അച്ഛന്റെ ആ വാക്കുകളിൽ നിന്നായിരുന്നു കരിയറിന്റെ തുടക്കം: വിനീത് ശ്രീനിവാസൻ

നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകൻ എന്നതിലുപരി മലയാള സിനിമാ മേഖലയിൽ തന്റേതായ ഇടംനേടിയെടുത്ത ​താരമാണ് വിനീത് ശ്രീനിവാസൻ. സംവിധായകനായും ഗായകനായും മലയാളികളുടെ ഇഷ്ടം സ്വന്തമാക്കാൻ വിനീത് ശ്രീനിവാസന് സാധിച്ചിട്ടുണ്ട്. തന്റെ വിജയത്തിന് പിന്നിലെ അച്ഛന്റെ പങ്കിനെ കുറിച്ച് വാചാലനാവുകയാണ് വിനീത് ശ്രീനിവാസൻ.

“സിനിമയോട് ആ​ഗ്രഹം തുടങ്ങിയ കാലത്ത് ഞാനും സുഹ‍ൃത്തും കൂടി ഒരുപാട് സിനിമകളുടെ കാസറ്റ് വാങ്ങി കണ്ടിരുന്നു. വീട്ടിൽ കൊണ്ടുവന്ന് എല്ലാമിരുന്ന് കാണും. ഒരുപാട് ക്ലാസിക് സിനിമകളുടെ കാസറ്റുകളൊക്കെ വാങ്ങി കാണുമായിരുന്നു. ലൈബ്രറിയിൽ പോയി ചില മെറ്റീരിയൽസ് വാങ്ങി കൊണ്ടുവരും. അന്നൊക്കെ സിനിമകളോട് വല്ലാത്ത താത്പര്യമായിരുന്നു.

നിനക്ക് ക്ലാസിക് സിനിമകൾ കാണാൻ താത്പര്യമുണ്ടോയെന്ന് ഒരു ദിവസം അച്ഛൻ എന്നോട് ചോദിച്ചു. എന്റെ കാസറ്റ് കളക്ഷൻസൊക്കെ കണ്ടാണ് അദ്ദേഹം എന്നോട് അങ്ങനെ ചോദിച്ചത്. ഉണ്ടെന്ന് പറഞ്ഞപ്പോൾ അങ്ങനെയാണെങ്കിൽ നീ ആദ്യം കാണേണ്ട മൂന്ന് സിനിമകളുണ്ടെന്നും അത് നീ കാണണമെന്നും അച്ഛൻ എന്നോട് പറഞ്ഞു”.

സിനിമാ പാരഡൈസ്, ​ഗുഡ് ബാഡ് ആന്റ് അ​ഗ്ലി, ലോറൻസ് ഓഫ് അറേബ്യ എന്നീ സിനിമകൾ കാണണമെന്നാണ് അച്ഛൻ പറഞ്ഞത്. ഇത് മൂന്നും വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ സിനിമയാണെന്നും ഈ സിനിമകൾ കണ്ടാൽ സിനിമയെ കുറിച്ച് ഏകദേശം ഒരു ധാരണ ലഭിക്കുമെന്നും അച്ഛൻ പറഞ്ഞു. അവിടെ നിന്നാണ് തന്റെ കരിയർ തുടങ്ങിയതെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

Related Articles
Next Story