ഹോമോഫോബിയയെ മാറ്റി നിർത്തിയ കാതൽ അംഗീകരിക്കപ്പെടുന്നു

kathal the core

By :  Aiswarya S
Update: 2024-08-16 09:36 GMT

കേരളത്തിന്റെ സ്വകാര്യ അഭിമാനമായ മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ അവഹേളനങ്ങൾ ഏറ്റുവാങ്ങിയത് പോലെ മുഖ്യധാരാ നടന്മാരൊന്നും അടുത്ത കാലത്ത് അപമാനിക്കപ്പെട്ടിട്ടുണ്ടാകില്ല. ജിയോ ബേബിയുടെ കാതലിന് മുമ്പ് സ്വവർഗാനുരാഗം മലയാള സിനിമകളിൽ പ്രതിപാദിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചു കൊണ്ട് ഗേ പ്രണയവും അവർ അനുഭവിക്കുന്ന ആന്തരിക-ബാഹ്യ സംഘർഷങ്ങളെയും ചർച്ചയാക്കാൻ കാതലിന് സാധിച്ചു. ഇപ്പോൾ സംസ്ഥാന പുരസ്‌കാരങ്ങൾ വാരിക്കൂട്ടുന്നതിലൂടെ സിനിമയും സിനിമയുടെ പ്രമേയവും ഒരിക്കൽ കൂടി അംഗീകരിക്കപ്പെടുകയാണ്.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം, നിശബ്ദമായി തന്റെ പ്രണയം അവതരിപ്പിച്ച തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോഴിക്കോടിനുള്ള പ്രത്യേക ജൂറി പരാമർശം, മാത്യൂസ് പുളിക്കലിനുള്ള മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള പുരസ്‌കാരം എന്നിവ ലഭിക്കുന്നതോടെ വിമർശനങ്ങൾക്കും ഹോമോഫോബിയക്കും കേരളത്തിൽ പ്രോത്സാഹനമില്ലെന്ന് ഉറപ്പിക്കുകയാണ്

മാത്യു ദേവസി എന്ന കഥാപാത്രത്തിലൂടെ ഒരു പുതിയ പരീക്ഷണത്തിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ മമ്മുട്ടി. കതലിലെ മാത്യു ദേവസിയിലൂടെ മമ്മുട്ടി മലയാളത്തിന് സമ്മാനിച്ചത് മികച്ച കഥാപാത്രം മാത്രമായിരുന്നില്ല, മികച്ച സിനിമ കൂടിയായിരുന്നു.

മഴയുടെ പശ്ചാത്തലത്തിൽ തങ്കന്റെയും മാത്യുവിന്റെയും നിശബ്ദമായ പ്രണയം അവതരിപ്പിക്കാനുള്ള ജിയോ ബേബിയുടെ ധൈര്യത്തിനുള്ള കയ്യടി കൂടിയാണ് സംസ്ഥാന പുരസ്‌കാരത്തിലൂടെ ലഭിച്ചിരിക്കുന്നത്. സ്വവർഗ പ്രണയം ചർച്ച ചെയ്യുമ്പോൾ വ്യക്തികളിലേക്ക് മാത്രം ഒതുങ്ങുന്നതിൽ നിന്നും വ്യക്തികളോടൊപ്പം അവരോടൊപ്പം ജീവിക്കുന്ന പങ്കാളികളെയും എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ നേർ ചിത്രമായിരുന്നു സിനിമ പ്രേക്ഷകർക്ക് നൽകിയത്. ഒരു കുടുംബമെങ്ങനെയാണ് ഹോമോസെക്ഷ്വൽ മനുഷ്യരെ തളച്ചിടുന്നതെന്നതിന്റെ ഉദാഹരണവും കാതൽ മുന്നോട്ട് വെക്കുകയായിരുന്നു. ദാമ്പത്യ ജീവിതത്തിൽ അവർ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്‌നങ്ങളെ പങ്കാളിയായ ജ്യോതിക കൈകാര്യം ചെയ്ത രീതിയും സമൂഹത്തിൽ പൊതുവേ കാണാത്തതായിരുന്നു.

സമൂഹത്തിൽ ഒറ്റപ്പെടുമ്പോഴും പ്രണയം തുറന്ന് കാണിക്കാൻ സാധിക്കാതെ വീർപ്പുമുട്ടുമ്പോഴും സ്വന്തം സത്വത്തിൽ ഉറച്ച് നിൽക്കാൻ സാധിക്കുന്നുവെന്നതാണ് സുധി കോഴിക്കോടിൻ്റെ തങ്കൻ എന്ന കഥാപാത്രത്തെ മികച്ചതാക്കിയത്. മാത്രവുമല്ല, ഈ വീർപ്പുമുട്ടലുകൾ തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാനും സുധിക്ക് സാധിച്ചിരുന്നു.

പരസ്പരം പ്രണയിക്കുന്ന, സ്വവർഗ ലിംഗത്തിൽ ഉൾപ്പെട്ടവരെ ഇപ്പോഴും പല മോശം വാക്കുകളിലൂടെയാണ് അഭിസംബോധന ചെയ്യുന്നതെന്ന യാഥാർത്ഥ്യത്തിന് മുകളിൽ നിന്നാണ് കാതൽ മികച്ച ചിത്രത്തിന് അർഹത നേടിയിരിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ തൊട്ടാൽ പൊള്ളുന്ന വിഷയത്തെ, ഏറിയോ കുറഞ്ഞോ പോയാലും കല്ലുകടിയാകുന്ന വിഷയത്തെ കഥയുടെ ബലത്തിൽ ജിയോ ബേബി അവതരിപ്പിക്കുകയായിരുന്നു. കാതലിന് ലഭിച്ച കയ്യടികളും അംഗീകാരവും സമൂഹത്തിലെ ഹോമോഫോബിക്കായവർക്കുള്ള മറുപടി മാത്രമല്ല, ഇനിയും ഇത്തരം സിനിമകളും കഥാപാത്രങ്ങളും അവതരിപ്പിക്കാനുള്ള ധൈര്യം കൂടിയാണ് സിനിമാ മേഖലയ്ക്ക് നൽകുന്നത്.

Tags:    

Similar News