സുഖപ്രസവത്തിനായി ഐശ്വര്യ 3 മണിക്കൂർ പ്രസവവേദന സഹിച്ചു; മരുമകളെ ഓർത്ത് അഭിമാനിച്ച ബച്ചൻ
ബോളിവുഡ് താരങ്ങളാണെങ്കിലും മലയാളികൾക്കിടയിൽ അടക്കം ചർച്ചകൾക്ക് വഴിവയ്ക്കുന്ന കുടുംബമാണ് അമിതാഭ് ബച്ചന്റേത്. അച്ഛന്റെ വഴിയെ മകൻ അഭിഷേക് വെള്ളിത്തിരയിൽ എത്തിയതും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. 2007ൽ സൂപ്പർ ഹിറ്റ് നടി ഐശ്വര്യയെ ബച്ചൻ കുടുംബത്തിലേക്ക് എത്തിക്കുകയും ചെയ്തു. നിലവിൽ അഭിഷേകും ഐശ്വര്യയും വിവാഹമോചിതരാകാൻ പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വന്നുകൊണ്ടിരിക്കയാണ്. അടുത്തിടെ അഭിഷേക് വ്യക്തത വരുത്തിയെങ്കിലും ചർച്ച സജീവമാണ്.
വിവാഹ മോചന വാർത്തകൾക്ക് ഒപ്പം ബച്ചൻ കുടുംബവുമായി ഐശ്വര്യ പിണക്കത്തിലാണെന്നും പ്രചാരമുണ്ട്. ഈ അവസരത്തിൽ തന‍്‍റെ മരുമകളെ കുറിച്ച് അമിതാഭ് ബച്ചൻ മുൻപ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. 2011ൽ പേരക്കുട്ടി ആരാധ്യയ്ക്ക് ഐശ്വര്യ ജന്മം നൽകിയതുമായി ബന്ധപ്പെട്ട് ആയിരുന്നു അമിതാഭ് ബച്ചന്റെ വാക്കുകൾ. ആരാധ്യ ജനിച്ചപ്പോൾ ഐശ്വര്യ സുഖ പ്രസവത്തിനായി രണ്ട് മൂന്ന് മണിക്കൂറാണ് പ്രസവ വേദന സഹിച്ചതെന്നായിരുന്നു ബച്ചൻ പറഞ്ഞത്.
'ആരാധ്യ ജനിക്കുന്ന സമയത്ത് രണ്ട് മൂന്ന് മണിക്കൂർ ആണ് ഐശ്വര്യ റായ് വേദന സഹിച്ചത്. ആ വേളയിൽ വേദന സംഹാരി ഒന്നും കഴിച്ചില്ല. ആ പ്രസവ വേദന മുഴുവൻ ഐശ്വര്യ അനുഭവിച്ചു. സിസേറിയന് പകരം സാധാരണ പ്രസവം ആണ് തെരഞ്ഞെടുത്തത്. അതിൽ ഞാൻ അഭിമാനിക്കുകയാണ്. കുഞ്ഞ് ജനിച്ചപ്പോൾ ഐശ്വര്യയെ പോലെയാണെന്നാണ് എനിക്ക് തോന്നിയത്. മറ്റുള്ളവർക്ക് അഭിഷേകിന്റെയും ജയയുടെയും സാദൃശ്യമാണ് തോന്നിയത്. എന്നാൽ ആരാധ്യ ഐശ്വര്യയെ പോലെയാണ്', എന്നായിരുന്നു അമിതാഭ് ബച്ചൻ പറഞ്ഞിരുന്നത്. ബച്ചൻ കുടുംബവുമായി ഐശ്വര്യ പിരിഞ്ഞെന്ന വാർത്തകൾക്കിടെയാണ് പഴയ അഭിമുഖത്തിലെ ഈ വാക്കുകളും ശ്രദ്ധനേടുന്നത്.