മത്സരത്തിൽ നിന്നും പിന്മാറി എന്ന വാർത്തകൾക്ക് പിന്നാലെ ദുബായ് 24എച് റേസിങ്ങിൽ പങ്കെടുക്കാൻ തയാറായി നടൻ അജിത്
തമിഴ് നടൻ അജിത് കുമാറിന് റേസിങ്ങിനോടുള്ള താല്പര്യം എല്ലാവർക്കും അറിയാം. ഇപ്പോൾ താരം ദുബായ് 24എച് റേസിങ്ങിൽ പങ്കെടുക്കാൻ തയാറായിക്കൊണ്ട് ഇരിക്കുകയാണ്. ഇതിനിടെ ഒരു ചാനലിന് അജിത് അഭിമുഖവും നൽകിയിരുന്നു. വളരെ നാളുകൾക്ക് ശേഷം താരം ഒരു അഭിമുഖം നൽകിയതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. അഭിമുഖത്തിലൂടെ താൻ സിനിമയും റേസിംഗും ഒരേപോലെ കൊണ്ടുപോകാൻ താത്പര്യപ്പെടുന്നു എന്നും, മത്സരം കഴിയുന്നതുവരെ മറ്റു ചിത്രങ്ങളിൽ കരാർ ഒപ്പുവെയ്ക്കില്ലയെന്നും അജിത് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വന്ന വാർത്തകൾ പ്രകാരം അജിത് റേസിങ്ങിൽ മത്സരിക്കില്ലയെന്നും, എന്നാൽ ടീമിന്റെ ഓണറായി തുടരുമെന്നും വ്യപകമായി പ്രചരിച്ചിരുന്നു. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് അജിത് കുമാറിന്റെ മാനേജർ ആയ സുരേഷ് ചന്ദ്ര. സുരേഷ് ചന്ദ്ര തന്റെ എക്സ് മാധ്യമത്തിലൂടെയാണ് നടനും റേസറുമായ അജിത് കുമാർ മത്സരത്തിൽ പങ്കെടുക്കുമെന്നത് ഔദ്യോഗികമായി പങ്കുവെച്ചത്.
ജനുവരി 11 മുതലായിരുന്നു ദുബായ് 24എച് റേസിംഗ് മത്സര സീരീസ് ആരംഭിച്ചത്. മത്സര പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽ പെടുകയും, താരത്തിന് സാരമായ പരുക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അജിത് റേസിങ്ങിൽ നിന്നും പിന്മാറി എന്ന വാർത്തകൾ പ്രചരിച്ചത്