മോഹൻലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കി, അന്ന് സംഭവിച്ചത് പറഞ്ഞ് ആലപ്പി അഷ്റഫ്

തിരക്കഥാകൃത്തും നടനും നിർമാതാവുമായും ശ്രദ്ധയാകർഷിച്ച സംവിധായകനാണ് ആലപ്പി അഷ്‍റഫ്. ആലപ്പി അഷ്‍റഫ് ഭാഗമായ സിനിമകളുടെ വിശേഷങ്ങൾ തൻ്റെ യൂടൂപ് ചാനലിലൂടെ പങ്കുവയ്‍ക്കാറുണ്ട്. ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയുടെ വിശേഷമാണ് പുതുതായി ചർച്ചയായി മാറിയിരിക്കുന്നത്. പ്രേം നസീറും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഒരു മാടപ്രാവിൻ്റെ കഥ.

ആലപ്പി അഷ്റഫ് ആദ്യമായി സംവിധായകനായ ചിത്രം കൂടിയാണിത്. മോഹൻലാലും ആ ചിത്രത്തിന്റെ ഭാഗമായിരുന്നു. എന്നാൽ പിന്നീട് ആ കഥാപാത്രത്തെ ഒഴിവാക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്. മോഹൻലാലിന്റെ സംഘട്ട രംഗം വരെ ചിത്രത്തിനായി ചിത്രീകരിച്ചുവെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

മമ്മൂട്ടിയുടെയടക്കം പ്രതിഫലവും സംവിധായകൻ വെളിപ്പെടുത്തുന്നുണ്ട്. ചിത്രത്തിൽ നസീറിനെ നായകനായി തീരുമാനിച്ചിരുന്നു എന്നാൽ ഇന്ന് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഡേറ്റ് കിട്ടുന്നതുപോലെയായിരുന്നു അന്ന് നസീറിന്റെ ഡേറ്റ് കിട്ടാൻ. അന്നത്തെ അദ്ദേഹത്തിന്റെ ഉയർന്ന പ്രതിഫലം 75000 രൂപയാണ്. അതിൽ നിന്നും അദ്ദേഹം ഒരു ലക്ഷമായി പ്രതിഫലം ഉയർത്തിയ സമയത്താണ് ഈ സിനിമ ചെയ്യുന്നത്. ചിത്രത്തിലെ നായിക സീമയുടെ പ്രതിഫലം 35000 രൂപയായിരുന്നു. 25000 രൂപയായിരുന്നു മമ്മൂട്ടിയുടെ പ്രതിഫലം. മോഹൻലാലാകട്ടേ, അണ്ണാ താൻ എന്തായാലും വരാം എന്ന് വാക്ക് നൽകുകയും ആയിരുന്നു.

മോഹൻലാലിന്റെയും നസീറിന്റെയും രംഗങ്ങൾ അന്ന് സിനിമയ്‍ക്കായി ചിത്രീകരിച്ചു. രണ്ടു പേർക്കും ഡ്യൂപ്പ് ഉണ്ടായിരുന്നു. എന്നാൽ മോഹൻലാലിന്റെ ഡ്യൂപ്പിനുള്ള കോസ്റ്റ്യൂം സിനിമയുടെ ഡിസൈനർ തയ്യാറാക്കിയിരുന്നില്ല. സാരമില്ല എന്ന് പറയുകയായിരുന്നു മോഹൻലാൽ. തന്റെ ഷർട്ട് തന്നെ ആ ഡ്യൂപ്പിനും നൽകാൻ നിർദ്ദേശിച്ചു. അങ്ങനെ സ്റ്റണ്ട് രംഗം ചിത്രീകരിച്ചു. വിയർപ്പിൽ കുതിർന്നിരുന്നു ഡ്യൂപ്പിന്റെ വസ്‍ത്രം. ആ ഷർട്ട് താൻ ഇട്ടോളാമെന്ന് പറയുകയായിരുന്നു മോഹൻലാൽ. അതൊന്നും ഇടല്ലേ, കുഴപ്പമാകുമെന്ന് ഒരാൾ പറയുന്നും ഉണ്ടായിരുന്നു. അയാളും നമ്മളെ പോലെ മനുഷ്യനല്ലേയെന്നും പറയുകയായിരുന്നു മോഹൻലാൽ. മനുഷ്യസ്‍നേഹിയായ മോഹൻലാലിനെ താൻ തിരിച്ചറിഞ്ഞു. അങ്ങനെ ആ രംഗം ചിത്രീകരിച്ചു. പക്ഷേ മറ്റ് രംഗങ്ങൾ എടുക്കാൻ താരത്തിന് സമയമില്ലായിരുന്നു. ഗത്യന്തരമില്ലാതെ മോഹൻലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കി. മോഹൻലാലിന്റെ അനുമതിയോടെയായിരുന്നു കഥാപാത്രത്തെ ഒഴിവാക്കിയതെന്നും പറയുന്നു ആലപ്പി അഷ്‍റഫ്.

Related Articles
Next Story