തൊഴിൽ വാഗ്ദാനങ്ങൾ വ്യാജം; ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ്
ഷാരൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണക്കമ്പനിയാണ് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ്. ഈ കമ്പനിയിൽ തൊഴിലവസരങ്ങളുണ്ടെന്ന് പറയുന്ന ചില പരസ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഈ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റെഡ് ചില്ലീസ് ഇപ്പോൾ.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സിൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന പരസ്യങ്ങൾ സത്യമല്ലെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അവർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
“റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പിൽ വ്യാജ ഓഫറുകൾ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റ് വാട്ട്‌സ്ആപ്പ് വഴിയോ മറ്റേതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയോ എന്തെങ്കിലും തരത്തിലുള്ള തൊഴിലോ മറ്റ് അവസരങ്ങളോ വാഗ്ദാനം ചെയ്യുന്നില്ലെന്നും റിക്രൂട്ട്‌മെൻ്റ് നയം വ്യക്തമാക്കുന്നില്ലെന്നും ഞങ്ങൾ അസന്ദിഗ്ധമായി പ്രസ്താവിക്കാൻ ആഗ്രഹിക്കുന്നു."
റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റിൽ നിന്നുള്ള യഥാർത്ഥ അവസരങ്ങൾ തങ്ങളുടെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ അറിയിക്കൂ എന്നുപറഞ്ഞുകൊണ്ടാണ് അവർ വാർത്താക്കുറിപ്പ് അവസാനിപ്പിക്കുന്നത്.