനിമ എന്നുതന്നെ പറയാം. പിന്നെ ആദ്യ സ്വതന്ത്ര സംവിധാനത്തില്‍ ഇറങ്ങുന്ന സിനിമ തിയേറ്ററിലേക്കെത്തുന്നു എന്നു പറയുമ്പോള്‍ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടാകുമല്ലോ. അതേ ഫീലാണ് എനിക്കും.


ശ്രീജിത്തിന്റെ സംവിധാനത്തിന് ജിതു മാധവന്റെ സപ്പോര്‍ട്ട് എത്രത്തോളം ഉണ്ടായിരുന്നു?

സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കുന്നതുവരെ അവന്‍ എന്റെകൂടെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. പണ്ടുമുതലേ ഞാന്‍ അവനോടു പറയുമായിരുന്നു, ദിലീഷ് പോത്തേട്ടന്‍ സംവിധാനം ചെയ്യുമ്പോള്‍ ശ്യാം പുഷ്‌കര്‍ മുഴുവന്‍ സമയവും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. എന്റെ ഒരു ആഗ്രഹമാണ്. ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മുഴുവന്‍ സമയവും ജിതു കൂടെയുണ്ടെങ്കില്‍ സന്തോഷം... എന്റെ ആഗ്രഹത്തിനൊത്ത് അവന്‍ നിന്നു. മുഴുവന്‍ സമയവും ജിതു എന്റെകൂടെ ഉണ്ടായിരുന്നു. നല്ല സപ്പോര്‍ട്ടായിരുന്നു. നമുക്ക് എവിടെയെങ്കിലും ഒന്നു പാളിപ്പോയാല്‍ അവിടെ കൃത്യമായി ജിതു ഇടപെട്ടിട്ടുണ്ട്. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അവന്‍ നല്‍കിയിട്ടുണ്ട്.

ജിതു മാധവനില്‍ താങ്കള്‍ കാണുന്ന പ്രത്യേകത എന്താണ്?

അദ്ദേഹം അധികം വാചാലനല്ല. സൈലന്റാണ്. ഒന്നും അതിഭാവമെടുത്ത് പറയില്ല. പക്ഷേ അതൊക്കെ പ്രവൃത്തിയിലൂടെ നമുക്ക് കാണിച്ചുതരും. അതൊന്നും നമുക്ക് മുന്‍കൂട്ടി പറയാനാകില്ല. ഒരു സ്‌ക്രിപ്റ്റ് നേരത്തെ എഴുതിയാണ് സിനിമ ചെയ്യുന്നത്. പക്ഷേ ലൊക്കേഷനിലെത്തുമ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ജിതുവിനെ സംബന്ധിച്ച് അത്തരം മാറ്റങ്ങള്‍ വരുത്താന്‍ വലിയ പ്രയാസമൊന്നുമില്ല. അതെല്ലാം ഒന്നിനൊന്നു മെച്ചമായിരിക്കും. അതുകൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത്, അദ്ദേഹം സൈലന്റാണെങ്കിലും നമ്മള്‍ കരുതുന്നതിനേക്കാള്‍ വലിയ ലെവലിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന്. ഡയലോഗുകളൊക്കെ ചിലപ്പോള്‍ ലൊക്കേഷനിലെത്തുമ്പോള്‍ മാറ്റങ്ങള്‍ വരാറുണ്ട്. അതെല്ലാം സ്‌പോട്ടില്‍ തന്നെ ചെയ്യാനുള്ള അസാമാന്യ കഴിവുണ്ട് ജിതുവിന്. സ്‌പോട്ടാണ് പുള്ളിയുടെ മെയിന്‍ ഐറ്റം.

സംവിധാനമാണോ മുന്നോട്ടുള്ള ലക്ഷ്യം?

നമ്മുടെ ടീമിനൊപ്പം നില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം. സംവിധാനം ചെയ്യുന്നതിനുള്ള പുതിയ കഥകള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. അതുകൂടാതെ അഭിനയം ഇതിനൊപ്പം ചെയ്യുന്നുണ്ട്. അതിനാല്‍ സംവിധാനം മാത്രമാണ് ലക്ഷ്യമെന്നൊന്നും പറയാനാകില്ല.


മിമിക്രി ജീവിതത്തെ കുറിച്ച് പറയാമോ?

ഞാന്‍ പ്രൊഫഷണല്‍ ടീമുകളോടൊപ്പമൊന്നും മിമിക്രി ചെയ്തിട്ടില്ല. നമ്മുടെ നാട്ടിലൊക്കെ ചെയ്യാറുള്ളതുപോലെ ചെയ്തിട്ടുണ്ടെന്നേയുള്ളു. എന്നിരുന്നാലും ഒരാളെപ്പോലും ഇതുവരെ അനുകരിച്ചിട്ടില്ല. സ്‌കിറ്റായിരുന്നു എന്റെ മെയിന്‍ ഐറ്റം. പ്രാക്റ്റീസ് ചെയ്തിരുന്നെങ്കില്‍ അനുകരണം എനിക്കു പിടിക്കാന്‍ പറ്റുന്ന മേഖലയായിരുന്നു. എന്നാല്‍ കുട്ടിക്കാലം മുതലേ അതിലേക്കു ഞാന്‍ തിരിഞ്ഞില്ല.

വീട്ടുകാരുടെ സപ്പോര്‍ട്ട്?

എല്ലാ വീട്ടുകാര്‍ക്കും ഉള്ളതുപോലെയുള്ള പേടി എന്റെ വീട്ടുകാര്‍ക്കും ഉണ്ടായിരുന്നു. അതായത്, ഞാന്‍ കുറേ നാളായി സിനിമയുടെ പുറകേ ആയിരുന്നു. എന്താകും ഏതാകും എന്ന പേടിയായിരുന്നു അവര്‍ക്ക്. വീട്ടില്‍ നിന്നുകൊണ്ട് ചാന്‍സ് ചോദിച്ചാല്‍ ഒരുപക്ഷേ അവസരം കിട്ടില്ലെന്ന് ഞാന്‍ മനസിലാക്കി. അങ്ങനെ ഞാന്‍ ബാംഗ്ലൂരിലേക്കു പോയി. അവിടെ പോയില്ലായിരുന്നുവെങ്കില്‍ എന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് ഗള്‍ഫിലേക്ക് വിടുമായിരുന്നു. ഇതു മനസിലാക്കിയാണ് സിനിമാ മോഹം ഉള്ളിലുള്ളതുകൊണ്ട് ബാംഗ്ലൂരിലേക്കു പോയത്. അവിടെ സുഹൃത്തുക്കളോടൊപ്പം കൂടി. ബാംഗ്ലൂരില്‍ നിന്നുകൊണ്ട് ഞാന്‍ അവസരങ്ങള്‍ കണ്ടെത്തുകയായിരുന്നു. ആദ്യം ഞാന്‍ പോയത് ഏഷ്യാനെറ്റ് ചാനലിലാണ്. പ്രോഗ്രാം പ്രൊഡ്യൂസറുടെ അസിസ്റ്റന്റായി ഞാന്‍ ജോലിക്കു കയറി. അവരുടെ സന്‍മനസുള്ളവര്‍ക്ക് സമാധാനം എന്ന സീരിയലിലാണ് ആദ്യമായി വര്‍ക്ക് ചെയ്തത്. ആ സീരിയലില്‍ മിക്ക എപ്പിസോഡുകളിലും ഞാനുണ്ടായിരുന്നു.


വീട്ടില്‍ ആര്‍ക്കെങ്കിലും കലാപരമായി അടുപ്പമുള്ളവരുണ്ടോ?

അച്ഛന്‍ മുമ്പ് നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. പക്ഷേ പ്രൊഫഷണലായിരുന്നില്ല. ഞാന്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന കാലത്ത് അച്ഛന്റെ കുടുംബ വീട്ടില്‍ ചെല്ലുമ്പോള്‍ മികച്ച അഭിനേതാവിന് ലഭിച്ച പുരസ്‌കാരങ്ങളൊക്കെ കണ്ടിട്ടുണ്ട്. അന്ന് സമ്മാനമായി കൊടുത്തത് കൂജ ആയിരുന്നു. അതൊക്കെ കാണുമ്പോള്‍ എനിക്ക് കൗതുകം തോന്നിയിട്ടുണ്ട്. അങ്ങനെയൊരു പശ്ചാത്തലമുണ്ട്.


ബാംഗ്ലൂര്‍ ജീവിതം എങ്ങനെയുണ്ടായിരുന്നു?

സുഹൃത്തുക്കളോടൊപ്പമായിരുന്നു ഞാന്‍ അവിടെ കഴിഞ്ഞിരുന്നത്. മനസ് മുഴുവനും സിനിമയായിരുന്നു. ഉടല്‍ മാത്രമായിരുന്നു ബാംഗ്ലൂരില്‍. രാവിലെ മുതല്‍ ഓരോ സംവിധായകരെയും വിളിച്ച് അവസരം ചോദിക്കുകയായിരുന്നു എന്റെ പണി. അങ്ങനെ കുറി വീണത് ഏഷ്യാനെറ്റിലേക്കാണ്. അവിടെയെങ്കില്‍ അവിടെ എന്നു പറഞ്ഞ് ഞാന്‍ ഏഷ്യാനെറ്റിലേക്കെത്തി. അവിടെവച്ച് സിനിമയില്‍ അസി. ഡയറക്ടറായിരുന്ന കെ.ജെ. വിനയന്‍ എന്നയാളെ പരിചയപ്പെട്ടു. അദ്ദേഹം വഴിയാണ് ഞാന്‍ സിനിമയിലേക്കെത്തിയത്.

കുടുംബം

കൊട്ടാരക്കര മേലിലയാണ് എന്റെ സ്വദേശം. ഡൈന എന്നാണ് എന്റെ ഭാര്യയുടെ പേര്. ഞാന്‍ അവസരങ്ങള്‍ ചോദിച്ചു പോകുമ്പോഴും അതു നടക്കാതെ വരുമ്പോഴും മുന്നോട്ടു പോകാനുള്ള പ്രചോതനം നല്‍കിയത് എന്റെ ഭാര്യയാണ്. കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന ഒരാളാണ് എന്റെ ഭാര്യ.

Tags:    

Similar News