കാന്തയിലൂടെ ഭാഗ്യം തുണയ്ക്കുമോ ഈ ഭാഗ്യശ്രീയ്ക്ക് ..
പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ ചിത്രം കാന്തയാണ് ഭാഗ്യശ്രീയുടെ അടുത്ത ചിത്രം
യാരിയാൻ 2 എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്ന നടിയാണ് ഭാഗ്യശ്രീ ബോർസ്. പിന്നീട് രവി തേജ നായകനായ തെലുങ്ക് ചിത്രമായ മിസ്റ്റർ ബച്ചൻ ആണ് ഭാഗ്യശ്രീയുടെ രണ്ടാമത്തെ ചിത്രം. ഹിന്ദി ചിത്രമായ റെയ്ഡിന്റെ റീമേയ്ക്കായി എത്തിയ ചിത്രം എന്നാൽ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് നേരിട്ടത്. എന്നാൽ ഇപ്പോൾ ഭാഗ്യശ്രീയുടെ ഭാഗ്യം ശെരിക്കും തെളിഞ്ഞിരിക്കുകയാണ്. പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ ചിത്രം കാന്തയാണ് ഭാഗ്യശ്രീയുടെ അടുത്ത ചിത്രം. കാന്തയിലൂടെ തമിഴ് സിനിമയിലേക്ക് താരം അരങ്ങേറ്റം കുറിക്കുകയാണ്. ഇപ്പോൾ കാന്തയുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം. അടുത്തിടെ ദുൽഖർ സൽമാനുമൊത്തുള്ള ചിത്രങ്ങൾ ഭാഗ്യശ്രീ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ശ്രെദ്ധയാകർഷിച്ച ചിത്രത്തിന് '' പ്രിയപ്പെട്ട ദുൽഖർ സൽമാനൊപ്പം, കാന്തയുടെ മായാജാലത്തിന് ലോകം സാക്ഷ്യം വഹിക്കുന്നതിൽ ആവേശമുണ്ട്" എന്നാണ് കുറിച്ചത്. ഇതിനോടൊപ്പം VD12, RAPO22 എന്നിവയുടെ രൂപത്തിൽ രസകരമായ ചില പ്രോജക്ടുകൾ ഭാഗ്യശ്രീയുടെ മുന്നിലുണ്ട്.
1950 കളുടെ ചെന്നൈ പശ്ചാത്തലമാക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നില എന്ന ചിത്രത്തിന് ശേഷം സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാന്ത . റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും ദുൽഖർ സൽമാൻ്റെ വേഫെയററും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ ആയ എം കെ ത്യാഗരാജ ഭാഗവതരുടെ കഥയും ലക്ഷ്മി കാന്തൻ കൊലപാതക കേസുമാണ് കാന്തയിലൂടെ പറയുന്നത് എന്നാണ് ചിത്രത്തിനെ പറ്റി പുറത്തുവരുന്ന അഭ്യൂഹങ്ങൾ.
അതേസമയം ,തെലുങ്ക് ചിത്രമായ ലക്കി ഭാസ്കറിന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോൾ ദുൽഖർ സൽമാൻ. ദുൽഖറിന്റെ കരിയറിലെ ആദ്യ 100 കോടി നേട്ടം ഒരു പാൻ ഇന്ത്യൻ ചിത്രത്തിലൂടെ കൈവരിച്ചിരിക്കുകയാണ് താരം. തമിഴ് ചിത്രമായ കാന്തയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങി വരവ് നടത്താൻ ഒരുങ്ങിയിരിക്കുകയാണ് താരമിപ്പോൾ. നഹാസ് ഹിദായത് , സൗബിൻ ഷാഹിർ, ഒരു നവാഗത സംവിധായകൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങൾ ആണ് ദുൽഖറിന്റെ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.