തന്നെ ബാധിച്ചിരിക്കുന്ന രോഗാവസ്ഥ തുറന്നു പറഞ്ഞ് അനുഷ്ക ഷെട്ടി
മസ്തിഷ്കത്തെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണിത്
സമൂഹമാധ്യമങ്ങളിൽ അനുഷ്ക ഷെട്ടിയുടെ അപൂർവ രോഗാവാസ്ഥ വീണ്ടും ചുടു പിടിക്കുകയാണ്. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്യൂഡോബള്‍ബര്‍ അഫക്ട് എന്ന രോഗവസ്ഥ തനിക്കുണ്ടെന്ന് കുറച്ചു നാളുകൾക്കു മുൻപ് അനുഷ്ക ഷെട്ടി വെളിപ്പെടുത്തിയിരുന്നു. അന്ന് സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ തോതിലുള്ള ചർച്ചയ്ക്ക് ഇത് വഴി വെച്ചിരുന്നു. ഇപ്പോളിതാ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘എനിക്ക് ചിരിക്കുന്ന രോഗമുണ്ട്, ചിരിക്കുന്നത് രോഗമാണോ എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. എനിക്ക് അത് രോഗമാണ്. ചിരിക്കാന്‍ തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ നിര്‍ത്താന്‍ സാധിക്കില്ല. കോമഡി സീനുകള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരിച്ചു മറിയും. ഇതുമൂലം ഷൂട്ടിങ് പലതവണ നിര്‍ത്തിവയ്ക്കേണ്ടി വന്നു,’ അനുഷ്ക പറയുന്നു.
മസ്തിഷ്കത്തെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് സ്യൂഡോബള്‍ബര്‍ അഫക്ട്. എത്രയും വേഗം താരത്തിന്റെ അസുഖം ഭേദമാകട്ടെ എന്ന പ്രാർഥനയിൽ ആണ് ആരാധകർ. ജയസൂര്യ നായകനാകുന്ന കത്തനാർ എന്ന ബിഗ്ബജറ്റ് മലയാളം സിനിമയിൽ അനുഷ്കയാണ് നായിക. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മലയാളികൾ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടെയാണ് കത്തനാർ.