പത്ര ഏജൻറിൽനിന്ന് സിനിമ നിർമ്മാതാവിലേക്ക്; സുർജിത്തിന് ഇതൊരു സ്വപ്ന സാഫല്യം.
കൊച്ചി: സിനിമ എല്ലാവരുടെയും സ്വപ്നമാണ്. അത് നേടിയെടുക്കണമെങ്കിൽ വേണ്ടത് കഠിനാധ്വാനവും. അങ്ങനെയൊരു പ്രയത്നത്തിൻറെ കഥയാണ് പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശിയായ എസ് സുർജിത്തിന് പറയാനുള്ളത്. പത്ര ഏജൻറായ സുർജിത്തിന് കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായിരുന്നു സിനിമ. അങ്ങനെ ആ സ്വപ്നം 'അങ്കിളും കുട്ട്യോളും' എന്ന ചിത്രം സ്വന്തമായി നിർമ്മിച്ചതോടെ സഫലമാകുകയായിരുന്നു. ചിത്രം തിയേറ്ററിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടി രണ്ടാംവാരം പ്രദർശനം തുടരുകയാണ്.
പി വി സിനിമാസിൻറെ ബാനറിലാണ് സുർജിത്ത് സിനിമ നിർമ്മിച്ചത്. സ്നേഹം+ദൈവം=ഗുരു എന്ന ആശയമാണ് സിനിമയുടെ ഇതിവൃത്തം. പുതിയ കാലത്ത് കുട്ടികളിൽ നിന്ന് ചോർന്നുപോകുന്ന മൂല്യങ്ങളെക്കുറിച്ചുള്ള ഓർമ്മയുണർത്തലായിരുന്നു തൻറെ ചിത്രമെന്ന് സുർജിത്ത് പറഞ്ഞു. തൻറെ നാടായ പെരുമ്പാവൂരിലെ തിയേറ്ററിൽ കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം നടക്കുന്നത്. സിനിമാ മേഹവുമായി നടന്ന സുർജിത്തിന് അച്ഛൻ പി വി സോമശേഖരൻപിള്ളയും ഒപ്പം കൂടിയതോടെയാണ് സിനിമ നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും സുർജിത്ത് പറയുന്നു.
പി ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, ഋതുരാജ് എന്നിവർ ആലപിച്ച മനോഹര ഗാനങ്ങളും ചിത്രത്തിൻറെ പ്രത്യേകതയാണ്. ദേശീയ അവാർഡ് നേടിയ ബാലതാരം ആദിഷ് പ്രവീണാണ് കേന്ദ്രകഥാപാത്രം. ചിത്രത്തിൻറെ സംവിധായകനായ ജി കെ എൻ പിള്ളയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സ്ക്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ചിത്രം കാണാൻ തിയേറ്ററിലെത്തുന്നത്. സിനിമ നാട് ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്നും സുർജിത്ത് പറഞ്ഞു.