വീണ്ടും സായ് പല്ലവിക്ക് നേരം സൈബർ ആക്രമണം
പ്രേമത്തിലെ മലർ മിസ് മലയാളികൾ ഉൾപ്പെടെയുള്ള സിനിമാ പ്രേമികളുടെ ശ്രദ്ധയാകർഷിച്ച വ്യക്തിയാണ്. മലർ മിസിലൂടെയാണ് സായ് പല്ലവി സിനിമാ ജീവിതം തുടങ്ങുന്നത് തന്നെ. 2020 ൽ വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സായ് പല്ലവി ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശം അന്നേറെ സൈബർ ആക്രമണങ്ങൾ വഴിവെച്ചിരുന്നു. ഇപ്പോഴിതാ, ആ പഴയ അഭിമുഖത്തിലെ ഭാഗങ്ങൾ വീണ്ടും വൈറലാകുകയാണ്.
ഇന്ത്യൻ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമാണ് അഭിമുഖത്തിൽ സായ് പല്ലവി പറയുന്നത്. ഏതുതരത്തിലുള്ള അക്രമവും ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി പറഞ്ഞിരുന്നു. നക്‌സലുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയായിരുന്നു നടി
എന്നാൽ ഈ ഇൻ്റർവ്യൂവും അതിലെ താരത്തിൻ്റെ പരാമർശവും ഇന്നും വിവാദങ്ങൾ വഴിവെച്ചിരിക്കുകായാണ്. സായ് പല്ലവിയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാത്തവരാണ് വിമർശനവുമായി വരുന്നവരിൽ പലരും. ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള പാകിസ്താന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് നടി പറയുന്നത്. എന്നാൽ അതിനെ ചിലർ വളച്ചൊടിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ മുൻപ് ചർച്ചയായതിനെ തുടർന്ന് സായ് പല്ലവി തന്നെ നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു. താൻ ഒരു കമ്മ്യൂണിറ്റിയെയും ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അഭിമുഖത്തിലെ ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുന്നതിൽ വിഷമമുണ്ടെന്നും അന്ന് സായ് പല്ലവി പറഞ്ഞിരുന്നു.
ദീപാവലി റിലീസായെത്തുന്ന അമരൻ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് സായ് പല്ലവി ഇപ്പോൾ. ഇന്ത്യൻ സൈനികനായിരുന്ന മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായാണ് സായ് പല്ലവി എത്തുന്നത്. ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാളി താരം ശ്യാം മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സി എച്ച് സായ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിൻറെ സംഗീതം.