ബോളിവുഡ് നിർമ്മാതാക്കൾക്ക് ''തലച്ചോർ'' ഇല്ല, മുംബൈ വിട്ടു സൗത്ത് ഇന്ത്യൻ സിനിമകളിലേയ്ക്ക് വരാൻ ഒരുങ്ങി അനുരാഗ് കശ്യപ്
ആഷിക് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് രംഗ പ്രവേശനം നടത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഗംഭീര അഭിപ്രയമാണ് ചിത്രത്തിനും അനുരാഗ് കശ്യപിന്റെ പ്രകടനത്തിനും ലഭിക്കുന്നത്. ഈ വർഷം തമിഴിൽ നിന്നെത്തി വലിയ തോതിൽ നിരൂപക പ്രശംസ നേടിയ മഹാരാജ എന്ന ചിത്രത്തിലും അനുരാഗ് കശ്യപ് ഗംഭീര പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.
അടുത്ത ദിവസം നടത്തിയ അഭിമുഖത്തിൽ ഹിന്ദി സിനിമയോടുള്ള അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് അനുരാഗ് കശ്യപ് . ഹിന്ദി സംവിധായകർക്ക് പുഷ്പ 2: ദ റൂൾ പോലെയുള്ള എന്തെങ്കിലും സിനിമ നിർമ്മിക്കാനുള്ള 'തലച്ചോർ' ഇല്ലെന്ന് എന്ന് അനുരാഗ് കശ്യപ് പറയുന്നു. ഹിന്ദി സിനിമാ വ്യവസായം ഇപ്പോൾ റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അനുരാഗ് പറഞ്ഞു.
"അവർക്ക് ഒന്നും മനസ്സിലാകുന്നില്ല. അവർക്ക് ഒരു പുഷ്പ പോലും ഉണ്ടാക്കാൻ കഴിയില്ല. അവർക്ക് കഴിയില്ല, കാരണം അവർക്ക് ഒരു സിനിമ നിർമ്മിക്കാനുള്ള തലച്ചോറില്ല. സിനിമാനിർമ്മാണം എന്താണെന്ന് അവർക്ക് മനസ്സിലാകുന്നില്ല. സുകുമാറിന് മാത്രമേ പുഷ്പയെ നിർമ്മിക്കാനാവൂ. ദക്ഷിണേന്ത്യയിൽ, അവർ സിനിമാ നിർമ്മാതാക്കളിൽ നിക്ഷേപിക്കുകയും സിനിമ നിർമ്മിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇവിടെ, എല്ലാവരും ഒരു യൂണിവേഴ്‌സ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അവരുടെ സ്വന്തം പ്രപഞ്ചം അവർ മനസ്സിലാക്കുന്നുണ്ടോ, അതിൽ അവർ എത്രമാത്രം നിസ്സാരരാണ്? അതാണ് ഈഗോ. അവർ ഒരു യൂണിവേഴ്‌സ് സൃഷ്ടിക്കുമ്പോൾ, ദൈവമാണെന്ന് സ്വയം കരുതുന്നു, എന്നും അനുരാഗ് കശ്യപ് പറയുന്നു.
അധികം വൈകാതെ ബോളിവുഡ് വിട്ടു സൗത്ത് ഇന്ത്യൻ സിനിമകളിലേക്ക് എത്തുമെന്നും അനുരാഗ് കശ്യപ് പറയുന്നു. അതിനായി മുംബൈ വിട്ടു മാറി നിൽക്കുമെന്നും അനുരാഗ് കശ്യപ് പറഞ്ഞു. രാഹുൽ ഭട്ട്, സണ്ണി ലിയോണി എന്നിവർ പ്രധാന വേഷങ്ങയിൽ എത്തിയ കെന്നഡി എന്ന ചിത്രമാണ് അനുരാഗ് കശ്യപ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.