ഹിന്ദിയിൽ അഭിഷേക് ബച്ചനെ നായകനാക്കി എടുക്കാൻ ആഗ്രഹിച്ച ചിത്രമാണ് '96'

തമിഴിലും മലയാളത്തിലും വലിയ ജനപ്രീതി നേടിയ ചിത്രമാണ് വിജയ് സേതുപതി - തൃഷ കോമ്പൊയിൽ 2018 ൽ ഇറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രം 96. തമിഴിൽ തൃഷയ്ക്കുപകരം ആദ്യം ഉദ്ദേശിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു എന്ന തരത്തിലുള്ള വാർത്തകൾ മുന്നേ തന്നെ പ്രചരിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ ചിത്രത്തെ സംബന്ധിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ നടത്തുകയാണ് സംവിധായകൻ പ്രേം കുമാർ. അഭിഷേക് ബച്ചനെ നായകനാക്കി ഒരു ബോളിവുഡ് ചിത്രമായാണ് ചിത്രം ആദ്യം എഴുതിയത് എന്നത് പലര്‍ക്കും അറിയില്ല. ചിത്രത്തില്‍ അഭിഷേക് ബച്ചനെ നായകനായി അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നതായും നിർഭാഗ്യവശാൽ തനിക്ക് അന്ന് അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ചിത്രത്തിൻറെ സംവിധായകൻ പ്രേം കുമാർ പറയുന്നു. സ്‌ക്രീൻ റൈറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ ഇന്ത്യൻ സ്‌ക്രീൻ റൈറ്റേഴ്‌സ് കോൺഫറൻസിലാണ് അദ്ദേഹം ആദ്യം ഇതൊരു ഹിന്ദി ചിത്രമായയാണ് എഴുതിയതെന്ന് വെളിപ്പെടുത്തിയത്. ഇന്ത്യൻ സ്‌ക്രീൻ റൈറ്റേഴ്‌സ് കോൺഫറൻസിന്‍റെ ഭാഗമായി ദ സൗത്ത് സാഗ – റൂട്ട്ഡ്, റെലവന്‍റ്, റെവല്യൂഷണറി – എന്ന സെഷനിലാണ് പ്രേം കുമാര്‍ പങ്കെടുത്തത്.ഉള്ളോഴുക്ക് സംവിധായകന്‍ ക്രിസ്റ്റോ ടോമി, സപ്ത സാഗരദാച്ചെ എല്ലോ ഫെയിം ഹേമന്ത് എം റാവു, സരിപോദ ശനിവാരം ഫെയിം വിവേക് ആത്രേയ തുടങ്ങിയ സംവിധായകരും ഇതേ സെഷനിൽ പങ്കെടുത്തിരുന്നു.
മെയ്യകൻ എന്ന തമിഴ് ചിത്രമാണ് പ്രേം കുമാർ അവസാനമായി സംവിധാനം ചെയ്തത്. തനിക്ക് ഹിന്ദി സിനിമയോട് വളരെ വലിയ ഇഷ്ടമാണെന്നും ഹിന്ദിയുമായി വളരെ അടുത്ത ബന്ധമാണെന്നും അദ്ദേഹം പറയുന്നു “എനിക്ക് ഹിന്ദി നന്നായി അറിയാം, എന്‍റെ അച്ഛൻ വടക്കേ ഇന്ത്യയിലാണ് വളർന്നത്. അതുകൊണ്ട്, കുട്ടിക്കാലത്ത് ഞാൻ ഹിന്ദി സിനിമകളാണ് നിരന്തരം കണ്ടത്. നസിറുദ്ദീൻ ഷാ ആയിരുന്നു എന്‍റെ പ്രിയപ്പെട്ട നടൻ”. താൻ ഇപ്പോൾ ഒരു ഹിന്ദി തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ടെന്നും പ്രേം കുമാർ കൂട്ടിച്ചേർത്തു.