'ജെല്ലിക്കെട്ടിലെ പോത്ത്. ഒറിജനലുമല്ല, VFX ഉം അല്ല' .പിന്നെന്ത് ??

എസ്. ഹരീഷിന്റെ ' മാവോയിസ്റ്റ്' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ലിജോ ജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കിയ ചലച്ചിത്രമാണ് ജെല്ലിക്കെട്ട്. സിനിമാറ്റോഗ്രഫിയിലും എഡിറ്റിങ്ങിലും മികച്ചു നിന്ന ചലച്ചിത്രം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ശ്വാസം അടക്കി മാത്രം കാണാൻ കഴിയുന്ന ചിത്രം. കശാപ്പിന് കൊണ്ട് വന്ന പോത്ത് വിരണ്ടോടി ഒരു നാടിനെയാകെ മുൾമുനയിൽ നിർത്തുന്നു . ഈ ഒരൊറ്റ വരിയിൽ പറഞ്ഞുവെക്കാവുന്ന കഥ ചലച്ചിത്രാമായപ്പോൾ അതിനെ ഒരൊറ്റ വരിയിൽ ഒതുക്കാനാകാതെ ആയി. ചിത്രത്തിലെ പോത്തു തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ് അല്ലെങ്കിൽ കഥ തന്തു.

ഇത്രയും വിറളി പിടിച്ച പോത്തിനെ എങ്ങനെ ഇവർ കൈകാര്യം ചെയ്യുന്നു എന്ന് ചിലരെങ്കിലും ചിന്തിച്ചു കാണും. അല്ലെങ്കിൽ കൂടുതൽ പേരും ചിന്തിച്ചിരിക്കുക അത് vfx ആയിരിക്കുമെന്നാകും. എന്നാൽ അങ്ങനെയൊന്നുമായിരുന്നില്ല. പ്രേക്ഷന്റെ നെഞ്ചിലെ ഭീതിയും ആകാംഷയും വളർത്തിയ ആ പോത്തിന്റെ പിറവിക്കു പിന്നിലെ കഥ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവക്കുന്നു.

അങ്കമാലി ഡയറീസ് എന്ന സിനിമയ്ക്ക് മുമ്പ് താൻ എഴുതിയ തിരക്കഥ ജെല്ലിക്കെട്ടിന്റേതാണെന്നും വി.എഫ്.എക്സസിലൂടെ പോത്തിനെ കാണിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലായിരുന്നുവെന്നുമാണ് ലിജോ പറയുന്നത്.

പിന്നെ എങ്ങനെ ആണ് ചിത്രത്തിൽ പോത്തിനെ അവതരിപ്പിച്ചത്. യഥാർത്ഥ പോത്തിനെ കൊണ്ടു വന്നതാണെങ്കിൽ അവർ എങ്ങനെ അതിനെ കൈകാര്യം ചെയ്തു?. അതല്ല ഇനി അവർക്ക് യാഥാർത്ഥപോത്തിനെ അഭ്യാസത്തിലൂടെ കീഴ്പെടുത്താൻ ശ്രമിക്കുനത് ഒറിജിനൽ ആണെങ്കിൽ എങ്ങനെ ആ സിനിമക്ക് സർട്ടിഫിക്കറ്റ് കിട്ടി? . ഇതെല്ലം പലരുടെയും സംശയങ്ങളാകും. തീർച്ചയായും സെൻസറിങ് കമ്മിറ്റി സിനിമക്ക് അംഗീകാരം നൽകാൻ തയ്യാറായില്ല. പിന്നെങ്ങനെ സർട്ടിഫിക്കറ്റു കിട്ടി എന്നല്ലേ?. കാരണം സിനിമയിലുപയോഗിച്ചത് യാഥാർത്ഥപോത്തിനെയല്ല. vfx ഒന്നും വളർന്നിട്ടില്ലാത്ത കാലത്ത് എഴുപതുകളിലെ ചില സിനിമകളിൽ ഉപയോഗിച്ച ചില സാങ്കേതിക വിദ്യയാണ് ജല്ലിക്കെട്ടിന് ഉപയോഗിച്ചതെന്നാണ് ലിജോ പറയുന്നത്.





'ജല്ലിക്കട്ട് സത്യത്തിൽ ‘അങ്കമാലി ഡയറീസിനു മുമ്പ് എഴുതിവെച്ച തിരക്കഥയാണ്. പോത്തിനെ എങ്ങനെ സ്ക്രീനിൽ കാണിക്കുമെന്ന ആലോചന നീണ്ടുപോയതുകൊണ്ട് മാറ്റി വെച്ചതാണ്. വി.എഫ്.എക്സ് കൊണ്ട് പോത്തിനെ കാണിക്കുകയെന്നത് എനിക്ക് ഒട്ടും സ്വീകാര്യമായിത്തോന്നിയില്ല. അങ്ങനെ, എഴുപതുകളിലൊക്കെ ജാസ് പോലുള്ള സിനിമകളിൽ എങ്ങനെയാണ് മൃഗങ്ങളെയും മറ്റു ജീവികളെയും അവതരിപ്പിച്ചതെന്ന് നോക്കി. അവരെല്ലാം സാങ്കേതിക സംവിധാനംകൊണ്ട്, ഗ്രാഫിക്സ് കൊണ്ട് ആ രൂപങ്ങൾ അവതരിപ്പിക്കാതെ അവ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്'

ഇതായിരുന്നു ജെല്ലിക്കെട്ടിലെ പോത്തിന്റെ പിറവിക്കു പിന്നിലെ കഥ...

കുറച്ചുകൂടി വിശദമായി പറഞ്ഞാൽ എഴുപതുകളിൽ ഗ്രാഫിക്സിന്റെയൊന്നും സഹായങ്ങളില്ലാതെ മൃഗങ്ങളെ സിനിമകളിൽ അവതരിപ്പിക്കാൻ കഴിഞ്ഞട്ടുണ്ടെങ്കിൽ ഈ 2019 ൽ കുറച്ചു കൂടി ഭംഗിയായി അത് ചെയ്യാൻ സാധിക്കില്ലേ എന്ന് ലിജോ ചിന്തിച്ചു.

അങ്ങനെ 3 പോത്തിന്റെ രൂപങ്ങൾ ഉണ്ടാക്കിയെടുത്തു. ഒന്ന് അകത്തുനിന്ന് ഓപ്പറേറ്റ് ചെയ്യാവുന്നത്. മറ്റൊന്ന് തള്ളിനീക്കുന്നത്. വേറൊന്ന് കെട്ടിത്തൂക്കിയിട്ട് കാലും കൈയുമൊക്കെ ചലിപ്പിക്കാവുന്നത്. ശരിയായ പോത്തിനെപ്പോലെ തോന്നിക്കുന്നതിന് ശരീരത്തിലും മുഖത്തുമൊക്കെ വിശദാംശങ്ങൾ സൂക്ഷ്മതയോടെ തന്നെ തയ്യാറാക്കി ഫിക്സ് ചെയ്തു. തൊലിയും തൊലിപ്പുറത്തുള്ള രോമവുമെല്ലാം സൂക്ഷ്‌മമായി ഉണ്ടാക്കിയെടുത്തു. കഴുത്തിളകുന്നത് കാണിക്കുന്നതിനായി സിലിക്കണിലാണുണ്ടാക്കിയത്.

ഒട്ടും എളുപ്പമായിരുന്നില്ല ഈ ജോലികളൊക്കെയും. കുറച്ചധികം പണവും സമയവും അതിന് വേണ്ടി വന്നു.

സിനിമയ്ക്കായി ജീവനുള്ള മൃഗങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് കിട്ടാൻ സിനിമ കാണിച്ചപ്പോൾ അവർ ആദ്യം സമ്മതിച്ചില്ല. യഥാർത്ഥ പോത്തിനെ തന്നെയാണ് ഉപയോഗിച്ചതെന്ന് അവർ വാദിച്ചു. പിന്നെ അത് കൃത്രിമമായുണ്ടാക്കുന്നതിന്റെ വീഡിയോ കാണിച്ചപ്പോഴാണ് അവർക്ക് വിശ്വാസമായത്.

സത്യത്തിൽ ചിത്രത്തിലെ പോത്ത് യാഥാർത്ഥമാണെന്ന് കമ്മിറ്റി വിശ്വസിച്ചപ്പോൾ അതൊരു അംഗീകാരമായാണ് ലിജോക്കും സഹപ്രവർത്തകർക്കും അനുഭവപ്പെട്ടത്. തങ്ങളുടെ സൃഷ്ടിക്ക് അത്രയ്ക്ക് സ്വാഭാവികത ഉള്ളതുകൊണ്ടാണ് അങ്ങനെ ഉണ്ടായതെന്നുള്ളത് അവർക്ക് ഒരു അഭിമാനമായിരുന്നു.

ഇന്ന് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ പേര് ഒരു ബ്രാൻഡ് നെയിം ആയി മാറിക്കഴിഞ്ഞു. ഏറ്റെടുക്കുന്ന ചിത്രങ്ങൾക്ക് മിനിമത്തിനപ്പുറമുള്ള ഗ്യാരന്റി നൽകാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. കണ്ടു മടുത്ത ശൈലിയിൽ നിന്നും മാറിയുള്ള ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാറുള്ളത്. No plans to change , no plans to impress എന്ന് അദ്ദേഹം പറഞ്ഞപ്പോൾ പുച്ഛിച്ചവർ പോലും ഇന്ന് അദ്ദേഹത്തിന്റെ പേര് സ്‌ക്രീനിൽ തെളിയുമ്പോൾ കൈയടിച്ചുപോകും . അതാണ് ആ സംവിധായകൻ നേടിയെടുത്ത വിശ്വാസം.

Related Articles
Next Story