രണ്ടാം വാരത്തിലും ലക്കിയായി ലക്കി ഭാസ്കർ ജൈത്രയാത്ര തുടരുന്നു; കേരളമെങ്ങും ദുൽഖറിനും നല്ല സിനിമകൾക്കുമൊപ്പം

രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര ബോക്സ് ഓഫിസ് പ്രകടനത്തിന് ശേഷം രണ്ടാം വാരത്തിലും കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുകയാണ് ചിത്രം. ആദ്യ ദിനം കേരളത്തിലെ 175 സ്‌ക്രീനിൽ റിലീസ് ചെയ്ത ചിത്രം ആദ്യ വീക്കെൻഡിൽ ഇവിടെ പ്രദർശിപ്പിച്ചത് 240 സ്‌ക്രീനുകളിലാണ്. ആദ്യ വാരം പിന്നിടുമ്പോഴും വമ്പൻ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം രണ്ടാം വാരത്തിലും 200 ൽ കൂടുതൽ സ്‌ക്രീനുകളിലാണ് കേരളത്തിൽ തുടരുന്നത്. ആദ്യവാരത്തിൽ യുവ പ്രേക്ഷകരുടെ ഗംഭീര പിന്തുണ കിട്ടിയ ചിത്രത്തിന് രണ്ടാം വാരത്തിലെത്തുമ്പോൾ തീയേറ്റർ നിറക്കുന്നത് കുടുംബ പ്രേക്ഷകരാണ്.

യുവാക്കൾക്ക് ഒപ്പം കുട്ടികളും കുടുംബങ്ങളും ഈ ദുൽഖർ സൽമാൻ ചിത്രം ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കേരളം എപ്പോഴും നല്ല ചിത്രങ്ങൾക്ക് ഒപ്പം ഉണ്ടാകുമെന്നതിനും ലക്കി ഭാസ്കർ നേടുന്ന അഭൂതപൂർവമായ വിജയം അടിവരയിടുന്നു. ദുൽഖർ സൽമാൻ എന്ന നടനേയും താരത്തേയും കേരളം ആഘോഷിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. കേരളത്തിൽ നിന്ന് മാത്രം 12 കോടിയും കടന്നു കുതിക്കുന്ന ചിത്രം ആഗോള ഗ്രോസ് ആയി 80 കോടി കടന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം കേരളത്തിലും ഗൾഫിലും വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ പീരീഡ് ഡ്രാമ ത്രില്ലർ ദുൽഖർ സൽമാന് തെലുങ്കിൽ തുടർച്ചയായ മൂന്നാമത്തെ ബ്ലോക്ക്ബസ്റ്ററാണ് സമ്മാനിച്ചിരിക്കുന്നത്.

Related Articles
Next Story