ഈ പ്രഹസനം ഇനിയെങ്കിലും അവാർഡ് ജൂറിയും സർക്കാരും നിർത്തുക: അഞ്ജലി അമീർ
Anjali Ameer
സ്ത്രീ–ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക സംസ്ഥാനപുരസ്കാരത്തിൽ പ്രതിഷേധവുമായി ട്രാൻസ്ജെൻഡർ നടിയും ആക്ടിവിസ്റ്റുമായ അഞ്ജലി അമീർ. സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ ട്രാൻസ്‌ജെൻഡർ ഇല്ലെങ്കിൽ മാത്രം ആ കാറ്റഗറിയിൽ പുരസ്‌കാരം മറ്റുള്ളവർക്ക് കൊടുത്താൽ പോരേ എന്ന് അഞ്ജലി അമീർ ചോദിച്ചു. കഴിഞ്ഞ തവണ ഈ കാറ്റഗറിയിൽ പുരസ്കാരം നേടിയത് ശ്രുതി ശരണ്യവും ഈ വർഷം ശാലിനി ഉഷാദേവിയുമാണ്. ഇതിനെ തുടർന്നാണ് അഞ്ജലി അമീർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്റ്റേറ്റ് അവാർഡ് കിട്ടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. അതിൽ അനുപാതികമായി ഒരു പ്രധാന കാര്യം സംസാരിക്കാൻ വേണ്ടിയിട്ടാണ് വന്നത്. എന്താണെന്ന് വച്ചാൽ ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ ഞാനും സ്റ്റേറ്റ് അവാർഡ് നോമിനേഷനിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടാണ് എനിക്ക് കാര്യം പറയണമെന്ന് തോന്നിയത്. എന്താണെന്നു വച്ചാൽ, ഇപ്പോൾ മികച്ച നായിക അല്ലെങ്കിൽ പ്രധാന കഥാപാത്രം ചെയ്ത സ്ത്രീ, സഹനടി അങ്ങനെ ഒരുപാട് കാറ്റഗറിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം അവാർഡ് കിട്ടുന്നുണ്ട്." .
"അതിനിടയ്ക്ക് ട്രാൻസ്ജെൻഡർ സ്ത്രീ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ വേറൊരു സ്ത്രീ എന്നുകൂടി ഉൾപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അല്ലെങ്കിൽ ട്രാൻസ്ജെൻഡർ പ്രത്യേക കാറ്റഗറിയിൽ എന്തിനാണ് പ്രഹസനം കാണിക്കാൻ വേണ്ടിയിട്ട് സർക്കാർ ഉൾപ്പെടുത്തുന്നത് എന്ന് മനസ്സിലാകാത്ത ഒരു കാര്യമാണ്. 2022ൽ ചെന്നൈയിൽ ഉള്ള നേഹ എന്ന ഒരു കുട്ടിക്ക് 'അന്തനം' എന്ന മൂവിയിൽ ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ അവാർഡ് കൊടുത്തിരുന്നു. അതല്ലാതെ ഇങ്ങോട്ട് പോരുന്ന വർഷം ഒന്നും തന്നെ ഇങ്ങനെ കൊടുത്തിട്ടില്ല. ഞങ്ങളുടെ കമ്മ്യൂണിറ്റിയെ മുഴുവൻ തഴയുകയാണ്. കഴിഞ്ഞവർഷം പ്രിയ ഉണ്ടായിരുന്നു ഞാനുണ്ടായിരുന്നു, അങ്ങനെ ഞങ്ങൾ കുറെ പേർ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അപ്പോഴും സ്ത്രീകൾക്കാണ് അവാർഡ് കൊടുത്തത്."
"ഇത്രയും അവാർഡ് സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യക്തിപരമായി കൊടുക്കുന്ന സന്ദർഭത്തിൽ എന്തിനുവേണ്ടിയിട്ടാണ് പ്രഹസനം എന്നത് പോലെ ട്രാൻസ്ജെൻഡർ–സ്ത്രീ എന്ന് ഉൾപ്പെടുത്തി അവാർഡ് നോമിനേഷൻ ക്ഷണിക്കുന്നത്. എന്നിട്ട് എന്തിനാണ് ഈ അവാർഡ് മറ്റ് സ്ത്രീകൾക്ക് കൊടുക്കുന്നത്. അങ്ങനെയാണെങ്കിൽ അവാർഡ് കാറ്റഗറൈസ് ചെയ്യപ്പെടേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഇതിനെപ്പറ്റി സംസാരിക്കണ്ട എന്ന് തോന്നിയിരുന്നു ട്രാൻസ്ജെൻഡർ സ്ത്രീയെയോ പുരുഷനെയോ വച്ച് സിനിമകൾ ചെയ്യാൻ സംവിധായകർ മുന്നോട്ട് വന്നേക്കാം. അവരുടെ പ്രചോദനം വരെ നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ഇതിലൂടെ ഉണ്ടാകുന്നത്. അതുകൊണ്ട് എനിക്ക് സർക്കാറിനോട് ചോദിക്കാനുള്ളത് ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ ട്രാൻസ്ജെൻഡർ ഇല്ലെങ്കിൽ മാത്രം ഒരു സ്ത്രീയ്ക്ക് അവാർഡ് കൊടുത്താൽ പോരെ?
എന്തിനാണ് ഇങ്ങനെ പ്രഹസനം കാണിക്കുന്നത് എന്നാണ്.
ഇത്രയും തരംതാണ ഒരു പ്രവർത്തി ചെയ്യുന്നതിനോട് യോജിപ്പും ഇല്ല. ഇങ്ങനെയൊരു അവാർഡ് ഒക്കെ ആലോചിച്ചു ചെയ്യാമായിരുന്നു ഇങ്ങനെ തഴയേണ്ട ആവശ്യമില്ലയിരുന്നു. എന്റെ "സ്പോയിൽസ്" എന്ന സിനിമയാണ് അവാർഡിന് പരിഗണിച്ചത്. അത്യാവശ്യം നന്നായി ചെയ്ത ഒരു സിനിമയായിരുന്നു അത് നല്ല രീതിയിൽ തന്നെ പ്രതികരണങ്ങൾ കിട്ടിയ ഒരു സിനിമയായിരുന്നു. ഞാൻ നന്നായി തന്നെ ചെയ്തു എന്നാണ് എന്റെ വിശ്വാസം. അപ്പോൾ ഇങ്ങനെയുള്ള ഒരു സന്ദർഭത്തിൽ ജൂറി എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്ത്രീക്ക് അവാർഡ് കൊടുത്തതെന്ന് എനിക്ക് മനസ്സിലായില്ല. ട്രാൻസ്ജെൻഡർ ഇല്ലെങ്കിൽ ഒരു സ്ത്രീക്ക് കൊടുത്താൽ പോരെ. ഇത്രയും അവാർഡുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കും വേർതിരിച്ചു കൊടുക്കുന്നുണ്ട് അതിനിടയ്ക്ക് ഈ പ്രഹസനം വേണ്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം,’’ അഞ്ജലി അമീർ പറഞ്ഞു.