അമ്മയ്ക്ക് നട്ടെല്ല് ഇല്ല, സിനിമയിൽ പവർഗ്രൂപ്പ് ഉണ്ട്: പത്മപ്രിയ
താരസംഘടനയായ ‘അമ്മ’യ്ക്ക് തലയും നട്ടെല്ലും ഇല്ലെന്ന് നടി പത്മപ്രിയ. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള ഭാരവാഹികൾ കൂട്ടമായി രാജി വച്ച സംഭവത്തോട് പ്രതികരിച്ചാണ് പത്മപ്രിയ സംസാരിച്ചത്. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണം എന്നാണ് നടി പ്രതികരിച്ചിരിക്കുന്നത്.
ആരെല്ലാം നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ല.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന സൂപ്പർ താരങ്ങളുടെ പ്രതികരണത്തിൽ നിരാശയുണ്ട്. ഒന്നുമറിയില്ലെങ്കിൽ എല്ലാം അറിയാനുള്ള ശ്രമം നടത്തട്ടെ എന്ന് പത്മപ്രിയ പ്രതികരിച്ചു. ഡബ്ല്യൂസിസി അംഗങ്ങൾ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്.
എന്നാൽ എന്തുകൊണ്ടാണ് നാലര വർഷം റിപ്പോർട്ട് പുറത്ത് വിടാതിരുന്നത് എന്നത് സർക്കാർ വിശദീകരിക്കണം. അതിന് ശേഷം സർക്കാർ ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക എന്നത് മാത്രമാണ്. അത് പൂർണ പരിഹാരമല്ല എന്നാണ് പത്മപ്രിയ പറയുന്നത്.