17 തവണ റിഹേഴ്സ് ചെയ്ത് അമിതാഭ് ബച്ചൻ ; അനുഭവം പങ്കുവെച്ച് സംവിധായകൻ

ഇന്ത്യൻ സിനിമാചരിത്രത്തിൽ തങ്കലിപികളിൽ കൊത്തിയ പേരാണ് അമിതാഭ് ബച്ചൻ എന്നത്. അദ്ദേഹത്തിന്റെ സിനിമയോടുള്ള പ്രതിബദ്ധതയും ആത്മാർത്ഥയും പ്രശസ്തമാണ്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റം വരെയും പോവാൻ അദ്ദേഹത്തിന് മടിയില്ല. ഇപ്പോഴിതാ അത്തരമൊരു അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകൻ സുജോയ് ഘോഷ്. അദ്ദേഹം സംവിധാനം ചെയ്ത ബദ്‌ല എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് അമിതാഭ് ബച്ചനും തപ്സി പന്നുവുമായിരുന്നു.

എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് അദ്ദേഹം. ഒരു സീനിന് വേണ്ടി റിഹേഴ്സ് ചെയ്യുന്ന ചിത്രമാണിത്. 16ാമത്തെയോ 17ാമത്തെയോ പ്രാവശ്യമാണ് അദ്ദേഹം ഇത് റിഹേഴ്സ് ചെയ്യുന്നത്. എല്ലാവരും തളർന്ന് തുടങ്ങിയിരുന്നു. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തപ്സി ഏറെക്കുറെ തളർന്ന് മൂലയ്ക്ക് ഇരിപ്പായി. എന്നാൽ വീണ്ടും റിഹേഴ്സ് ചെയ്യാനാണ് അദ്ദേഹം നിർദേശിച്ചത്- ഗോഷ് പറഞ്ഞു.

ഷൂട്ടിങ് സെറ്റിലെ തപ്സിയുടെ കുസൃതികളും തമാശകളും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. തപ്‌സി കാരണമാണ് ബദ്‌ല എന്ന ചിത്രം പിറവിയെടുത്തത്. ഇതിന്റെ തിരക്കഥാകൃത്തുക്കളായ അക്ഷയും സുനിലും ചിത്രം സംവിധാനം ചെയ്യാനായി തപ്‌സി വഴി എന്നെ സമീപിച്ചിരുന്നു. എന്നാൽ ആദ്യം ഞാൻ വിസമ്മതിച്ചു. ചില മാറ്റങ്ങളോടെ സ്‌ക്രിപ്‌റ്റൊരുക്കി അവർ വീണ്ടും എന്നെ കാണാനെത്തി. എന്നാൽ അമിതാഭ്ജി ഈ സിനിമയിൽ വേണമെന്നും ഞാൻ ചില മാറ്റങ്ങൾ വരുത്തുമെന്നും അവരോട് പറഞ്ഞു. എല്ലാം ശരിയായതോടെ ഈ ചിത്രത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു.- അദ്ദേഹം പറഞ്ഞു

Related Articles
Next Story