ഈ സിനിമ ഇന്നല്ലെങ്കിൽ നാളെ ലോകം അറിയും. ബാധ്യതകൾ തീർക്കാനുള്ള നെട്ടോട്ടത്തിലാണ് ഞാൻ

ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വച്ച് നടൻ സുബീഷ് സുധി

റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ ചിത്രമാണ് ' സുബീഷ് സുധി നായകനായ 'ഒരു സർക്കാർ ഉൽപ്പന്നം'. ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു തന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം തിയറ്ററിൽ കാണാൻ കഴിയാതെ തിരക്കഥാകൃത്ത് നിസാം റാവുത്തർ വിടപറയുന്നത് .

വിട പറഞ്ഞ തിരക്കഥാകൃത്ത് നിസാം റാവുത്തറിനെക്കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെക്കുകയാണ് ചിത്രത്തിൽ നായകനായെത്തിയ സുബീഷ് സുധി. . “പ്രിയപ്പെട്ട നിസാമിക്ക പോയിട്ട് ഒരു വർഷമാകുന്നു. നിസാമിക്ക ഒരു പക്ഷേ ഭാഗ്യവാനായിരുന്നു എന്ന് പറയാം. നമ്മൾ ഒരുമിച്ചുണ്ടാക്കിയ നല്ലൊരു പടം, ഒരുപാട് നിരൂപക പ്രശംസ കിട്ടിയ പടം കൂടുതലാൾക്കാരിലേക്കെത്തിക്കാൻ കഴിയാത്തതിലുള്ള സങ്കടമുണ്ട്. ആ സിനിമയുടെ ബാധ്യതകളും പേറി ഞാനിന്നും നെട്ടോട്ടമോടുകയാണ്. ഒരു പക്ഷേ എന്റെ ജീവിതവും വല്ലാത്തൊരവസ്‌ഥയിലൂടെയാണ് കടന്നു പോവുന്നത്.

ഒരു നല്ല സിനിമ നല്ല രീതിയിൽ സ്വീകരിക്കപ്പെടാത്ത ദുഃഖം എനിക്കുണ്ട്. മലയാള സിനിമയ്ക്കുണ്ടായ പ്രതിസന്ധിയിൽ അകപ്പെട്ടുപോയ സിനിമകൂടിയാണിത്. പക്ഷേ ഈ സിനിമ ഇന്നല്ലെങ്കിൽ നാളെ ലോകമറിയുമെന്ന വിശ്വാസം എനിക്കുണ്ട്. കൂടുതൽ എഴുതാൻ പറ്റുന്നില്ല. ബാധ്യതകൾ തീർക്കാനുള്ള എന്റെ നെട്ടോട്ടം തുടരുകയാണ്. അത് എവിടെയെങ്കിലും എത്തിച്ചേരുമെന്ന ആത്മവിശ്വാസമുണ്ട്. എന്നത്തേയും പോലെ നിസ്സാമിക്കയെ ഓർത്തുകൊണ്ട് നിർത്തുന്നു.''-സുബീഷിന്റെ വാക്കുകൾ.

നിസാം റാവുത്തർ എന്ന തിരക്കഥാകൃത്തിന്റെ പേര് എക്കാലക്കും അടയാളപ്പെടുത്തുന്ന മികച്ച സാമൂഹ്യപ്രസക്തിയുള്ള ഒരു ചിത്രം ആയിരുന്നു 'ഒരു സർക്കാർ ഉൽപ്പന്നം'. പക്ഷെ മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ചിത്രം കൂടുതൽ പ്രേക്ഷകരിലേക്കെത്തിയില്ല. റിലീസിന് മുൻപ് തന്നെ നിരവധി പ്രതിസന്ധികളിലൂടെ ചിത്രം കടന്ന് പോയിരുന്നു. ' ഒരു ഭാരത സർക്കാർ ഉൽപ്പന്നം' എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര്. എന്നാൽ ആ പേര് സെൻസർ ബോർഡ് അംഗീകരിക്കാതായതോടെ ചിത്രത്തിൻറെ പേര് മാറ്റേണ്ടി വന്നു. ചിത്രം റിലീസിനെത്തുന്നതിന് രണ്ട് ദിവസം മുൻപ് മുൻപ് നിസാം വിടപറഞ്ഞു.

സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിഠായി തുടങ്ങിയ സിനിമകളുടെയും തിരക്കഥാകൃത്തായ നിസാം അവസാനമെഴുതിയ സിനിമയായിരുന്നു സുബീഷ്, ഷെല്ലി കിഷോർ എന്നിവർ നായികാ നായകന്മാരായെത്തിയ 'ഒരു സർക്കാർ ഉത്പന്നം'.

Related Articles
Next Story