'അംബേദ്ക്കറിന്റെ ആശയങ്ങൾ പുരോഗതിക്കായി പ്രചോതനമാക്കണം : കമൽ ഹാസൻ'

ബി ആർ അംബേദ്ക്കറിനെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ പ്രതികരണവുമായി നടൻ കമൽ ഹാസൻ. ഇന്ത്യൻ ഭരണഘടനാ ശില്പി വികസിപ്പിച്ച ആശയങ്ങൾ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതിന് പകരം പുരോഗതിക്കായി പ്രചോതനമാകണമെന്ന് കമൽ ഹാസൻ പ്രതികരിച്ചു. തന്റെ X അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം പ്രതികരിച്ചത്.

ഭരണഘടന അംഗീകരിച്ച് 75 വർഷം തികയുന്ന അനുസ്മരണത്തിൻ്റെ ഭാഗമായി ഡോ.ബി.ആർ.അംബേദ്കറുടെ ആശയങ്ങളെക്കുറിച്ച് പാർലമെൻ്റിൽ ചർച്ച നടത്തണമെന്ന് കമൽഹാസൻ ആവശ്യപ്പെട്ടു.

കമൽ ഹാസന്റെ കുറിപ്പിൽ നിന്നും ; 'അംബേദ്കറുടെ ആശയങ്ങളാണ് ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നത്. ഗാന്ധിജി ഇന്ത്യയെ വൈദേശിക അടിച്ചമർത്തലിൽ നിന്ന് മോചിപ്പിച്ചപ്പോൾ, ഡോ. അംബേദ്കർ ഇന്ത്യയെ അതിന്റേതായ സാമൂഹിക അനീതിയുടെ അതിർവരമ്പുകളിൽ നിന്ന് മോചിപ്പിച്ചു. എല്ലാവരും തുല്യരായി ജനിക്കുന്ന സ്വതന്ത്രവും നീതിയുക്തവുമായ ഇന്ത്യ എന്ന ബാബാസാഹിബിന്റെ ദർശനത്തിൽ അഭിമാനത്തോടെ വിശ്വസിക്കുകയും അതിനായി പോരാടുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും ആ മഹാന്റെ പൈതൃകത്തെ കളങ്കപ്പെടുത്തുന്നത് ഒരിക്കലും സഹിക്കില്ല.

ആധുനികവും ധാർമ്മികവുമായ ആഗോള ശക്തി എന്ന നിലയിൽ, പാർലമെന്റിന്റെ ബഹുമാനപ്പെട്ട ഹാളുകളിൽ അംബേദ്കറുടെ ആശയങ്ങളുടെ അർത്ഥവത്തായ ചർച്ച, സംവാദം, വിഭജനം എന്നിവയിലൂടെ നമ്മുടെ ഭരണഘടന അംഗീകരിച്ചതിന്റെ 75 വർഷം നാം അനുസ്മരണം. ഈ ആശയങ്ങൾ അദ്ദേഹത്തിൻ്റെ അനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിന് ദുരുപയോഗം ചെയ്യുന്നതിനുപകരം പുരോഗതിക്ക് പ്രചോദനമാകണം, അവരിൽ ഞാൻ അഭിമാനിക്കുന്നു'.എന്നും കമൽ ഹാസൻ പറയുന്നു.

അമിത് ഷായുടെ വിവാദ പരാമർശം വലിയ രീതിയിലുള്ള പ്രതിഷേങ്ങൾക്ക് കരണമായിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പാർലമെൻ്ററി ചർച്ചയിൽ അംബേദ്കർ രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രബിന്ദുവായി. ബി.ജെ.പി അംബേദ്കറെ അവഹേളിക്കുകയും ഭരണഘടന മാറ്റാൻ ശ്രമിക്കുകയും ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസിനെതിരെ സമാനമായ ആരോപണങ്ങളുമായി ബിജെപിയും പ്രതികരിച്ചിരിക്കുകയാണ്.

Related Articles
Next Story