അനുമതിയില്ലാതെ സിനിമാ ഷൂട്ടിoഗ് നടത്തിയ ബോട്ടുകള്‍ക്ക് 5 ലക്ഷം പിഴ

അനുമതിയില്ലാതെ സിനിമ ചിത്രീകരണത്തിനായി ഉപയോഗിച്ച രണ്ട് ബോട്ടുകള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം പിഴ അടയ്ക്കാൻ ഫിഷറീസ് മാരിടൈം വിഭാഗം നോട്ടീസ് നൽകി.കഴിഞ്ഞ ദിവസം കൊച്ചിയിലെ ചെല്ലാനത്ത് നാഗ ചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ അനധികൃതമായി ഉപയോഗിച്ച രണ്ട് ബോട്ടുകളുടെ ഉടമകൾക്കാണ് പിഴ അടയ്ക്കാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്. പിടിച്ചെടുത്ത ബോട്ടുകൾ പിഴ അടക്കുന്നതുവരെ വിട്ടു നൽകില്ലെന്നും അറിയിച്ചിട്ടുണ്ട്. നാവിക സേനയുടെ സീ വിജില്‍ തീരസുരക്ഷ മോക്ക് ഡ്രില്ലിന്റെ ഭാഗമായി കടലില്‍ പരിശോധന നടത്തുന്നതിനിടെ കടലിൽ സിനിമ ഷൂട്ടിംഗ് നടക്കുന്നത് കോസ്റ്റല്‍ പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.ഇവർ വിവരം വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടർന്നാണ് ബോട്ടുകൾ കണ്ടു കെട്ടിയത്.ചെല്ലാനം ഹാര്‍ബറില്‍ മാത്രം ഷൂട്ടിംഗ് നടത്താനാണ് സിനിമ സംഘം അനുമതിവാങ്ങിയിരുന്നത്. എന്നാൽ പിന്നീട് നിയമം ലംഘിച്ചു ബോട്ടുകള്‍ കടലില്‍ ഇറക്കി ചിത്രീകരണം നടത്തി. ബോട്ടില്‍ ഉണ്ടായിരുന്ന 33 സിനിമ പ്രവര്‍ത്തകരും യാതൊരുവിധത്തിലുള്ള സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.കൊച്ചി മേഖലയിൽ അനധികൃതമായി ബോട്ടുകള്‍ ഷൂട്ടിംഗിനും വിനോദ സഞ്ചാരികൾക്കും മറ്റും ദിവസ വാടകയ്ക്കു നല്‍കുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതി കാലങ്ങളായുണ്ട്. നിയമങ്ങൾ ലംഘിച്ചും സുരക്ഷ മുൻകരുതലുകളില്ലാതെയും നടത്തുന്ന ബോട്ട് ബിസിനസ്സിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നും യാതോരുവിത നടപടികളുംഉണ്ടാകാറില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ബോട്ടുകൾ വാടകക്കു നൽകുന്നതിൻ്റെ മറവിൽ മയക്കുമരുന്നു റാക്കറ്റുകൾ ഉണ്ടോയെന്നും പോലീസ് സംശയിക്കുന്നു.

Related Articles
Next Story