ARM-ലെ 'മണിയ'നെ ആദ്യമായി കണ്ടത് ദുൽഖർ; ടൊവിനോ
dq reaction on maniyan makeover of tovino
മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുന്ന ARM-ലെ മണിയനായി മേക്കപ്പ് ഇട്ട് എത്തിയ തന്നെ ആദ്യമായി കാണുന്നത് ദുൽഖർ സൽമാൻ ആണെന്ന് നടൻ ടൊവിനോ തോമസ്. മേക്കപ്പിട്ട് പിറകിൽ കൂടെ ചെന്ന് താൻ പേടിപ്പിക്കാൻ ശ്രമിച്ചുവെന്നും ടൊവിനോ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു നടന്റെ പ്രതികരണം.
'മണിയനായി മേക്കപ്പ് ഇട്ട എന്നെ ആദ്യമായി കാണുന്നത് ദുൽഖറാണ്. അന്ന് മുകളിലത്തെ നിലയിൽ മറ്റൊരു സിനിമയുടെ ഭാഗമായി ദുൽഖറും ഉണ്ടായിരുന്നു. രണ്ട് പേർക്കും നൈറ്റ് ഷൂട്ടായിരുന്നു. ഞാൻ പിറകിൽ കൂടി ചെന്ന് പേടിപ്പിക്കാൻ ശ്രമിച്ചു. ദുൽഖർ പെട്ടെന്ന് തിരിഞ്ഞു നോക്കി, ''ഇത് നീയാണോ'' എന്ന് ചോദിച്ചു. ദുൽഖർ ഷൂട്ടിന് പോകാൻ വേണ്ടി നിൽക്കുകയായിരുന്നു,' ടൊവിനോ പറഞ്ഞു.
മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.