ദുബായ് രാജകുമാരന്‍ ചമഞ്ഞ് മലപ്പുറം സ്വദേശി; ലക്ഷ്യം സിനിമാ നടിമാര്‍

ദുബായ് കുമാരന്റെ മുഖം ഖത്തര്‍ രാജകുടുംബാംഗത്തിന്റേത്. നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയിലിംഗ്. തട്ടിപ്പുകാരന്റെ യഥാര്‍ത്ഥ മുഖം കണ്ടെത്തി തെന്നിന്ത്യന്‍ നടി. ഗുജറാത്തില്‍ യുവ വനിതാ ഡോക്ടറുടെ ജീവിതം തകര്‍ത്തു..!

തിരുവനന്തപുരം: ദുബായ് രാജകുടുംബത്തന്റെ പേരില്‍ സിനിമാ താരങ്ങളെ റാഞ്ചാനിറങ്ങി മലപ്പുറം സ്വദേശി. ഇതിനോടകം നിരവധി പേരാണ് ഇയാളുടെ ചതിക്കുഴിയില്‍ വീണത്. റെയാന്‍ അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ചതിക്കുഴി തുറന്നിരിക്കുന്നത്. പ്രിന്‍സ് റിയാന്‍ സല്‍മാന്‍ ഫൈസല്‍ അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും എന്നതാണ് ഇന്‍സ്റ്റാ ഗ്രാം ഐഡി. എന്നാല്‍ ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ വാക്കുകള്‍ക്ക് ലിമിറ്റേഷനുള്ളതിനാല്‍ റെയാന്‍ അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും എന്നാണ് നല്‍കിയിട്ടുള്ളത്.

ദുബായാ രാജാവായ സയീദ് അല്‍ മക്തുമിന്റെ മകനെന്നു പറഞ്ഞാണ് പലരെയും സമീപിക്കുന്നത്. റെയാന്‍ അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും എന്ന പേരാണ് നല്‍കിയിരിക്കുന്നതെങ്കിലും ഖത്തറിലെ രാജകുടുംബാംഗത്തിന്റെ ഫോട്ടോയാണ് കൊടത്തിട്ടുള്ളത്. ഒരു പ്രൈവറ്റ് സോഷ്യല്‍ മീഡിയാ അക്കൗണ്ടാണ് ഇയാളുടേത്. ഒരു തെന്നിന്ത്യന്‍ നടിയുടെ ശക്തമായ ഇടപെടലിലും അന്വേഷണത്തിലുമാണ് ഈ തട്ടിപ്പുകാരനെ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ സല്‍മാന്‍ ഫാരിസ് എന്നയാളാണ് ഇതിനു പിന്നിലെന്ന് ആ നടി കലാകൗമുദിയോടു പറഞ്ഞു.

പലരുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഇയാള്‍ ബന്ധപ്പെടുക. താന്‍ ദുബായ് രാജകുടുംബാംഗമാണെന്നാണ് പലരോടും പരിചയപ്പെടുമ്പോള്‍ പറയുന്നത്. ഇതു വിശ്വസിക്കാനായി പല ഫോട്ടോകളും അയക്കാറുണ്ട്. സിനിമാ താരങ്ങളെയാണ് ഇയാള്‍ കൂടുതലായും ലക്ഷ്യമിടുന്നത്. വലിയ ബ്രാന്‍ഡുകള്‍ക്കുള്ള പരസ്യം തയാറാക്കുന്നതിനു വേണ്ടിയാണ് ബന്ധപ്പെടുന്നതെന്നും നല്ല പ്രതിഫലം നല്‍കാമെന്നും ആദ്യമേ പറയും. ഇതിനായി ലോകോത്തര ബ്രാന്‍ഡുകളുടെ പേരുകളും അയാള്‍ പരിചയപ്പെടുന്നവരോടു പറയും. ഇതിനായുള്ള ഫോട്ടോസും അയച്ചുകൊടുക്കും. മലയാളത്തിനു പുറമെ മറ്റു ഭാഷാ ചിത്രങ്ങളിലെ ചെറുതും വലുതുമായി റോള്‍ ചെയ്തിട്ടുള്ളവരുടെ അക്കൗണ്ടുകളാണ് കൂടുതലായും ഇയാള്‍ ഫോളോ ചെയ്ത് ചതിക്കുഴിയിലേക്കു വീഴ്ത്തുന്നത്.

അടുത്തിടെ തെന്നിന്ത്യന്‍ നടിയുടെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇയാള്‍ ബന്ധപ്പെട്ടിരുന്നു. താന്‍ ദുബായ് രാജകുടുംബാംഗമാണെന്നും ഒരു ലോകോത്തര ബ്രാന്‍ഡിന്റെ പരസ്യത്തിനായി അഭിനയിക്കാമോ എന്നു പറഞ്ഞായിരുന്നു അവരെ സമീപിച്ചത്. കാര്‍ട്ടിയര്‍ എന്ന ബ്രാന്‍ഡിന്റെ മോഡലാകാമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ആദ്യ സംഭാഷണത്തിലൊന്നും സംശയം തോന്നാത്ത നടി നേരിട്ടു വന്നു സംസാരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ രാജകുടുംബാംഗമായതിനാല്‍ ചില പ്രോട്ടോക്കോളുകളുണ്ടെന്നും പെട്ടെന്ന് നേരിട്ടെത്താന്‍ സാധിക്കില്ലെന്നുമായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയ നടി ഉടന്‍തന്നെ തന്റെ സോഴ്‌സുപയോഗിച്ച് ആ ഇന്‍സ്റ്റാഗ്രാം ഐഡിയെക്കുറിച്ച് അന്വേഷണം തുടങ്ങി. ഈ സമയം മലപ്പുറം സ്വദേശിയായ സല്‍മാന്‍ ഫാരിസ് തന്റെ വ്യാജ അക്കൗണ്ടിലൂടെ ഈ നടിയെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. അയാള്‍ക്ക് സംശയം തോന്നാത്ത രീതിയില്‍ നടി സംസാരം തുടര്‍ന്നു. സംസാരത്തിനിടയ്ക്കു വച്ച് അയാള്‍ക്ക് നടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം തുറന്നുപറഞ്ഞു. അപ്പോഴേക്കും ഇത് തട്ടിപ്പാണെന്ന് നടി വീണ്ടും ഉറപ്പിച്ചു. എന്നാല്‍ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മറുപടി പറഞ്ഞെങ്കിലും അയാള്‍ വിട്ടുപോകാന്‍ തയാറായിരുന്നില്ല. പരസ്യത്തിന്റെ മോഡലിനു വേണ്ടിയല്ലേ വിളിച്ചതെന്നു നടി ചോദിച്ചെങ്കിലും തനിക്ക് അവരെ വലിയ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നുമുള്ള മറുപടിയാണ് നല്‍കിയത്.

ഇതിനിടെ അയാള്‍ വീഡിയോ ചാറ്റിനായി നടിയെ പ്രേരിപ്പിച്ചു. എന്നാല്‍ നടി ഇതിനെ എതിര്‍ത്തു. എന്തെങ്കിലും സംസാരിക്കണമെങ്കില്‍ നേരിട്ടോ, ഫോണിലൂടെയോ സംസാരിക്കാമെന്നായിരുന്നു നടി പറഞ്ഞത്. അവിടെയും പ്രോട്ടോക്കോളിന്റെ പേരുപറഞ്ഞ് അയാള്‍ തടിതപ്പി. ഒടുവില്‍ സൂം കോളിലൂടെ സംസാരിക്കാമെന്ന് നടി പറഞ്ഞെങ്കിലും അതിനു തയാറായില്ല. ദുബായില്‍ അതിനൊക്കെ വിലക്കുണ്ടെന്നാണ് മലപ്പുറം സ്വദേശിയുടെ മറുപടി. ഇതിനിടെ താന്‍ അറബിയാണെന്നു നടിയെ വിശ്വസിപ്പിക്കാന്‍ അറബിയില്‍ കുറേ വാചകങ്ങള്‍ അയക്കുകയും ചെയ്തു. എന്നാല്‍ നടി ഇതൊന്നും വിശ്വസിക്കാന്‍ തയാറായില്ല. ഇയാളുടേത് പ്രൈവറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടായതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും നടിക്കു ലഭിച്ചിരുന്നില്ല. സംശയം തോന്നാത്ത രീതിയില്‍ ഇടപെട്ടതോടെ അയാള്‍ നടിയെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. അപ്പോഴാണ് തട്ടിപ്പു മനസിലായത്.

റെയാന്‍ അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും എന്ന പേരില്‍ ആ സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരുന്നത് ഖത്തര്‍ രാജകുടുംബാംഗത്തിന്റെ ഫോട്ടോ ആയിരുന്നു. ഇതിനിടെ നടി തന്റേതായ രീതിയില്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പിനു പിന്നിലെ യഥാര്‍ത്ഥ മുഖം കണ്ടെത്തുകയും ചെയ്തു. മലപ്പുറം സ്വദേശിയായ ഇയാള്‍ക്ക് ഒരു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഇയാളുടെ സുഹൃത്തുക്കളെ വിളിച്ച് നടി കാര്യങ്ങള്‍ ധരിപ്പിച്ചു. അവര്‍ക്കൊന്നും ഈ സംഭവം ഒരു പുതുമയുള്ളതായിരുന്നില്ല. നിരന്തരം ഈ പരാതികള്‍ ലഭിക്കുന്നതായാണ് അവരുടെ പ്രതികരണങ്ങള്‍. ഇതിനു പിന്നാലെ നടി അയാളുടെ ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ പറഞ്ഞു.

ഇതിനിടെ നടി ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ചില സ്ത്രീകളുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അവരില്‍ പലരും ഞെട്ടിക്കുന്ന വിവരങ്ങളാണ് പറഞ്ഞത്. ഗുജറാത്തിലെ ഒരു വനിതാ ഡോക്ടര്‍ പോലും ഇയാളുടെ ചതിക്കുഴിയില്‍ വീണിട്ടുണ്ട്. വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നു പറഞ്ഞാണ് ഇയാള്‍ ഡോക്ടറെ സമീപിച്ചത്. ഇതിനിടെ അവര്‍ തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. ഈ അവസരം അയാള്‍ മുതലെടുത്തു. വീഡിയോ ചാറ്റിങ്ങിലൂടെ ഡോക്ടറുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയായിരുന്നു പിന്നീടുള്ള തട്ടിപ്പ്. ഡോക്ടറുടെ രക്ഷിതാക്കളുടെയും സഹോദരന്റെയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൈക്കലാക്കിയ ഇയാള്‍ ഈ നഗ്നചിത്രങ്ങളും വീഡിയോകളും അവര്‍ക്ക് വാട്‌സാപ്പിലൂടെ അയച്ചുകൊടുത്തു. മാത്രമല്ല അശ്ലീല സൈറ്റുകളില്‍ അവരുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആ ഡോക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. രക്ഷിതാക്കള്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്. പിന്നീട് ഈ ഡോക്ടര്‍ മുഹമ്മദ് ബിന്‍ അലി എന്ന യഥാര്‍ത്ഥ ആളിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കണ്ടുപിടിക്കുകയും അതിന്റെ കമന്റ് ബോക്‌സില്‍ തനിക്കു നേരിട്ട ദുരിതം വിശദമായി പറയുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് മലപ്പുറം സ്വദേശിയായ തട്ടിപ്പുകാരനില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് നടി നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇയാളുടെ സോഷ്യല്‍ മീഡിയയില്‍ ഖത്തര്‍ രാജകുടുംബത്തിന്റെ ഫോട്ടോ കണ്ടയുടന്‍തന്നെ നടി അദ്ദേഹത്തിനെ ഫോണിലൂടെ ബന്ധപ്പെട്ടു. തുടര്‍ന്ന് മലപ്പുറം സ്വദേശിയുടെ തട്ടിപ്പ് സോഷ്യല്‍ മീഡിയ വിവരങ്ങള്‍ അദ്ദേഹത്തിന് അയക്കുകയും ചെയ്തു. ഈ സംഭവം അദ്ദേഹം നേരത്തെ അറിഞ്ഞതാണെന്നും തന്റെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പു നടക്കുന്നുണ്ടെന്ന കാര്യം പലരും വിളിച്ചു പറയുന്നുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നുമാണ് മുഹമ്മദ് ബിന്‍ അലി എന്ന യഥാര്‍ഥ ഖത്തര്‍ രാജകുടുംബാംഗം നടിയെ അറിയിച്ചിരിക്കുകയാണ്.

നിലവില്‍ മലപ്പുറം സ്വദേശിയായ സല്‍മാന്‍ ഫാരിസ് ഖത്തറിലാണ് ഉള്ളതെന്നും അവിടെ ഒരു ബന്ധുവിന്റെ സഹായത്തോല്‍ ഒരു ജോലിക്കു ശ്രമിക്കുകയാണെന്നുമാണ് നടിക്കു ലഭിച്ച വിവരം.തന്റെ വിവരങ്ങള്‍ മനസിലാക്കിയതറിഞ്ഞ മലപ്പുറം സ്വദേശിയായ സല്‍മാന്‍ ഫാരിസ് വ്യാജ മെയില്‍ അക്കൗണ്ടുകളിലൂടെ നടിക്ക് ഭീഷണി സന്ദേശങ്ങള്‍ അയക്കുകയാണ്. അവരെ തട്ടിക്കൊണ്ടു പോകുമെന്നും റേപ്പ് ചെയ്യുമെന്നും തട്ടിക്കൊണ്ടു പോയി മറ്റു രാജ്യങ്ങളില്‍ വില്‍പ്പന നടത്തുമെന്നുവരെയാണ് ഭീഷണി. ഷൂട്ടിംഗിന്റെ ആവശ്യങ്ങള്‍ക്ക് ഈ നടി വിദേശ രാജ്യങ്ങളിലൊക്കെ പാകാറുണ്ട്. ഒരുപക്ഷേ തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ പൂര്‍ണ ഉത്തരവാദി സല്‍മാന്‍ ഫാരിസ് ആയിരിക്കുമെന്ന് നടി കലാകൗമുദിയോടു പറഞ്ഞു.

Related Articles
Next Story