ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും, ഒരു ദിവസത്തെ ഷൂട്ടും ; വേട്ടയാനിലെ ശമ്പളമില്ലാതെ അഭിനയത്തിന്റെ പറ്റി അലൻസിയർ

വേട്ടയാനിൽ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടാൻ തനിക് ലഭിച്ച അവസരത്തെ പറ്റി പറയുകയാണ് നടൻ അലൻസിയർ. നാരായണൻ്റെ മൂന്നാംമക്കൾക്ക് എന്ന പുതിയ സിനിമയുടെ മുന്നോടിയായുള്ള ഒരു പ്രസ് മീറ്റിൽ ആണ് തമിഴ് സിനിമയിൽ ഇന്ത്യയിലെ വലിയ താരങ്ങളോടൊപ്പം അഭിനയിക്കാൻ കിട്ടിയ അവസരത്തിന് പറ്റി അലൻസിയർ പറയുന്നത്. എന്നാൽ സിനിമയിൽ അഭിനയിച്ചിട്ട് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് കാര്യം നടൻ വെളിപ്പെടുത്തി.മുംബൈ വരൈ ഫ്ലൈറ്റ് ടിക്കറ്റ് തന്നാണ് തന്നെ കൊണ്ടുപോയതെന്നും ഫൈവ് സ്റ്റാർ ഹോട്ടലിൽ ആയിരുന്നു താമസമെന്നും നടൻ പറയുന്നു.
''എനിക്ക് ഒരു രൂപ ശമ്പളം കിട്ടിയില്ല. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും തന്നു. ഞാൻ അവിടെ ചെന്നിട്ട് ജഡ്ജി വേഷത്തിൽ ഇരിക്കണം.ഇനി ഇത് പറഞ്ഞതുകൊണ്ട് തമിഴിൽ എനിക്ക് വേഷം കിട്ടുമെന്ന് തോന്നുന്നില്ല.അമിതാഭ് ബച്ചനും രജിനികാന്തും അഭിനയിക്കുന്നത് എങ്ങനെയാണെന്ന് കാണണമെന്ന് മോഹിച്ച് മാത്രം പോയതാണ്. അല്ലാതെ തമിഴിൽ അഭിനയിക്കണമെന്നോ, തമിഴ് കീഴടക്കണമെന്നോ എന്നൊന്നും എനിക്ക് താല്പര്യമില്ല. '' അലെൻസിയർ പറയുന്നു.
തന്റെ പ്രീ-ഡിഗ്രിക്ക് കാലത്ത് ഒരു സിനിമയിൽ രജനി സാർ പറക്കുന്ന ഹെലികോപ്ടർ പല്ലുകൊണ്ട് നിർത്തുന്നത് താൻ കണ്ടിട്ടുണ്ട്. അതിനാൽ, അദ്ദേഹത്തിൻ്റെ അഭിനയം എങ്ങനെയാണെന്ന് നേരിട്ട് കാണാൻ ആഗ്രഹിച്ചു.
“ഇത് ഒരു ദിവസത്തെ ഷൂട്ട് മാത്രമായിരുന്നു. അദ്ദേഹം തൻ്റെ ശൈലിയിലുള്ള അഭിനയം ചെയ്യുന്നു, അവിടെ അദ്ദേഹം തൻ്റെ ശരീര ഭാഷ ഉപയോഗിച്ച് പ്രകടനം നടത്തുകയും കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്യുന്നു, തുടർന്ന് അമിതാഭ് ബച്ചൻ്റെ കഥാപാത്രം സിംഹത്തെപ്പോലെ ഗർജിക്കും. ഇതിനെത്തുടർന്ന് ജഡ്ജി ഞെട്ടി അവിടെ ഇരിക്കുന്നു.'' അലെൻസിയർ പറഞ്ഞു.
തനിക്ക് അവരുമായി മത്സരിക്കാൻ കഴിയില്ലെന്ന് തനിക്ക് മനസ്സിലായെന്ന് അലൻസിയർ പറഞ്ഞുദിലീഷ് പോത്തൻ, ശരൺ വേണുഗോപാൽ, രാജീവ് രവി എന്നിവരുടെ സിനിമകളിൽ അഭിനയിക്കുക മാത്രമാണ് തനിക്ക് ചെയ്യാൻ കഴിയുന്നത് എന്നും നടൻ കൂട്ടിച്ചേർത്തു. മലയാളത്തിലെ സൂപ്പർ താരങ്ങളായ ഫഹദ് ഫാസിലും മഞ്ജു വാര്യരും വേട്ടയാനിൽ ഉണ്ടായിരുന്നു.
പ്രസ് മീറ്റിൽ നടൻ ജോജു ജോർജിനോട് തമിഴ് സിനിമയിൽ അഭിനയിച്ചതിന്റെ വിശേഷങ്ങൾ ചോദിക്കുന്നതിനിടയിലായിരുന്നു അലെൻസിയർ ഈ കാര്യം പങ്കുവെച്ചത്.