തലൈവർക്കൊപ്പം ബോളിവുഡ് താരം സൽമാൻ ഖാൻ എത്തുന്ന അറ്റ്ലീ ചിത്രം

സൂപ്പർതാരങ്ങളായ രജനികാന്തും സൽമാൻ ഖാനും ആദ്യമായി ഒരു സിനിമയിൽ ഒന്നിക്കുന്നതായി റിപ്പോർട്ട്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, സംവിധായകൻ ആറ്റ്‌ലിയുടെ ആറാമത്തെ ചിത്രത്തിൽ രണ്ട് അഭിനേതാക്കളും പ്രധാന വേഷങ്ങളിൽ എത്താൻ സാധ്യതയുണ്ട്.സിനിമയിൽ സൽമാൻ ഖാനൊപ്പം അഭിനയിക്കാൻ നടി രശ്മിക മന്ദാന ചർച്ചകൾ ഇതിനിടെ നടത്തിവരികയാണ്. നേരത്തെ, ഒരു അഭിമുഖത്തിൽ, തൻ്റെ അടുത്ത സംവിധാനം സൽമാൻ ഖാനെ നായകനാക്കി അവതരിപ്പിക്കുമെന്ന് അറ്റ്‌ലി സ്ഥിരീകരിച്ചിരുന്നു. തൻ്റെ അടുത്ത ചിത്രം ഒരു ഡ്യുവൽ ഹീറോ പ്രൊജക്റ്റ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നതോടെ, ഇപ്പോൾ രജനികാന്ത് സഹ നായകനായി എത്തിയേക്കുമെന്ന് തോന്നുന്നു.
ആദ്യം ചിത്രത്തിൽ കമൽഹാസൻ സഹനായകനായി എത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും അണിയറപ്രവർത്തകർ നടത്തിയിട്ടില്ല.
അതേസമയം, വരുൺ ധവാൻ നായകനായ ബേബി ജോൺ എന്ന ചിത്രത്തിലൂടെ അറ്റ്‌ലി അടുത്തിടെ നിർമ്മാണത്തിലേക്ക് പ്രവേശിച്ചിരുന്നു . 2016-ൽ പുറത്തിറങ്ങിയ വിജയ് നായകനായ തെരിയുടെ ഹിന്ദി റീമേക്ക് ആയ ഈ ചിത്രം കാലിസ് ആണ് സംവിധാനം ചെയ്തത്. കീർത്തി സുരേഷ് നായികയായ ചിത്രം കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടെയാണ്. വരുണിനും കീർത്തിക്കും ഒപ്പം വാമിക ഗബ്ബി, സാറ സിയന്ന, ജാക്കി ഷ്രോഫ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ബേബി ജോണിൽ സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു എന്നതാണ് ശ്രദ്ധേയം.
എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ എന്ന ചിത്രത്തിലാണ് ഇപ്പോൾ സൽമാൻ ഖാൻ പ്രവർത്തിക്കുന്നത്. ഒരു ആക്ഷൻ പായ്ക്ക്ഡ് ചിത്രമായി കണക്കാക്കപ്പെടുന്ന സിക്കന്ദറിൽ രശ്മിക മന്ദാനയും കാജൽ അഗർവാളുമാണ് നായികമാരായി എത്തുന്നത്. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് 2025 മാർച്ച് 28 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ സത്യരാജ്, ശർമാൻ ജോഷി, പ്രതീക് ബബ്ബർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വേട്ടയാനിൽ അവസാനമായി അഭിനയിച്ച രജനികാന്ത് ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ചിത്രീകരണത്തിലാണ്. ഈ ആക്ഷൻ ചിത്രത്തിൽ നാഗാർജുന അക്കിനേനിയും ഉപേന്ദ്ര റാവുവും പ്രധാന വേഷങ്ങളിൽ ഉൾപ്പെടുന്നു, കൂടാതെ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.