വന്‍ സുരക്ഷാ സംവിധാനത്തോടെ കൂലിയിലെ സൗബിനും പൂജ ഹെഗ്‌ഡെയുമൊത്തുള്ള ഡാൻസ് നമ്പർ

ലോകേഷ് കനകരാജ്-രജനികാന്ത് ചിത്രം കൂലിയുടെ ഗാനങ്ങളുടെ ചിത്രീകരണം ചെന്നൈയില്‍ തുടങ്ങി. മലയാളി താരം സൗബിനും തെന്നിന്ത്യന്‍ താരം പൂജ ഹെഗ്‌ഡെയും ഒരുമിച്ചെത്തുന്ന ഒരു ഗാനത്തിന്റെ ഷൂട്ടിംഗാണ് ആരംഭിച്ചത്. ചെന്നൈയില്‍ കൂറ്റന്‍ കപ്പലിലാണ് ഗാനചിത്രീകരണം. ചിത്രീകരണ രംഗങ്ങള്‍ ചോരാതിരിക്കാന്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇന്നലെയാണ് സൗബിന്‍-പൂജ ഹെഗ്‌ഡെ താരങ്ങളുടെ ഗാനചിത്രീകരണം തുടങ്ങിയത്. സിനിമയില്‍ കാമിയോ അപ്പിയറന്‍സാണ് പൂജ ഹെഗ്‌ഡെയ്ക്കുള്ളത്. സൗബിന് നിര്‍ണായക റോളാണ് സിനിമയിലുള്ളത്.

ദയാല്‍ എന്ന കഥാപാത്രമായാണ് സൗബിന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സൗബിന്‍െ ക്യാരക്റ്റര്‍ പോസ്റ്റര്‍ നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിഗരറ്റ് കടിച്ചുപിടിച്ച് കയ്യിലെ സ്വര്‍ണവാച്ചിലേക്ക് രൂക്ഷമായി നോക്കുന്ന സൗബിനെയാണ് പോസ്റ്ററില്‍ കാണാനാവുക. 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയിലെ കുട്ടേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ തമിഴ് ആരാധകര്‍ക്കിടയില്‍ സൗബിന്‍ ഷാഹിര്‍ ശ്രദ്ധനേടിയിരുന്നു. ഇതേ തുടര്‍ന്ന് വെട്രിമാരന്റേത് ഉള്‍പ്പടെ നിരവധി സംവിധായകരില്‍ നിന്നാണ് സൗബിന് ഓഫറുകള്‍ വരുന്നത്. നേരത്തെ 'കൂലി' സിനിമയ്ക്കു വേണ്ടി ഫഹദിനെയും ലോകേഷ് സമീപിച്ചതായാണ് റിപ്പോര്‍ട്ട്.


സിനിമയില്‍ രജനികാന്തിന്റെ ഭാഗം നേരത്തെ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഹിന്ദി സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ഖാനും ചിത്രത്തില്‍ കാമിയോ അപ്പിയറന്‍സായി എത്തുന്നുണ്ട്. ചെന്നൈയില്‍ നടക്കുന്ന ഗാനത്തിന്റെ ചിത്രീകരണം ഒരാഴ്ച നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ സുപ്രധാന സീനിലാണ് ഗാനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ഗാനരംഗത്തിന് പ്രാധാന്യവും ഏറെയാണ്. കൂറ്റന്‍ കപ്പലില്‍ ബൗണ്‍സര്‍മാരുടെയും പൊലീസിന്റെയും സുരക്ഷാ വിന്യാസത്തോടെയാണ് ചിത്രീകരണം.

38 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും സത്യരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂലി. 1986ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഭരത് എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പാശ്ചത്തലത്തില്‍ കഥ പറയുന്ന കൂലി ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, റെബി മോണിക്ക ജോണ്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്.

സംവിധായകന്‍ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇന്‍ഡസ്ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്ക്ക് സാധിച്ചു. ദളപതി വിജയ്‌യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related Articles
Next Story