കൊണ്ടപ്പള്ളി ബൊമ്മല പ്രധാനമന്ത്രിക്ക് സമ്മാനിച്ച് ശോഭിത ധൂലിപാലയും നാഗ് ചൈതന്യയും

പാർലമെൻ്റ് ഹൗസിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നടി ശോഭിത ധൂലിപാലയും നാഗ് ചൈതന്യയും. കൂടിക്കാഴ്ചയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള കരകൗശലവസ്തുവായ പരമ്പരാഗത കൊണ്ടപ്പള്ളി ബൊമ്മല (നൃത്തം ചെയ്യുന്ന പാവ) ശോഭിത പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. നടൻ അക്കിനേനി നാഗേശ്വര റാവുവിന് (എഎൻആർ) ആദരാഞ്ജലികൾ അർപ്പിച്ച അവസരത്തിൽ ദമ്പതികൾ പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി.
ANR-ൻ്റെ ജീവിത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരത്തിന് ശോഭിതയും നാഗ് ചൈതന്യയും തങ്ങളുടെ ഹൃദയംഗമമായ അഭിനന്ദനം അറിയിച്ച. ഇത് അവരുടെ കുടുംബത്തിന് മാത്രമല്ല, ലോകമെമ്പാടുമുള്ള ANR-ൻ്റെ വലിയ ആരാധകവൃന്ദത്തിനും ഇന്ത്യൻ സിനിമാ പ്രേമികൾക്കും ഒരു അമൂല്യമായ അവസരമാണെന്നു താരങ്ങൾ പറഞ്ഞു. മോദിയുമായുള്ള തങ്ങളുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ നടി ശോഭിത തന്നെയാണ് പങ്കുവെച്ചത്.
“ഇന്നത്തെ പാർലമെൻ്റ് ഹൗസിലെ യോഗത്തിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ജിയോട് അഗാധമായ നന്ദി. പത്മഭൂഷൺ പുരസ്‌കാര ജേതാവ് ഡോ.യാർലഗഡ്ഡ ലക്ഷ്മി പ്രസാദിൻ്റെ 'അക്കിനേനി കാ വിരാട് വ്യക്തിത്വ' അവതരിപ്പിക്കാൻ കഴിഞ്ഞത് ANR ഗാരുവിൻ്റെ സിനിമാ പാരമ്പര്യത്തോടുള്ള ആദരവാണ്. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ജോലികൾക്കുള്ള നിങ്ങളുടെ അംഗീകാരം ഞങ്ങളുടെ കുടുംബത്തിനും ആരാധകർക്കും ഇന്ത്യൻ സിനിമാ പ്രേമികൾക്കും ഒരു അമൂല്യമായ സ്ഥിരീകരണമാണ്.'' ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താര ദമ്പതികൾ കുറിച്ചു.
തൻ്റെ പിതാവായ അക്കിനേനി നാഗേശ്വര റാവുവിൻ്റെ ആജീവനാന്ത പ്രവർത്തനത്തെ അംഗീകരിച്ചതിന് മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് തെലുങ്ക് താരം നാഗാർജുനയും നന്ദി അറിയിച്ചിരുന്നു.