പകൽനക്ഷത്രങ്ങൾക്കു ശേഷം അനൂപ്‌മേനോന്റെ തിരക്കഥയിൽ വീണ്ടും മോഹൻ ലാൽ എത്തുന്നു

മോഹൻ ലാൽ അനൂപ് മേനോൻ കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം എത്തുന്നു. അനൂപ് മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണ ചുമതല ടൈംലെസ് മൂവീസിനായിരിക്കും. പ്രണയം വിരഹം സംഗീതം നാടകീയത എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ചിത്രം. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലെ ലൊക്കേഷനുകളിലായി വളരെ വിപുലമായി തന്നെ ചിത്രത്തിൻറെ ചിത്രീകരണം നടക്കും. മോഹൻ ലാൽ തന്നെയാണ് അനൂപ് മേനോന് ഒപ്പമുള്ള ചിത്രത്തിലൂടെ പുതിയ ചിത്രത്തെ സംബന്ധിക്കുന്ന വിശേഷങ്ങൾ പങ്കുവച്ചത്. ചിത്രത്തിൻറെ വിഷയം തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പുതിയ ചിത്രത്തിനെകുറിച്ചുള്ള കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.
സംവിധാന രംഗത്തും തിരക്കഥ രചനയിലും മുന്നേ തന്നെ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരനാണ് അനൂപ് മേനോൻ. പകൽ നക്ഷത്രങ്ങൾ (2008), കോക്ക്ടെയിൽ (2010), ബ്യൂട്ടിഫുൾ (2011), ട്രിവാൻഡ്രം ലോഡ്ജ് (2012), ഹോട്ടൽ കാലിഫോർണിയ (2013) തുടങ്ങിയ സിനിമകൾക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് അനൂപ് മേനോൻ. അദ്ദേഹത്തിന്റെ തിരക്കഥയിൽ മോഹൻ ലാൽ നായകനായ ചിത്രമാണ് പകൽനക്ഷത്രങ്ങൾ. ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു.
മോഹൻ ലാൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന്റെ കമന്റ് ബോക്സിൽ മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അനൂപ് മേനോന്റെ വേർഷനിലുള്ള പുതിയ മോഹൻലാൽ കഥാപാത്രത്തിനായി ചിലർ ആകാംഷ പ്രകടിപ്പിക്കുമ്പോൾ മറ്റു ചിലർ പുതുമുഖ എഴുത്തുകാർക്ക് മോഹൻ ലാൽ അവസരം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്.