ലോഹിതദാസിന്റെ വേർപാടിന് ഇന്ന് പതിനഞ്ചാണ്ട്

തനിയാവർത്തനമില്ലാതെ കഥ പറഞ്ഞിരുന്ന ലോഹിതദാസിന്റെ വേർപാടിന് പതിനഞ്ചാണ്ട് തികയുന്നു. ലോഹിതദാസെന്ന പ്രതിഭയുടെ ഭാവനയിൽ പിറവിയെടുത്ത കഥയും കഥാപാത്രങ്ങളും ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നതും ഇതേ കാരണത്താൽ തന്നെ.

രണ്ട് പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിൽ എഴുതിയത് 44 തിരക്കഥകൾ, സംവിധാനം ചെയ്തത് 12 ചിത്രങ്ങൾ.. സാമൂഹിക ബന്ധങ്ങളുടെ സ്ഥിരം ഭൂമികയിൽ ചവിട്ടി പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങളും സാമൂഹിക വിർമശനങ്ങളും പങ്കുവെച്ച ലെജൻഡ്. എല്ലാം തകർന്ന ദുർബലനായ ഒരു മനുഷ്യന്റെ വികാരവും സംഭാഷണവും സിനിമ കാണുന്ന പ്രേക്ഷകന്റെ ഹൃദയത്തിൽ തട്ടുന്ന രീതിയിൽ ഭാവനയിൽ വരച്ചിടുകയും സ്ക്രീനിൽ അത് പുനരാവിഷ്കരിക്കപ്പെടുകയും എളുപ്പമല്ല. എന്നാൽ ലോഹിതദാസ് എന്ന എഴുത്തുകാരന് അതിനുള്ള മാജിക് അറിയാമായിരുന്നു. അങ്ങനെയാണ് ആ ജാലവിദ്യക്കാരൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ടവനായത്.

ഒടുവിലായി എഴുതി തുടങ്ങിയ ഭീഷ്മരും എഴുതാനിരുന്ന ചെമ്പട്ടും ബാക്കിയാക്കിയായിരുന്നു പൊന്നുംവിലയുള്ള കഥാകാരന്റെ ജീവിത ക്ളൈമാക്സ്. കഥാകാരന്റെ വേർപാടിലും കഥാപരിസരങ്ങൾ ഒഴിയുന്നില്ല .സേതുമാധവനെയും അച്ചൂട്ടിയെയും പരമുനായരെയും ഭാനുമതിയെയുമൊക്കെ ഓർക്കുന്ന ജീവിതമുഹൂർത്തങ്ങളും.





ലോഹിതദാസിന്റെ തൂലികയിൽ പിറന്ന കഥാപാത്രങ്ങളെല്ലാം മനുഷ്യജീവിതത്തിന്റെ ആഴങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നവരായിരുന്നു. മനസ്സിലെ സന്തോഷവും സങ്കടവും പ്രണയവും വിരഹവും പകയും സംഘർഷങ്ങളുമെല്ലാം ലോഹിയുടെ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയപ്പോൾ പ്രേക്ഷകനും ആ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ചു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ലോഹിതദാസ് പ്രേക്ഷകർക്ക് സമ്മാനിച്ചവയെല്ലാം.ലോഹിതദാസ് സമ്മാനിച്ച അത്രയും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങൾ മലയാളസിനിമയിൽ വിരളമാണ്.

പറഞ്ഞതിലേറെ കഥകൾ ഇനിയും പറയാനുണ്ടെന്ന് ലോഹി പലപ്പോഴും പറഞ്ഞിരുന്നു. ആ കഥകളത്രയും പറയാതെ ബാക്കിവെച്ച് 2009 ജൂൺ 28ന് ലോഹിതദാസ് വിടപറഞ്ഞു. മലയാളമുള്ളിടത്തോളം, മലയാളി ഉള്ളിടത്തോളം ഓർമ്മകളുടെ അമരത്ത് ലോഹിതദാസ് എന്ന ദ ലജൻഡറി ഫിലിം മേക്കർ ഉണ്ടാവും.!

Related Articles
Next Story