അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ; നീ ഏറ്റവും മികച്ചവളും കരുത്തയും മുന്നോട്ട് പോവുക
ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ് ഗായിക അമൃത സുരേഷും മുൻ ഭർത്താവ് നടൻ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങൾ. ബാലയ്‌ക്കെതിരെ മകൾ പപ്പു രംഗത്ത് എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബാല തനിക്കെതിരേയും അമ്മയ്‌ക്കെതിരേയും നടത്തിയ ക്രൂരതകൾ തുറന്ന് പറയുകയായിരുന്നു മകൾ. തന്നേയും അമ്മയേയും ബാല ഉപദ്രവിച്ചതായി മകൾ തുറന്ന് പറഞ്ഞിരുന്നു.
പിന്നാലെ മകൾക്ക് മറുപടിയുമായി ബാല രംഗത്തെത്തി. ഇതിന് പിന്നാലെ കടുത്ത സൈബർ ആക്രമണത്തിന് അമൃതയും കുടുംബവും ഇരയായത്. ഇതിനിടെ മകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അമൃതയും രംഗത്തെത്തി. പതിനാല് വർഷം മുമ്പത്തെ ബന്ധത്തിന്റെ പേരിൽ തന്നെ ഇപ്പോഴും വേട്ടയാടുകയാണെന്ന് അമൃത പറഞ്ഞു. ബാല തന്നേയും മകളേയും ഉപദ്രവിച്ചിട്ടുണ്ടെന്നും അമൃത തുറന്നടിച്ചിരുന്നു.
വിഷയത്തിൽ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ നിരവധി ആളുകളാണ് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ഇപ്പോഴിതാ അമൃതയുടെ പോസ്റ്റിന് ഗോപി സുന്ദർ നൽകിയ കമന്റാണ് ശ്രദ്ധ നേടുന്നത്.”നീ ഏറ്റവും മികച്ചവളും കരുത്തയുമാണ്. മുന്നോട്ട് പോവുക. ഒരു അമ്മയുടെ ശക്തി”എന്നായിരുന്നു അമൃതയുടെ പോസ്റ്റിലെ ഗോപി സുന്ദറിന്റെ കമന്റ്.
ബാലയുമായി പിരിഞ്ഞ ശേഷം അമൃത ഗോപി സുന്ദറുമായി അടുപ്പത്തിലായിരുന്നു. എന്നാൽ അധികനാൾ കഴിയും മുമ്പ് തന്നെ ഇരുവരും പിരിഞ്ഞു. പക്ഷെ ഈ ബന്ധത്തിന്റെ പേരിൽ ഇപ്പോഴും അമൃത സുരേഷും ഗോപി സുന്ദറും പഴികൾ കേൾക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിൽ ഗോപി സുന്ദറുമായി പിരിഞ്ഞതിനെക്കുറിച്ചും അമൃത സംസാരിക്കുന്നുണ്ട്. പരസ്പര ധാരണയോടെ പിരിഞ്ഞതാണെന്നായിരുന്നു അമൃത പറഞ്ഞത്. എന്നാൽ ഇപ്പോഴും അതിന്റെ പേരിൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.