അംബാനി കല്യാണത്തിന്റെ ക്ഷണം നിരസിച്ച് അനുരാഗ് കശ്യപിന്റെ മകൾ ആലിയ

"അംബാനി കുടുംബത്തിലെ വിവാഹാഘോഷം വെറും 'സർക്കസ്"

കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് അംബാനി കുടുംബം നടത്തുന്ന ആഡംബര കല്യാണത്തിന്റെ വാർത്തകൾ. എന്നാൽ ഇപ്പോൾ സംവിധായകൻ അനുരാഗ് കശ്യപിന്റെ മകളും ഇൻഫ്ലുവൻസറുമായ ആലിയ കശ്യപ് അംബാനി കല്യാണത്തിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിചിരിക്കുകയാണ്. ആഡംബര കല്യാണത്തിൽ നിന്നും വിട്ടു നിൽക്കാൻ കാരണം 'ആത്മാഭിമാനം' ഉള്ളതുകൊണ്ടാണ് എന്ന് ആലിയ വ്യക്തമാക്കി. അംബാനി കുടുംബത്തിലെ വിവാഹാഘോഷം വെറും 'സർക്കസ്' ആണെന്നും ഇത്രയേറെ സെലിബ്രിറ്റികളെ ക്ഷണിച്ചിരിക്കുന്നത് പി.ആർ വർക്കിനു വേണ്ടിയാണെന്നും ആലിയ ആരോപിച്ചു.

‘ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചത് അവർ പിആർ വർക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു.(എന്തിനാണെന്ന് എന്നോട് ചോദിക്കരുത്). എന്നാൽ ഒരാളുടെ വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടുതൽ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ ഇല്ല എന്ന് പറഞ്ഞു,’ ആലിയ കുറിച്ചു. ഇൻസ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെയാണ് ആലിയ അംബാനി കല്യാണത്തിനെതിരെയുള്ള പരമാർശവുമായി രംഗത്തെത്തിയത്.

ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ ഗായകൻ ജസ്റ്റിൻ ബീബറിനെയാണ് അംബാനി മുംബൈയിലെത്തിച്ചത്.

Athul
Athul  
Related Articles
Next Story