പാട്ടുകൾ കൊല്ലപ്പെടുന്നു എന്നത് നിങ്ങളുടെ തോന്നൽ: ഹരീഷ് ശിവരാമകൃഷ്ണൻ

തന്റേതായ ശൈലിയിൽ പാട്ടുകൾ പാടി ശ്രദ്ധ നേടിയ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. പാട്ടുകളെ കൊല്ലുന്നുവെന്ന കടുത്ത ആരോപണങ്ങൾ നിലനിൽക്കവെ പുതുതായി പങ്കുവച്ച വിഡിയോയും വിമർശനമുനയിലായി. ‘കൈക്കുടന്ന നിറയെ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് ഒറിജിനൽ ഈണത്തിൽ മാറ്റം വരുത്തി ഹരീഷ് ശിവരാമകൃഷ്ണൻ ആലപിച്ചത്. വിഡിയോയ്ക്കു താഴെ ‘അതിമനോഹരം’ എന്നു കുറിച്ച് ഗായകൻ ഹരിഹരൻ എത്തിയിരുന്നു. പിന്നാലെ വിമർശനങ്ങളും ഇടം പിടിച്ചു. പാട്ട് ചർച്ചയായതോടെ വിമർശനസ്വരങ്ങളോടു പ്രതികരിച്ച് സമൂഹമാധ്യമ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഹരീഷ് ശിവരാമകൃഷ്ണൻ

ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം:

ഞാൻ പോസ്റ്റ് ചെയ്ത ‘‘കൈക്കുടന്ന നിറയെ’’ എന്ന പാട്ടിൽ ഗസൽ ഇതിഹാസം ഹരിഹരൻ ജി ഒരു കമന്റ് ഇട്ടിട്ടുണ്ട്. എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ മെഡൽ. ആത്യന്തികം ആയി സംഗീതത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നാണ് മനോധർമം എന്നത്. എന്നെ സംബന്ധിച്ചേടത്തോളം മനോധർമം ഇല്ലാതെ പകർത്തി വയ്ക്കുന്നത് ക്രിയാത്മകം ആയ ആലാപനമേ അല്ല.

അതുകൊണ്ട്, ഹരിജി യുടെ കമന്റിന് തൊട്ടു താഴെ കമന്റ് ചെയ്ത വ്യക്തിയും, അത് ലൈക് ചെയ്ത എട്ടു പേരും, പിന്നെ അതേ അഭിപ്രായം ഉള്ള മറ്റുള്ളവരോടും - നിങ്ങൾക്ക് ഞാൻ പാടുന്നത് ഇഷ്ടം അല്ല എന്നതിനെ മാനിച്ചുകൊണ്ട് തന്നെ ഇനിയും സംഗതികൾ ഒക്കെ ഇട്ട്, എനിക്ക് സന്തോഷം തരുന്ന പോലെ പാടാൻ ആണ് തീരുമാനം. പാട്ടുകൾ കൊല്ലപ്പെടുന്നു എന്നത് നിങ്ങളുടെ മാത്രം തോന്നൽ ആയത് കൊണ്ട് തൽക്കാലം അത് തിരുത്താൻ ഉദ്ദേശമില്ല, ഞാൻ പാടുന്ന രീതിയിൽ അണുവിട മാറ്റം കൊണ്ട് വരാൻ ഉദ്ദേശിച്ചിട്ടും ഇല്ല.

Related Articles
Next Story