ആനിമൽ കാ ബാപ് : 'കിൽ' റിവ്യൂ
രണ്ടു മണിക്കൂർ പടത്തിൽ ഒന്നേമുക്കാൽ മണിക്കൂർ ആക്ഷൻ ആണ്.
കുറച്ചു നാളുകൾക്കു മുന്നേ ആനിമൽ എന്നൊരു സിനിമ റിലീസ് ആയിരുന്നു. ആക്ഷൻ പ്രേമികൾക്ക് ഒരു വിരുന്നു തന്നെയായിരുന്നു ചിത്രം. ചോരക്കളിക്ക് ഒരു പന്നവും ചിത്രത്തിൽ ഇല്ലായിരുന്നു. ഇന്ത്യൻ സിനിമയ്ക്കു ആക്ഷൻ സിനിമകളുടെ കാര്യത്തിൽ ഒരു പന്നവുമില്ല. പക്ഷെ തുടക്കം മുതൽ അവസാനം വരെ ഇൻഡോനേഷ്യൻ ചിത്രമായ റെയ്ഡ് പോലുള്ള ചിത്രം ഉണ്ടോ എന്ന് ചോദിച്ചാൽ ഒന്ന് പതറും. അങ്ങനെ അവസാനം നമ്മക്കും അങ്ങനൊരു ചിത്രം റിലീസ് ആയിരിക്കുകയാണ്. പറഞ്ഞു വരുന്നത് കിൽ എന്ന ചിത്രത്തെ കുറിച്ചാണ്. ഒരു ആക്ഷൻ സിനിമ പ്രേമിയാണ് നിങ്ങൾ എങ്കിൽ ഈ ചിത്രം ഒരിക്കലും മിസ് ആക്കരുത്. അതല്ല അത്തരം ചിത്രങ്ങളോട് വലിയ താൽപ്പര്യം ഇല്ല, അതിനുപരി വൈലൻസ് ഇഷ്ട്ടമല്ലങ്കിൽ ഈ ചിത്രം കാണാതിരിക്കുന്നതാവും നല്ലത്. ചിത്രത്തിന്റെ പേര് പോലെ കില്ലാണ് സിനിമ മൊത്തം. ഒരു പക്ഷെ ഇന്ത്യൻ സിനിമ ഇങ്ങനൊരു കില്ലു കണ്ടിട്ടുണ്ടോ എന്നത് സംശയമാണ്.
നിഗിൽ നാഗേഷ് ഭട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടു മണിക്കൂർ പടത്തിൽ ഒന്നേമുക്കാൽ മണിക്കൂർ ആക്ഷൻ ആണ്. അദ്ദേഹം അത് നല്ല രീതിക്കു തന്നെ എടുത്തു വച്ചിട്ടുണ്ട്. കമ്മാണ്ടോ ഓഫീസർ ആണ് നായകൻ. തന്റെ കാമുകി്യെ കാണാൻ നാട്ടിൽ എത്തുന്നതും പിന്നീടുള്ള മടക്കത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് സിനിമ പറഞ്ഞു പോകുന്നത്. ലക്ഷ്യ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. സിനിമയുടെ ആദ്യ പതിനഞ്ചു മിനിട്ടു പടയൊരുക്കത്തിലേക്കുള്ള കാര്യങ്ങൾ ആണ് കാണിച്ചു പോകുന്നത്. എന്നാൽ അത് കഴിഞ്ഞാൽ പിന്നെ അടി എന്ന് വെറുതെ പറഞ്ഞാൽ പോരാ നല്ല കിന്റൽ അടി എന്ന് തന്നെ പറയേണ്ടി വരും.
ചിത്രത്തിലെ പ്രത്യേകത എന്താന്ന് ചോദിച്ചാൽ ഇതൊരു ഇന്ത്യൻ മൂവി ആയി തോന്നില്ല. അല്ലെങ്കിൽ എന്തെങ്കിലും ഡയലോഗ് വരണം. ആ ഹിന്ദിയാ, ഇന്ത്യൻ പടം തന്നെ. അങ്ങനെ പറയാൻ കാരണം കാത് തുളയ്ക്കുന്ന പശ്ചാത്തല സംഗീതമല്ല സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പശ്ചാത്തല സംഗീതം ഇല്ല എന്നല്ല സാഹചര്യത്തിന് അനുയോജ്യമായ സംഗീതം ചിത്രത്തിൽ ഉണ്ട്. എന്നാൽ അതിനു പുറമെ അടിച്ചു തെറിച്ചു പോകുന്ന അമാനുഷിക സംഘട്ടനങ്ങൾ അല്ല ചിത്രത്തിൽ. അടിക്കാനായി കൈവരുമ്പോൾ സ്ലോ മോഷനിലല്ല കൈ പോകുന്നത്. തെറിച്ചു വീഴുമ്പോൾ പ്രത്യേക എഫക്ട് ഒന്നും തന്നെയില്ല. അത്തരം ആക്ഷൻ രംഗങ്ങൾ ഇതിനു മുന്നേയും വന്നിട്ടുണ്ടെങ്കിലും ഇതിനെ കുറച്ചുകൂടെ എടുത്തു കാണിക്കുന്നത്, ചിത്രത്തിലെ വയലൻസ് ആണ്. കൊറിയൻ സിനിമകളിലും, ഇൻഡോനേഷ്യൻ സിനിമകളിലും ഒക്കെ നമ്മൾ ഇമ്മാതിരി വയലൻസ് കണ്ടു കാണും.
തല ചവിട്ടി ചമ്മന്തി പരിവ മാക്കുന്നതും. ആക്ഷനിടയ്‌ക്കു തന്നെ പോസ്റ്റ്മോർട്ടം ചെയ്യുന്നതൊക്കെ ഇന്ത്യൻ സിനിമകളിൽ കണ്ടു പരിചിതമല്ല. അതുകൊണ്ടാണ് റെയ്ഡ് പോലുള്ള ചിത്രവുമായി ഇതിനെ താരതമ്മ്യപ്പെടുത്തിയതും. സിനിമയുടെ ആക്ഷൻ കൊറിയോഗ്രഫി എടുത്തു പറയണ്ട ഒന്ന് തന്നെയാണ്. അത് പോലെ തന്നെ സിനിമാട്ടോഗ്രഫിയും. ഇത്രയൊക്കെ പറഞ്ഞാലും ഇതൊരു ഇന്ത്യൻ സിനിമയാണ്. നായകനെ കൊല്ലണെങ്കിൽ കൊറച്ചു കഷ്ടപ്പെടും നെഞ്ചിൽ വെടിവച്ചു പുഴയിൽ വീണിട്ടും. ദേഹത്തു 3, 4 ബുള്ളറ്റ് തറച്ചിട്ടും മരിക്കാത്ത ആളുകളൂള്ളപ്പോൾ ഇത് അത്രയൊന്നും ഇല്ല എന്ന ആശ്വാസത്തിൽ ചിത്രത്തിനെ സമീപിക്കാം. ഒന്നുമില്ലെങ്കിലും ഒരു കമാൻഡോ ഓഫീസർ അല്ലെ.
ചിത്രത്തിൽ ചോരക്കളിയുടെ അതിപ്രസരമാണു. നല്ല വെടിപ്പായിട്ടാണ് ഓരോരുത്തരേയും കൊല്ലുന്നത്. മനസ്സിന് ധൈര്യം ഇല്ലാതെ വെറുമൊരു എ സർട്ടിഫിക്കറ്റ് പടമാണ് എന്ന് കരുതി സിനിമയെ സമീപിച്ചാൽ അത്തരം സിനിമകളോട് താല്പര്യമില്ലാത്തവർക്കു ഒന്നേമുക്കാൽ മണിക്കൂർ കണ്ണ് പൂട്ടി ഇരിക്കണ്ടതായിട്ടു വരും. അതേ സമയം ആക്ഷൻ പ്രേമികൾ സിനിമ ഒരിക്കലും മിസ്സാക്കരുത്. ഇതൊരു ബിഗ് സ്ക്രീൻ വാച്ച് സിനിമ തന്നെയാണ്. ഒടിടി ക്കായി കാത്തിരുന്നാൽ നഷ്ട്ടമായിരിക്കും.