ഔദ്യോഗികമായി വിവാഹ ബന്ധം വേർപെടുത്തി നടൻ ധനുഷും ഐശ്വര്യ രജനികാന്തും
കദേശം 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം, 2022 നവംബറിൽ ഇരുവരും ഔദ്യോഗികമായി വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു
നടൻ ധനുഷിനും ഐശ്വര്യ രജനികാന്തിനും ചെന്നൈ കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. ഏകദേശം 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം, 2022 നവംബറിൽ ഇരുവരും ഔദ്യോഗികമായി വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു . തുടർന്ന്, നിയമപരമായി വേർപിരിയാൻ അവർ കുടുംബ കോടതിയെ സമീപിക്കുകയും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു. ഈ വർഷം നവംബർ 21 ന് അവർ കുടുംബ കോടതി ജഡ്ജി ശുഭാദേവി മുമ്പാകെ വേർപിരിയൽ നടപടികൾക്കായി ഹാജരായിരുന്നു. എന്നാൽ എല്ലാ സെക്ഷനിലും ഇരുവരും ഹാജരായില്ല. മാത്രമല്ല വേർപിരിയുന്നതിൽ അവർ ഉറച്ചുനിന്നു. ഇതുപ്രകാരം ബുധനാഴ്ച ജഡ്ജി ഇവർക്ക് വിവാഹമോചനം അനുവദിക്കുകയായിരുന്നു.ഒരുമിച്ചു ജീവിക്കാനാവില്ലായെന്ന് വ്യക്തമായതോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് ഇരുവരും നേരത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.
ചലച്ചിത്ര സംവിധായകൻ കസ്തൂരിരാജയുടെ മകൻ ധനുഷും സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ മകൾ ഐശ്വര്യയും 2004 നവംബർ 18 ന് ആണ് വിവാഹിതരായത് . ഇരുവർക്കും ലിങ്ക , യാത്ര എന്നീ രണ്ടു ആൺമക്കൾ ഉണ്ട്. വേർപിരിഞ്ഞെങ്കിലും പോയസ് ഗാർഡനിൽ അടുത്ത വീടുകളിൽ ആയിരിക്കും ഇരുവരും താമസിക്കുക. കുട്ടികൾക്കൊപ്പം സമയം ചിലവിടാനായിരിക്കും ഇത്.