നെറ്റിയിലേക്ക് ചുവന്ന ലേസർ ലൈറ്റ്, ഇറങ്ങിയോടി നിക്ക് ജൊനാസ്
സംഗീത പരിപാടിക്കിടെ വേദി വിട്ട് ഇറങ്ങിയോടി അമേരിക്കൻ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്. സഹോദരങ്ങളും ഗായകരുമായ കെവിൻ, ജോ എന്നിവർക്കൊപ്പം നടത്തുന്ന ലോകപര്യടനത്തിന്റെ ഭാഗമായി ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിൽ നടത്തിയ സംഗീതപരിപാടിക്കിടെയാണ് നിക് വേദിയിൽ നിന്നും ഇറങ്ങിപ്പോയത്.
സുരക്ഷാഭീഷണിയുണ്ടായതിനാലാണ് നിക്കിന് വേദി വിട്ടത്. പാടുന്നതിനിടെ, നിക് ജൊനാസിനെ ഉന്നം വച്ച് ലേസർ രശ്മികൾ എത്തിയതോടെ ഗായകൻ ഭയന്നു. തുടർന്ന് വേദിയിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആംഗ്യഭാഷയിലൂടെ നിർദേശം നൽകിക്കൊണ്ടാണ് നിക് വേദിയിൽ നിന്നും ഇറങ്ങിയത്. തുടർന്ന് സംഗീതപരിപാടി അൽപനേരത്തേക്കു നിർത്തിവച്ചു.
കാണികൾക്കിടയിൽ നിന്നും നിക്കിനു നേരെ ലേസർ രശ്മികൾ അടിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സദസ്സിൽ നിന്നും മാറ്റിയ ശേഷമാണ് പരിപാടി പുനരാരംഭിച്ചത്. നിക്കിന്റെ സഹോദരങ്ങളായ കെവിനും ജോയും സുരക്ഷിതരാണ്. നിക്കിനെ മാത്രം ലക്ഷ്യം വച്ചാണ് ലേസർ രശ്മികൾ അടിച്ചത്.