അർജുൻ അശോകൻ നായകനായി എത്തുന്ന ‘അൻപോടു കൺമണി’ കേരള നിയമസഭ അംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിംഗ് നടത്തി.

’അൻപോടു കൺമണി’ നാളെ മുതൽ തിയേറ്ററുകളിലേക്ക്.

ക്രിയേറ്റിവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ച്, ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അൻപോടു കൺമണി’ കേരള നിയമസഭ അംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിംഗ് നടത്തി. 13-ാമത് കേരള നിയമസഭ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രദർശനം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഈ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തു.-


ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. വിവാഹം കഴിഞ്ഞതിന് ശേഷം നവദമ്പതികൾ നേരിടുന്ന പ്രശ്നങ്ങൾ വളരെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘അൻപോടു കൺമണി’. ചിത്രത്തിലെ ട്രെയിലറും ഗാനങ്ങളും ആരാധകർ വൻ വരവേൽപ്പോടെയാണ് സ്വീകരിച്ചത്.

“ഇത്തരമൊരു പ്രധാനപെട്ട വേദിയിൽ വച്ച് ഈ ചിത്രം പ്രദർശിപ്പിക്കാനായി സാധിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ ലിജു തോമസ് പറഞ്ഞു. ‘അൻപോടു കൺമണിയി’ ലെ അണിയറ പ്രവർത്തകർക്കും ചിത്രത്തിൽ പ്രവർത്തിച്ച ഏവർക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നും ഇതുവരെ പ്രേക്ഷകരിൽ നിന്നും ‘അൻപോടു കണ്മണി’ ക്ക് ലഭിച്ച പിന്തുണ ചിത്രം തിയേറ്ററുകളിൽ എത്തിയതിന് ശേഷവും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി എന്നിവരും അഭിനയിക്കുന്നു. ജനുവരി 24-നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രേക്ഷകർക്ക് വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിൽ 'അൻപോട് കണ്മണി' കാണാം.

Related Articles
Next Story