സൗബിൻ കള്ളപ്പണം ഇടപാടിന്റെ കണ്ണിയോ? തമിഴ്‌നാട്ടിൽ നിന്നെത്തിയ ഫണ്ടിന് പിന്നാലെ ഇഡി
സിനിമ സൂപ്പർഹിറ്റായതോടെ മഞ്ഞുമ്മൽ ഇംപാക്ടായിരുന്നു എവിടേയും. തമിഴ്‌നാട്ടിലും സിനിമ വിജയമായിരുന്നു. യഥാർത്ഥ അപകടമുണ്ടായ ദിവസം സ്റ്റേഷനിൽ വിവരം പറയാനെത്തിയ യുവാക്കളെ ക്രൂരമായി പീഡിപ്പിക്കുകയും പണം പിടുങ്ങുകയും ചെയ്ത പൊലീസുകാർക്കെതിരേ നടപടിയെടുക്കാൻ തമിഴ്‌നാട് ഉന്നതർ തയ്യാറായി. അങ്ങനെ മഞ്ഞുമ്മലും മലയാള സിനിമാരംഗവും ഒരു ഓളത്തിൽ നിൽക്കേയാണ് നിർമ്മാണതലത്തിലെ വഞ്ചന പുറത്തുവന്നത്.
200 കോടി ക്ലബിലെത്തിയ ആദ്യമലയാള സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്. സിനിമയുടെ മുതൽമുടക്കാട്ടേ ഏകദേശം 20 കോടി. കുറഞ്ഞ മുടക്കിൽ കൂടിയ ലാഭം. സിനിമ സൂപ്പർഹിറ്റായതോടെ മഞ്ഞുമ്മൽ ഇംപാക്ടായിരുന്നു എവിടേയും. തമിഴ്‌നാട്ടിലും സിനിമ വിജയമായിരുന്നു. യഥാർത്ഥ അപകടമുണ്ടായ ദിവസം സ്റ്റേഷനിൽ വിവരം പറയാനെത്തിയ യുവാക്കളെ ക്രൂരമായി പീഡിപ്പിക്കുകയും പണം പിടുങ്ങുകയും ചെയ്ത പൊലീസുകാർക്കെതിരേ നടപടിയെടുക്കാൻ തമിഴ്‌നാട് ഉന്നതർ തയ്യാറായി. അങ്ങനെ മഞ്ഞുമ്മലും മലയാള സിനിമാരംഗവും ഒരു ഓളത്തിൽ നിൽക്കേയാണ് നിർമ്മാണതലത്തിലെ വഞ്ചന പുറത്തുവന്നത്.
കൊടൈക്കനാലിന് സമീപമുള്ള സാത്താന്റെ അടുക്കളയെന്ന് പേരുള്ള ഗുഹാമുഖങ്ങൾ. കമൽഹാസന്റെ പ്രശസ്തമായ സിനിമ ഇതിനുള്ളിൽ ഷൂട്ടു ചെയ്തതോടെ ഗുണ കേവ്‌സ് എന്നറിയപ്പെട്ടു. വർഷങ്ങൾക്കു ശേഷം, മഞ്ഞുമ്മലിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിലെ യുവാക്കളിൽ ഒരാൾ ഗുഹയിൽ കാൽവഴുതി വീണു. ആഴങ്ങളിലേക്ക് പതിച്ചു. പൊലീസും ഫയർഫോഴ്‌സും പോലും വിറങ്ങലിച്ചു നിന്നപ്പോൾ രക്ഷാപ്രവർത്തനത്തിന്റെ റിസ്‌ക്കെടുത്തത് സ്വന്തം സുഹൃത്തുക്കൾ തന്നെ. ആ കൂട്ടായ്മയുടെ പുനരാവിഷ്‌കാരം കണ്ട് പ്രേക്ഷകരുടെ കണ്ണുകൾ നിറഞ്ഞാണ് 'മഞ്ഞുമ്മൽ ബോയ്‌സിൻ്റെ വിജയം.
പറവ ഫിലിംസിന്റെ ബാനറിൽ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം നിർമ്മിച്ചത്. ഇവരുടെ കൂട്ടായ്മയിലേക്ക് 7 കോടി രൂപയുടെ നിക്ഷേപവുമായി അരൂർ സ്വദേശി സിറാജ് വലിയതുറയും ചേർന്നു. കളക്‌ഷന് അനുസരിച്ച് ലാഭവിഹിതം നൽകാമെന്നായിരുന്നു സിറാജിന് ലഭിച്ച വാഗ്ദാനം. എന്നാൽ ഒന്നുമുണ്ടായില്ല. സിറാജിന്റെ പരാതി ആദ്യമെത്തിയപ്പോൾ, സിനിമയുടെ വിജയം മുതലെടുക്കാനുള്ള നീക്കമാണെന്ന് വിമർശിക്കപ്പെട്ടു. എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ എറണാകുളം സബ്കോടതി, ഷോൺ ആന്റണിയുടെ അക്കൗണ്ട് മരവിപ്പിച്ചു.
തുടർന്ന് മരട് പൊലീസിനോട് അന്വേഷണത്തിനും നിർദ്ദേശിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ പൊലിസ് നൽകിയ റിപ്പോർട്ട് ഗുരുതര ആരോപണങ്ങളടങ്ങിയതായിരുന്നു. പണം മുടക്കിയ സിറാജിനെ സൗബിൻ അടക്കമുള്ളവർ പല വാക്കുകളും നൽകി ബോധപൂർവം വഞ്ചിക്കുകയായിരുന്നുവെന്ന സൂചനയാണ് പൊലീസ് റിപ്പോർട്ട് വ്യക്തമാക്കിയത്.
മഞ്ഞുമ്മലി'ന്റെ കളക്‌ഷൻ റെക്കാഡുകൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലുമുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ്നാട്ടിൽ നിന്ന് വന്ന തുകയുടെ ഒരുഭാഗം കള്ളപ്പണമാണെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. തിയറ്ററുകൾ ഹൗസ്ഫുൾ ആണെന്നു വരുത്തിത്തീർത്ത്, വ്യാജടിക്കറ്റ് വരുമാനം കള്ളപ്പണമായെത്തിച്ചുവെന്നാണ് പരാതി. തമിഴ്നാട്ടിലെ ഒരു സാമ്പത്തികത്തട്ടിപ്പുകേസ് പ്രതിയാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്. കള്ളപ്പണം പറവ ഫിലിംസിന്റെ അടുത്ത നിർമ്മാണസംരംഭങ്ങൾക്ക് വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നതത്രേ. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി കഴിഞ്ഞദിവസം പറവയുടെ കൊച്ചി ഓഫീസിൽ റെയ്ഡ് നടത്തി.
ഷോൺ ആന്റണിയിൽ നിന്ന് രണ്ടുതവണ മൊഴിയെടുത്തു. സൗബിനെ അടുത്തദിവസം ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി നോട്ടീസ് നൽകിയിട്ടുണ്ട്. ഇതോടെ നിർമ്മാതാക്കൾക്കെതിരേ കേസിനു പുറമേ കേസെന്ന സ്ഥിതിയായി. 'മഞ്ഞുമ്മൽ ബോയ്സ് വഞ്ചനാകേസിന്റെ പശ്ചാത്തലത്തിൽ സമാനമായ പല ആക്ഷേപങ്ങളും സിനിമാ രംഗത്ത് അവിടവിടെയായി ഉയരുന്നുണ്ട്. ഇ.ഡിയടക്കം പല ഏജൻസികളും ഇവരുടെ പിന്നാലെയുണ്ട്. സിനിമയിലെ അനധികൃത ഇടപാടുകൾക്ക് താൽക്കാലികമായെങ്കിലും കടിഞ്ഞാൺ വീഴുമെന്ന് പ്രതീക്ഷിക്കാം.