15 കോടി മുതൽമുടക്കിൽ ഒരു ഗാനം ; ഗ്രാൻഡ് റിലീസിന് ഒരുങ്ങി രാം ചരൺ ചിത്രം
നേരത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ രണ്ടു ഗാനങ്ങൾ പ്രോമോ ആയി പുറത്തിറക്കിയിരുന്നു
ഹിറ്റ് സംവിധായകൻ ശങ്കർ റാം ചാരനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെയിം ചെയ്ഞ്ചർ. ബോളിവുഡ് തരാം കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ രചനയിൽ ഒരുങ്ങിയ ചിത്രം 2025 ജനുവരിയിൽ 10ന് ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രോമോ ആയി കിയാര അദ്വാനിയും രാം ചരണും ഒന്നിച്ചുള്ള ഒരു ഗാനം പുറത്തു വന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് അടുക്കുന്ന അവസരത്തിൽ 15 കോടി മുതൽ മുടക്കിൽ മറ്റൊരു ഗാന രംഗം ഷൂട്ട് ചെയ്തിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. റിപ്പോർട്ടുകൾ അനുസരിച്ചു ചിത്രത്തിന്റെ മൂന്നാമത്തെ ഗാനരംഗം ന്യൂസിലാൻഡിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. കിയാരയും രാം ചരണും ഒന്നിച്ചുള്ള പ്രണയ ഗാനമായിരിക്കും ഇത്. 15 കോടിയാണ് ഈ ഗാനത്തിനായി ചിലവായത്. നവംബർ 27ന് ഗാനം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ രണ്ടു ഗാനങ്ങൾ പ്രോമോ ആയി പുറത്തിറക്കിയിരുന്നു. 'ജാരഗണ്ടി' എന്ന ഗാനവും,'രാ മച്ചാ മച്ചാ' എന്ന ഗാനവും ആയിരുന്നു അത്. ഈ രണ്ടു ഗാനങ്ങളും വലിയരീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.
സീ സ്റ്റുഡിയോസിന്റെ ബാനറിൽ ദില് രാജുവാണ് ചിത്രം നിർമ്മിക്കുന്നത്.എസ് ജെ സൂര്യ, ജയറാം, അഞ്ജലി, നാസർ,സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ റാം ചാരൻ മൂന്നു വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എസ് താമനാണ് ചിത്രത്തിന്റെ സംഗീത സംവിധയാകൻ.