ന്യൂജെന്‍കാരുടെ അച്ചന്‍കുഞ്ഞ് മാതൃക

സിനിമ കേവലം ഒരു കല മാത്രമല്ല മറ്റു ചിലര്‍ക്ക് അത് ജീവിതം കൂടിയാണ്. സിനിമയില്‍ വരുന്നതിനു മുന്‍പ് കോട്ടയം ബോട്ട് ജെട്ടിയിലെ പോര്‍ട്ടറായി ജോലി ചെയ്തും നാടകങ്ങളില്‍ അഭിനയിച്ചും ആണ് ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്. സ്വന്തം ജീവിതത്തില്‍ സൗഹൃദങ്ങള്‍ക്കും കുടുംബത്തിനും ഒരുപോലെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു.

ആഗോള കള്ളുകുടിയനും പെണ്ണുപിടിയനായൊരു നായകന്‍... ആനയും അമ്പാരിയും കൂട്ടി അരങ്ങൊരുക്കി കുറേ ശില്‍പ്പന്തികളും.... അങ്ങനൊരു ചെറുപ്പക്കാരനാകാന്‍ ആഗ്രഹിക്കാത്ത മനുഷ്യര്‍ കാണുമോയെന്ന് ചിന്തിച്ചാല്‍ കാണില്ലായിരിക്കും എന്നൊരു ഉത്തരം ഏതൊരുവനും പറയും. ഒരു ചെറുപ്പക്കാരന്റെ അല്ലെങ്കില്‍ അല്‍പ്പം പ്രണയവും മനുഷ്യത്വവും കുറച്ചൊക്കെ വയലന്‍സും കൊണ്ടുനടക്കുന്ന ചെറുപ്പക്കാര്‍ക്ക് അതൊരാവശ്യമാണ്

'മാളുവേട്ടത്തിയുടെ സന്തോഷം കളയാന്‍ വന്നതല്ല ഞാന്‍' സിനിമയിലാണെങ്കില്‍ക്കൂടി ഒരു കൂട്ടിക്കൊടുപ്പുകാരന്റെ ഇടപെടല്‍ ഒരു മതസ്പര്‍ദ്ധ ഒഴിവാക്കാന്‍ നടത്തിയ ഇടപെടല്‍ ന്യൂജെന്‍ കാലത്തും എല്ലാവരും മാതൃകയാക്കുന്നതാണ്.

സത്യന്‍, നസീര്‍, ജയന്‍, എന്നീ പേരുകള്‍ പറഞ്ഞാല്‍ അറിയാത്തവരായി ആരും ഉണ്ടാവില്ല. അറുപതുകളിലെയും എഴുപതുകളിലെയും നായകത്രയങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന സത്യന്‍, പ്രേം നസീര്‍, ജയന്‍; വില്ലന്‍ ത്രയങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ബാലന്‍ കെ.നായര്‍, ജോസ് പ്രകാശ്, ടി.ജി.രവി, ഇവരില്‍ നിന്നും എല്ലാം വ്യത്യസ്തനായ നടനാണ് അച്ചന്‍കുഞ്ഞ്. ഒരു പക്ഷേ ഈ പേര് അധികം ആര്‍ക്കും പരിചയം ഉണ്ടാവില്ല.

ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ കേരളത്തിലെ ഏക ചലച്ചിത്ര നടന്‍ ആണ് അച്ചന്‍കുഞ്ഞ്. മലയാളത്തിലെ മണ്‍മറഞ്ഞ് പോയ പ്രമുഖ നടീ നടന്മാരുടെ ഓര്‍മ്മ ദിവസങ്ങള്‍ ഓര്‍മ്മിക്കപ്പെടുമ്പോള്‍, വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച് മണ്‍മറഞ്ഞു പോയ അച്ചന്‍കുഞ്ഞിനെ നാം പലപ്പോഴും ഓര്‍ക്കാറില്ല .പരുക്കന്‍ രൂപഭാവവും ഗാംഭീര്യമുള്ള ശബ്ദവും തീക്ഷ്ണത നിറഞ്ഞ കണ്ണുകളും ഉള്ള ഈ കലാകാരന്‍ ജീവസുറ്റതും കരുത്തുറ്റതുമായ കഥാപാത്രങ്ങളെ ബാക്കിയാക്കി വിടചൊല്ലിയിട്ട് ഇന്ന് 38 വര്‍ഷം തികയുന്നു.

ഏതൊരു വില്ലന്‍ കഥാപാത്രങ്ങളും ചേരും വിധത്തിലുള്ള രൂപഭാവവും, ഇടി മുഴക്കം പോലുള്ള പൊട്ടിച്ചിരിയും, വ്യത്യസ്തതയാര്‍ന്ന വസ്ത്ര ധാരണവും അഭിനയ ശൈലിയും . കഥാപാത്രങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ കല്പ്പിക്കാത്ത പ്രകൃതം. സിനിമയിലേക്ക് കടന്നു വന്ന കാലം അയാള്‍ ഒരു ക്രൂരനും, നിഷ്ടൂരനുമായ ഒരു വ്യക്തിയെ പോലെ തോന്നിച്ചു. അച്ചന്‍കുഞ്ഞ് എന്ന നടനെ മറ്റുള്ള നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കാന്‍ ഈ പ്രത്യേകതകള്‍ തന്നെ ധാരളമായിരുന്നു . എണ്‍പതുകളുടെ ആദ്യ കാലഘട്ടങ്ങളില്‍ വേദനിപ്പിക്കുന്നതും ,ഭയപ്പെടുത്തുന്നതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ വില്ലന്‍ പരിവേഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തിലെ നിറ സാന്നിദ്ധ്യമായിരുന്ന അച്ചന്‍കുഞ്ഞ് തന്റെ 20-ാം വയസ്സില്‍ നാടകങ്ങളിലൂടെയാണ് അഭിനയ ജീവിതം തുടങ്ങുന്നത് .കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അച്ചന്‍കുഞ്ഞിന് സാധിച്ചിരുന്നില്ല . സാമ്പത്തിക പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും നാടകവേദികള്‍ ഉപേക്ഷിക്കാന്‍ അച്ചന്‍കുഞ്ഞ് തയ്യാറായിരുന്നില്ല .

1953 ലെ വിധി എന്ന നാടകത്തിലാണ് ആദ്യമായി വേഷമിട്ടത്. സെന്റ് പോള്‍ , ട്രപ്പീസിയം, സൗരയൂഥം എന്നിങ്ങനെ ജനങ്ങള്‍ ആവേശത്തോടെ നെഞ്ചിലേറ്റിയ നാടകങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സൗരയൂഥത്തില്‍ അവതരിപ്പിച്ച ആരാച്ചാരുടെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. തുടര്‍ന്ന് 30 വര്‍ഷം നീണ്ടു നിന്ന നാടക ജീവിതത്തില്‍ ആയിരം നാടക വേദികളില്‍ ചുവടു വച്ചു. കെ.പി.എ.സി, വൈക്കം മാളവിക , കേരള തിയറ്റെര്‍സ്, നാഷണല്‍ തിയറ്റെര്‍സ്, ഭാരത് തിയറ്റെര്‍സ് തുടങ്ങി ധാരാളം നാടക ട്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.

പത്മരാജന്‍ തിരക്കഥ എഴുതി ഭരതന്‍ സംവിധാനം ചെയ്ത ലോറിയിലൂടെ തന്റെ 50- ാം വയസ്സിലാണ് അച്ചന്‍കുഞ്ഞ് സിനിമ ലോകത്തേക്ക് കടന്നു വന്നത്. കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ ഉള്ള മുഖങ്ങള്‍ തിരഞ്ഞെടുക്കന്നതിനു പകരം അഭിനേയതാക്കള്‍ക്ക് ചേരുന്ന രീതിയില്ലുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന പ്രവണത ആവര്‍ത്തിച്ച് വരുന്ന ഘട്ടത്തില്‍ ആണ് പ്രശസ്ത സംവിധായകനായ ഭരതന്‍ പ്രേം പ്രകാശ് വഴി ലോറിയിലെ വേലന്‍ എന്ന തെരുവ് സര്‍ക്കസ്സുകാരന്റെ വേഷം അവതരിപ്പിക്കാന്‍ ഉചിതമായ മുഖമുള്ള ഈ നടനെ കണ്ടെത്തുന്നത്.

തന്റെ തനതായ അഭിനയ ശൈലിയിലൂടെ ആ കഥാപാത്രത്തെ ഏറെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ അച്ചന്‍കുഞ്ഞിന് സാധിച്ചു. ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് പുരസ്‌ക്കാരം അദ്ധേഹത്തെ തേടി എത്തുകയാണ് ഉണ്ടായതു.

1980 മുതല്‍ 1986 വരെ ഉള്ള തന്റെ സിനിമാ ജീവിതത്തില്‍ അച്ചന്‍കുഞ്ഞ് അഭിനയിച്ചു തീര്‍ത്തത് നാല്‍പ്പത്തി ആറ് സിനിമകള്‍. ഭരതന്‍, ലെനിന്‍ രാജേന്ദ്രന്‍, ഐ.വി.ശശി തുടങ്ങി മലയാളത്തിലെ പ്രശസ്ത സംവിധായകരുടെ സിനിമകളില്‍ എല്ലാം ഈ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആ നാല്പത്തി ആറ് സിനിമകളിലൂടെ അദ്ദേഹം മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത ഒട്ടനവധി നല്ല കഥാപാത്രങ്ങള്‍ . നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ മുതല്‍ മോഹന്‍ ലാല്‍ വരെ ഉള്ള മികച്ച നടന്മാര്‍ക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നാടകങ്ങളില്‍ നിന്നും ലഭിച്ച അഭിനയ പരിശീലനം കൊണ്ടും അഭിനയത്തോടുള്ള പൂര്‍ണ്ണ താല്‍പര്യം കൊണ്ടും അഭിനയത്തിന്റെ അതിര്‍ വരമ്പുകള്‍ ഭേദിച്ച്, വില്ലന്‍ വേഷങ്ങളില്‍ നിന്നും തികച്ചും വേറിട്ടു നില്ക്കുന്ന ഒരു പറ്റം നന്മ നിറഞ്ഞ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു കൊണ്ട് തിരശ്ശീലയില്‍ നിറഞ്ഞാടി .മികച്ച നടന്‍ എന്ന നിലയില്‍ ക്രിട്ടിക്‌സ് അവാര്‍ഡും ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡും പലതവണ അദ്ധേഹത്തെ തേടിയെത്തി.

സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതെങ്കിലും നാടക വേദികളില്‍ വ്യത്യസ്തത പുലര്‍ത്താനായിരുന്നു അച്ചന്‍കുഞ്ഞ് ശ്രമിച്ചിരുന്നത്. സിനിമയില്‍ ക്രൂര കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്കിടയില്‍ ഒരു പേടിസ്വപ്നമായി മാറിയ ഈ താരം ജീവിതത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ആണ് ജീവിച്ചത്.

തന്റെ സിനിമാ ജീവിതത്തില്‍ അച്ചന്‍കുഞ്ഞ് ഏറെ ആദരവോടെ കാണുകയും ബഹുമാനിക്കുകയും ചെയ്തിരുന്നത് പ്രേം നസീറിനെയായിരുന്നു. നിഷ്പ്രയാസം കാമവും ക്രൂരതയും പടരുന്ന ആ മുഖം മലയിളി പ്രേക്ഷകരുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയ വില്ലന്‍ മുഖങ്ങളില്‍ ഒന്നാണ്. ജീവിതത്തില്‍ അവിചാരിതമായി സംഭവിച്ച ഒരു അപകടം മൂലം കണ്ണുകള്‍ക്ക് പറ്റിയ ക്ഷതം ആണ് അച്ചന്‍കുഞ്ഞിന്റെ ക്രൂരത നിറഞ്ഞ മുഖത്തിന് പിന്നിലുള്ള കാരണം. ആ കാരണം തന്നെയാണ് പിന്നീടുള്ള ജീവിതത്തില്‍ വഴിത്തിരിവായതും.

സിനിമ കേവലം ഒരു കല മാത്രമല്ല മറ്റു ചിലര്‍ക്ക് അത് ജീവിതം കൂടിയാണ്. സിനിമയില്‍ വരുന്നതിനു മുന്‍പ് കോട്ടയം ബോട്ട് ജെട്ടിയിലെ പോര്‍ട്ടറായി ജോലി ചെയ്തും നാടകങ്ങളില്‍ അഭിനയിച്ചും ആണ് ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്. സ്വന്തം ജീവിതത്തില്‍ സൗഹൃദങ്ങള്‍ക്കും കുടുംബത്തിനും ഒരുപോലെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു.

മീനമാസത്തിലെ സൂര്യന്‍, ഇലഞ്ഞിപ്പൂക്കള്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അവസാനമായി അഭിനയിച്ചു കൊണ്ടാണ് സിനിമാ ലോകത്തോട് വിട പറഞ്ഞത്. മറ്റുള്ള നടന്മാരുടെ അഭിനയത്തികവിനെ വെല്ലാന്‍ തക്ക വണ്ണം പ്രതിഭ ഉണ്ടായിരുന്നിട്ടും, കഴിവിനൊത്ത അംഗീകാരം അന്നും ലഭിച്ചിരുന്നില്ല. മറ്റു സൂപ്പര്‍ താരങ്ങളെപ്പോലെ വിലപേശി കാശു വാങ്ങുന്ന പ്രകൃതം അല്ലാതിരുന്നതിനാല്‍ കാര്യമായ സമ്പാദ്യം ഒന്നും തന്നെ സിനിമയില്‍ നിന്നും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

ഒടുവില്‍ കരള്‍ രോഗം ബാധിച്ചു 56-ാം വയസ്സില്‍ 1987 ജനുവരി 16 ന് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ ബാക്കിയായത് ബോട്ട് ജെട്ടിക്കടുത്തുള്ള സ്വന്തം വീടും, മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരുപ്പറ്റം നല്ല കഥാപാത്രങ്ങളും മാത്രം . ആത്മ സുഹൃത്തുക്കള്‍ എന്ന് അച്ചന്‍കുഞ്ഞ് കരുതിയിരുന്ന സിനിമാ ലോകത്തുള്ള പലരില്‍ നിന്നും അദ്ദേഹത്തിന്റെ മരണത്തിനു ശേഷം കുടുംബത്തെക്കുറിച്ചുള്ള കാര്യമായ അന്വേഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല . അച്ഛന്റെ ഓര്‍മ്മയ്ക്കായി മകന്‍ 1999 ല്‍ അച്ചന്‍കുഞ്ഞ് സ്മാരക സമിതി നിര്‍മ്മിക്കുകയും അതിനോടനുബന്ധിച്ചു കോട്ടയം തിരുന്നക്കര മൈതാനിയില്‍ പ്രൊഫഷണല്‍ നാടകങ്ങള്‍ നടത്താനുള്ള സഹായം സിനിമാരംഗത്ത് നിന്നുമുള്ളവരോട് അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

മറ്റു കലാകാരന്മാരുടെ ജീവിതത്തില്‍ സംഭവിച്ചത് തന്നെയാണ് അച്ചന്‍കുഞ്ഞിന്റെയും ജീവിതത്തില്‍ സംഭവിച്ചത്. അര്‍ഹത ഉള്ളവരും ഇല്ലാത്തവരും പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ അഭിനയ മികവു കൊണ്ട് വളരെ ചുരുങ്ങിയ കാലത്തിനിടയില്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി മണ്‍മറഞ്ഞു പോയ അച്ചന്‍കുഞ്ഞിനെ പോലെ ഉള്ള നടന്മാരെ നാം മറന്നു പോകുകയും വേണ്ടവിധത്തിലുള്ള സ്വീകാര്യതകള്‍ കൊടുക്കാതിരിക്കുകയും ചെയ്യുന്നു.

Related Articles
Next Story