മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി മുഹമ്മദ് മുസ്തഫ
കപ്പേള എന്ന ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച ആളാണ് മുഹമ്മദ് മുസ്തഫ. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ മുറ ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. 'മുറ' കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനെയും ചിത്രം ത്രസിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.മുറ കണ്ട ശേഷം നിരവധി വേറിട്ട റിവ്യുകളാണ് സിനിമയെക്കുറിച്ച് ഉയര്‍ന്നു വരുന്നത്. തലസ്ഥാന നഗരിയിലെ ഗുണ്ടാ സംഘവും അവര്‍ക്കിടയില്‍ ഒരാളായി എത്തുന്ന നാല് യുവാക്കളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് മുറ എന്ന സിനിമയിലൂടെ മുസ്തഫ പറയുന്നത്. ഒരു കൂട്ടം പുതുമറക്കാരെ അണിനിരത്തിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച പ്രകടനങ്ങളും വിസ്മയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ഉള്‍ക്കൊള്ളുന്ന മുറ കേരളത്തിലെ സിനിമ പ്രേമികള്‍ക്കിടയില്‍ മാത്രമല്ല തമിഴ് നാട്ടിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ സ്വാഭാവികമായും ഒരു ഗ്യാങ്സ്റ്റര്‍ ചിത്രം എടുക്കാന്‍ ആരും ആദ്യമൊന്നു മടിക്കും. എന്നാല്‍ മുഹമ്മദ് മുസ്തഫയെ സംബന്ധിച്ചിടത്തോളം അത്തരമൊരു മടിയൊന്നും ഉണ്ടായില്ല. ഗ്യാങ്സ്റ്റര്‍ സിനമയാണെങ്കിലും സൗഹൃദത്തെയും കുടുംബബന്ധത്തെയും കോര്‍ത്തിണക്കിയാണ് മുസ്തഫ മുറ ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും അവരുടെ കുടുംബത്തിന്റെ കണ്ണീര്‍ക്കഥകളും ഓരോ ദിവസവും വാര്‍ത്തകളില്‍ നിറയാറുണ്ട്. അത്തരമൊരു സംഭവത്തില്‍ നിന്നും ചീന്തിയെടുത്തതാണ് മുറയുടെ കഥ. ചിത്രത്തിന്റെ മേക്കിംഗും ഏതൊരു മലയാളിയെയും ആകര്‍ഷിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഗ്യാങ്‌സ്റ്റര്‍ സിനിമാ സംവിധായകന്‍ എന്ന പട്ടികയില്‍ മുസ്തഫയുടെ സ്ഥാനം ഉയര്‍ന്നുതന്നെ നില്‍ക്കും.
അനന്ദു (ഹൃദു ഹാറൂണ്‍), മനു (യധു കൃഷ്ണന്‍), മനാഫ് (അനുജിത്ത്), സജി (ജോബിന്‍ ദാസ്) എന്നീ നാല് ജോലിയില്ലാത്ത സുഹൃത്തുക്കളെ ചുറ്റിപ്പറ്റി തിരുവനന്തപുരം പശ്ചാത്തലമാക്കിയാണ് കഥ നടക്കുന്നത്. ഒരുകൂട്ടം ചെറുപ്പക്കാര്‍ കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും ലോകത്തേക്ക് സ്വമേധയാ പ്രവേശിക്കുന്നതും പിന്നീട് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന അനി എന്ന ഗുണ്ടാസംഘത്തിന്റെ കീഴിലാകുകയും ചെയ്യുന്നു.
ആവേശഭരിതരായ, സ്വഭാവഗുണമുള്ള ഈ നാല്‍വര്‍സംഘം അനിയുടെ നിര്‍ദ്ദേശപ്രകാരം മധുരയില്‍ അപകടകരമായ ഒരു ജോലി ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നു. ആ ദൗത്യം നിര്‍വഹിച്ചതിന് ശേഷം അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടെങ്കിലും കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കുന്നില്ല.
സുരേഷ് ബാബു തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍, മുസ്തഫ നാല് യുവതാരങ്ങള്‍ക്കൊപ്പം മികച്ച സ്‌കോര്‍ ചെയ്യുന്നുണ്ട് . ടീമിന്റെ തലവനായ ഹൃദു ഹാറൂണിന്റെ കഥാപാത്രം ദേഷ്യക്കാരനായ യുവാവായി മികവ് പുലര്‍ത്തുന്നു. മുറയിലൂടെ സംവിധായകന്‍ മുസ്തഫ നല്‍കുന്ന സന്ദേശം ജോലിയില്ലാത്ത, ആവേശഭരിതരായ നാല് ചെറുപ്പക്കാര്‍ ഒരു ക്രിമിനല്‍ സംഘത്തിലെത്തി, ഒടുവില്‍ അവരുടെ ജീവിതം തകര്‍ക്കുന്ന ഒരു അപകടകരമായ ജോലി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാക്കുന്നതാണ്.ഫാസില്‍ നാസറിന്റെ ഛായാഗ്രഹണവും ചമന്‍ ചാക്കോയുടെ എഡിറ്റിംഗും ക്രിസ്റ്റോ ജോബിയുടെ സംഗീതവും ചിത്രത്തിന്റെ സാങ്കേതിക വശങ്ങളെ മികവുറ്റതാക്കുന്നു