നാലാം വാരവും കേരളത്തിൽ 125 -ൽ പരം സ്‌ക്രീനുകളിൽ ബ്ലോക്ക്ബസ്റ്റർ ലക്കി ഭാസ്കർ

ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിയ ചിത്രം നാലാം വാരത്തിലും കേരളത്തിലെ 125 - ൽ പരം സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്.

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു മുന്നേറുന്ന ചിത്രം, ആഗോള തലത്തിൽ 110 കോടിയും കടന്നാണ് കുതിക്കുന്നത്. ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിയ ചിത്രം നാലാം വാരത്തിലും കേരളത്തിലെ 125 - ൽ പരം സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. ഒരു തെലുങ്ക് ചിത്രത്തിന്റെ മലയാളം പതിപ്പിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും മികച്ച തീയേറ്റർ റണ്ണുകളിൽ ഒന്നാണ് ഈ ദുൽഖർ സൽമാൻ ചിത്രം നേടിയെടുത്തത്. ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലെല്ലാം ഇപ്പോഴും ലക്കി ഭാസ്കർ ട്രെൻഡിങ് ആണ്. റിലീസ് ചെയ്ത് നാലാഴ്ച പിന്നിടുമ്പോഴും കേരളത്തിന് അകത്തും പുറത്തും ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം നൂറ് കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ദുൽഖർ ചിത്രവുമായി മാറി. ഇതോടെ തെലുങ്കിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ സമ്മാനിക്കുന്ന ആദ്യ മലയാള താരം എന്ന അപൂർവ നേട്ടവും ദുൽഖർ സൽമാനെ തേടിയെത്തി. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രത്തിലെ നായികാ വേഷം ചെയ്തത് മീനാക്ഷി ചൗധരിയാണ്.

1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ബാങ്ക് കാഷ്യറുടെ കഥയവതരിപ്പിച്ച ഈ ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. അവതരണം ശ്രീകര സ്റ്റുഡിയോസ്. ചിത്രത്തിന് സംഗീതമൊരുക്കിയത് ജി വി പ്രകാശ് കുമാർ, കാമറ ചലിപ്പിച്ചത് മലയാളിയായ നിമിഷ് രവി.

Related Articles
Next Story