കൽപ്പനയുഗം അവസാനിച്ചിട്ട് 9 വർഷം കോമഡി വേഷങ്ങൾ പരീക്ഷിക്കാൻ നിർദേശിച്ചത് ജഗതീഷ് ശ്രീകുമാർ
പുരുഷന്മാർ മാത്രം കൊടികുത്തിവാഴുന്ന സിനിമയിലെ കോമഡി വേഷങ്ങളിൽ തന്റേതായ പേര് പതിപ്പിച്ച വളരെ ചുരുക്കം കലാകാരികളേയുള്ളു. അതിൽ ആദ്യം മലയാളികളുടെ മനസിലേക്കോടിയെത്തുന്നതാരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. മലയാളികളുടെ പ്രിയപെട്ട കല്പനചേച്ചി . അത്രമേൽ മലയാളി മനസ്സുകളിൽ പതിഞ്ഞു കിടക്കുന്ന കഥാപാത്രങ്ങളാണ് ആ കലാകാരി സമ്മാനിച്ചിട്ടുള്ളത്. ഒരു കാലഘട്ടത്തെ മാത്രമല്ല കാലഘട്ടങ്ങൾ കടന്ന് പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ അവശേഷിപ്പിച്ച് കൽപ്പന ചേച്ചി ഓർമയായിട്ട് ഇന്ന് 9 വർഷമാകുന്നു.
വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച കൽപ്പന 1980 ലെ പോക്കുവെയിലിലൂടെയാണ് മുൻനിര വേഷങ്ങളിലേക്ക് കടന്നുവരുന്നത്. 1980 ൽ തുടങ്ങിയ മലയാള സിനിമയിലെ കൽപ്പനയുഗം അവസാനിച്ചത് 2016 ൽ പുറത്തിറങ്ങിയ ചാർലിയിലാണ്. സമാനതകളില്ലാത്ത ആ അഭിനയത്രിക്ക് , പകരം വാക്കാനാകാത്ത വിധം ഒട്ടനവധി കഥാപാത്രങ്ങൾ അവർ മലയാള സിനിമക്ക് നൽകി.
ആദ്യ കാല സിനിമകളിൽ ഹാസ്യത്തിന്റെ മേൻപൊടികളൊന്നുമില്ലാത്ത കഥാപാത്രങ്ങൾ ചെയ്തിരുന്ന കൽപ്പനയോട് ഹാസ്യത്തിലൊരു കൈ പരീക്ഷിക്കാൻ നിർദേശിച്ചത് മലയാളത്തിന്റെ കോമഡി കിംഗ് ജഗതീഷ് ശ്രീകുമാർ ആണ്. പിന്നീടിങ്ങോട്ട് ചെയ്ത 300 ഓളം ചിത്രങ്ങളിൽ 57 ഓളം വേഷങ്ങളിൽ ജഗതീഷ് ശ്രീകുമാറിനോടൊപ്പം കൊണ്ടും കൊടുത്തും ഇരുവരും ചേർന്ന് പ്രേക്ഷകരെ ചിരിപ്പിച്ചു.
ഇൻസ്‌പെക്ടർ ബൽറാമിലെ സബ് ഇൻസ്‌പെക്ടർ ദാക്ഷായണി, കുടുംബകോടതിയിലെ ഗുണ്ടൂർ പാർവതി, സി ഐ ഡി ഉണ്ണികൃഷ്ണനിലെ വീട്ടുജോലിക്കാരി ക്‌ളാര ഇങ്ങനെ തുടങ്ങി എണ്ണം പറഞ്ഞാൽ തീരാത്ത കഥാപാത്രങ്ങൾ. എന്നും ഇപ്പോഴും എന്ന സിനിമയിലെ ബിന്ദു നൈനാരെ എങ്ങനെ ആണ് മലയാളികൾ മറക്കുന്നത്." ഈശ്വരാ സൗന്ദര്യം ഒരു ശാപമാണോ" എന്ന് തമാശക്കെങ്കിലും പറയാത്തവർ ഉണ്ടാകില്ല.
ഹാസ്യവേഷങ്ങളുടെ ആവർത്തനങ്ങളെ മറികടക്കാൻ കൽപ്പനക്ക് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. സിനിമയിൽ കൽപ്പന കരയുമ്പോൾ കൂടെ കരയാതിരിക്കാൻ കാഴ്ചക്കാരൻ കുറച്ചധികം കഷ്ടപ്പെടണം.
ജീവിതത്തിലെ അവസാന നാളുകളോടടുക്കുമ്പോഴാണ് കൽപ്പന അത്തരം കഥാപാത്രങ്ങൾ കൂടുതലും ചെയ്തത്. അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ചെയ്ത പോക്കുവെയിൽ, യാഗം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഹാസ്യത്തിന്റെ ഭാവം കലരാത്തതായിരുന്നു. 2002 ൽ പുറത്തിറങ്ങിയ കണ്ണകിക്ക് ശേഷം കൽപ്പന ചേച്ചി വീണ്ടും ഹാസ്യ വേഷങ്ങളിലേക്ക് മടങ്ങി. പിന്നീട് വീണ്ടും ഗൗരവ വേഷത്തിൽ തിരിച്ചെത്തുന്നത് മിഴി രണ്ടിലും അഞ്ചിൽ ഒരാൾ അർജുനൻ, പകൽ നക്ഷത്രങ്ങൾ തുടങ്ങിയ ചിത്രങ്ങളിലെ ഗൗരവവും ഹാസ്യവും കലർന്ന കഥാപാത്രങ്ങളിലാണ് . ഒന്നിലധികം ചെറുസിനിമകൾ ചേരുന്ന കേരള കഫേയിലെ ബ്രിഡ്ജിലെ അഭിനയം എടുത്ത് പറയേണ്ടതാണ്. അതിൽ സലിം കുമാർ അവതരിപ്പിച്ച മണികണ്ഠൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായുള്ള കല്പനയുടെ പ്രകടനം ഏറെ ശ്രേധിക്കപെട്ടു. ഇന്ത്യൻ റുപ്പിയിലെ മേരി , സ്പിരിറ്ററിലെ പങ്കജം, പകൽ നക്ഷത്രങ്ങളില് രാജി, തനിച്ചല്ല ഞാനിലെ റസിയ ബീവി, ചാർലിയിലെ ക്വീൻ മേരി ഇവരാരും മലയാളികളെ കരയിക്കാതെ കടന്നുപോകുന്നില്ല.
മലയാളത്തിൽ കൂടുതലും ഹാസ്യത്തിൽ തിളങ്ങിയ കൽപ്പന തമിഴിൽ കൂടുതലും ചെയ്തത് സീരിയസ് വേഷങ്ങളായിരുന്നു. സതി ലീലാവതിയിലെ ലീലാവതി മാത്രമാണ് അതിലല്പം മാറ്റമുള്ളത്.
മലയാളത്തിലിനിയൊരു കൽപ്പനയുഗം ഉണ്ടാകുമോയെന്നറിയില്ല . ദി കമ്പ്ലീറ്റ് ആക്ടറെസ്സ് എന്ന് സംശയിക്കാതെ തന്നെ പറയാം. മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അവർ ചെയ്തുവച്ച കഥാപാത്രങ്ങൾ കാലഘട്ടങ്ങൾക്കപ്പുറവും ജീവിക്കും.