കളർഫുൾ പാട്ടുമായി 'ഹലോ മമ്മി'; ട്രെൻഡിങ്ങായി
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. മൂ.രിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്നു. ഡബ്‌സി, സിയ ഉൽ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്.
സാൻജോ ജോസഫ് കഥയും തിരക്കഥയും എഴുതിയ ചിത്രമാണ് 'ഹലോ മമ്മി'. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. 'ദ് ഫാമിലി മാൻ', 'ദ് റെയിൽവേ മെൻ' തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജയും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു.
ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്‌ഷനും ചേർന്നാണ് 'ഹലോ മമ്മി' നിർമിക്കുന്നത്. പ്രവീൺ കുമാർ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രം നവംബർ 21ന് പ്രദർശനത്തിനെത്തും.