' സിനിമ ഒരിക്കലും മിസ്സ് ചെയ്തിരുന്നില്ല, കാരണം അതിലും വലിയ ജോലിയായിരുന്നു ഏറ്റെടുതിരുന്നത് '; തിരിച്ചുവരവിനെ കുറിച്ച് വാണി വിശ്വനാഥ്
'മോളിവുഡ് ആക്ഷൻ ക്വീൻ' എന്നായിരുന്നു വാണി അറിയപ്പെട്ടിരുന്നത്.
മലയാളികൾ ഒരിക്കലും മറക്കാൻ സാധ്യതയില്ല നടിയാണ് വാണി വിശ്വനാഥ്. മലയാള സിനിമയിൽ തീപ്പൊരി ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ചെയ്തു നായിക സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിയ നടിയാണ് വാണി. അതുകൊണ്ട് തന്നെ 'മോളിവുഡ് ആക്ഷൻ ക്വീൻ' എന്നായിരുന്നു വാണി അറിയപ്പെട്ടിരുന്നത്.
1987ൽ മംഗല്യ ചാർത്തു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ വാണി മലയാളം കൂടാതെ തമിഴ് തെലുങ്കു കന്നഡ ഹിന്ദി എന്നി ഭാഷകളിലായി 120 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2000ൽ 'സൂസന്ന' എന്ന ടി വി ചന്ദ്രന്റെ ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് വാണി വിശ്വനാഥിനായിരുന്നു. നായകനെ സ്നേഹിക്കുന്ന , വിരഹത്തിൻ കരയുന്ന, പ്രണയ രംഗങ്ങളിൽ ആടി പാടുന്ന നായികമാരിൽ നിന്നും വ്യത്യസ്തമായി വാണി ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ വെറുമൊരു നായിക എന്നതിനെ കവിഞ്ഞു കഥാപാത്രത്തിന് വില നൽകുന്നതായിരുന്നു. അതുകൊണ്ട് തന്നെ അന്നും എന്നും മലയാള സിനിമയിൽ ആക്ഷൻ ക്യുഎൻആയി വാണി വിശ്വനാഥ് നിലനിൽക്കുന്നുണ്ട്. മമ്മൂട്ടി നായകനായ 'ദി കിംഗിലെ അനുര മുഖർജി ഐഎഎസ് , 'ദി ട്രൂത്തിലെ കർക്കശക്കാരിയായ പോലീസ് ഓഫീസർ മീന നമ്പ്യാർ, ചിന്താമണി കൊലക്കേസിൽ സുരേഷ് ഗോപിയുടെ കൂടെ അഡ്വക്കേറ്റ് പട്ടമ്മാൾ , ഉസ്താദിൽ മോഹൻലാലിനൊപ്പം നായകനെ എതിർക്കുന്ന തന്റേടിയായ കമ്മീഷണർ വർഷ വർമ, ബ്ലാക്ക് ഡാലിയയിലെ തന്റെ അനിയത്തിയെ കൊന്നതിന്റെ പ്രതികാരത്തിനായി ഇറങ്ങിത്തിരിക്കുന്ന ഡെയ്സി വിൽഫ്രഡ് ഐപിഎസ് എന്നി കഥാപാത്രങ്ങളെല്ലാം വാണിയുടെ സിനിമ ജീവിതത്തിലെ നായകനെക്കാൾ കയ്യടി നേടിയ കഥാപാത്രങ്ങളായിരുന്നു. ഈ ചിത്രങ്ങളിൽ ഒന്നും തന്നെ നായികാ സ്ഥാനമായിരുന്നില്ല വാണിയുടെ കഥാപാത്രങ്ങൾക്ക്, എന്നാൽ അത്തരം കഥാപാത്രങ്ങൾ വാണി അല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയുന്നതുമായിരുന്നില്ല. തെലുങ്കിൽ ആദ്യമായി വാണി വിശ്വനാഥ് അഭിനയിച്ച ചിരഞ്ജീവി നായകനായ 'ഘരാന മൊഗുഡു ' എന്ന ചിത്രം അന്നത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു.
പിന്നീട് വിവാഹ ശേഷം വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമായിരുന്നു വാണി വിശ്വനാഥ് അഭിനയിച്ചത്. നടനും വാണിയുടെ ഭർത്താവുമായ ബാബുരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 2009ൽ പുറത്തിറങ്ങിയ ബ്ലാക്ക് ഡാലിയ.അതിനു ശേഷം ബാബുരാജിന്റെ രണ്ടാമത്തെ ചിത്രമായ 'മനുഷ്യമൃഗം' നിർമ്മിച്ചതും വാണിയായിരുന്നു. പിന്നീട് കുറെയധികം കാലത്തേക്ക് വാണി വിശ്വനാഥ് സിനിമകളിൽ നിന്ന് വിട്ടുനിന്നിരുന്നു.
എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ മലയാള ചിത്രമായ 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന എം എ നിഷാദ് രാജയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് തിരുവരവ് നടത്തിയിരിക്കുകയാണ് വാണി വിശ്വനാഥ്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപെട്ടു നടത്തിയ അഭിമുഖത്തിൽ നടി തന്റെ തിരിച്ചുവരവിനെ പറ്റി പങ്കുവെച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് വളരെ സന്തോഷമുള്ളതാണ്. എന്നാൽ ഈ തിരുച്ചുവരവുകൊണ്ട് വലിയ വിപ്ലവങ്ങൾ ഒന്നും തന്നെ നടക്കുനില്ല.മക്കളെ വളർത്തുക എന്ന ചുമതല ഏറ്റെടുത്ത കൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. എന്നാൽ അതുകൊണ്ട് സിനിമ മിസ് ചെയ്‌തെന്ന് പറയാനാവില്ല. കാരണം അതിലും വലിയ സന്തോഷമുള്ള ഒരു ഉത്തരവാദിത്തമായിരുന്നു താൻ ഏറ്റെടുത്തതെന്നും വാണി അഭിമുഖത്തിൽ പറയുന്നു. കൂടാതെ സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് സ്വന്തമായ ഒരു സ്റ്റൈൽ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മറ്റുള്ളവർ ചെയ്യാത്ത തരം കഥാപാത്രങ്ങൾ ചെയ്തു. അതുകൊണ്ടാണ് അന്ന് അത്തരം ആക്ഷൻ റോളുകൾ എല്ലാം ചെയ്തത്. തനിക്ക് കുടുംബ നായികമാരുടെ റോളുകളും ചെയ്യാൻ താല്പര്യമായിരുന്നു. എന്നാൽ അത്തരം റോളുകൾ ചെയ്യാൻ അന്ന് ഒരുപാടു നായികമാർ ഉണ്ടായിരുന്നു. ആക്ഷൻ കഥാപാത്രങ്ങൾക്ക് ആരും തന്നെ ഇല്ലായിരുന്നു.പിന്നെ തനിക് അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ വാശിയായെന്നും വാണി അഭിമുഖത്തിൽ പറയുന്നുണ്ട്. നായകന് ഒപ്പമുള്ള കഥാപാത്രങ്ങളേക്കാൾ നായകനെ എതിർക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ വളരെ താല്പര്യമായിരുന്നു വാണിക്ക്.
ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഒരു കുറ്റാന്വേഷണ ത്രില്ലെർ ചിത്രമാണ്. എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിവേക് മേനോൻ ആണ്. ചിത്രം നവംബര് 8 തിയേറ്റർ റിലീസ് ചെയ്യും.