ഐക്യകേരളം ദാ ഒരിക്കൽ കൂടി ഉണർന്നെഴുന്നേൽക്കുന്നു: എം പദ്മകുമാ‍‍ർ

വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനമറിയിച്ച് സംവിധായകൻ പദ്മകുമാ‍‍ർ. സ്വപ്നങ്ങളിൽ പോലും സങ്കൽപ്പിക്കാത്ത ദുരന്തമാണ് വയനാട്ടിലെ ചൂരൽമലയിലുണ്ടായതെന്നും ദുരന്തഭൂമിയിലെ നടുക്കുന്ന ദൃശ്യങ്ങളും കരൾ നുറുങ്ങുന്ന വേദന നൽകുന്നതാണെന്നും പദ്മകുമാ‍‍ർ സമൂഹ മാധ്യമത്തിൽ കുറിച്ചു.

ജീവൻ തിരിച്ചുപിടിക്കാനാവില്ലെങ്കിലും പറ്റുന്നിടത്തോളം ജീവിതങ്ങൾ നമ്മൾ തിരിച്ചുപിടിക്കും. പ്രളയ കാലത്തെ അതിജീവിക്കാൻ ഒന്നിച്ചു നിന്നു പൊരുതിയ ആ ഐക്യകേരളം ഒരിക്കൽ കൂടി ഉണർന്നെഴുന്നേൽക്കുന്നു. അഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടൊപ്പം ആത്മാവിൽ നിന്നും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നും പദ്മകുമാർ കുറിച്ചു.

ഒരുപാട് ദുരന്തങ്ങൾ കണ്ടവരും അനുഭവിച്ചവരുമാണ് മലയാളികൾ. പക്ഷെ ഏറ്റവും ഭീതിദമായ സ്വപ്നങ്ങളിൽ പോലും സങ്കൽപ്പിക്കാത്ത, സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലെ ചൂരൽമലയിലുണ്ടായത്. മരണ സംഖ്യ നൂറിലും കവിഞ്ഞിരിക്കുന്ന വാർത്തയും ദുരന്തഭൂമിയിലെ നടുക്കുന്ന ദൃശ്യങ്ങളും കരൾ നുറുങ്ങുന്ന വേദനയോടെയേ കാണാൻ കഴിയുള്ളു. നഷ്ടങ്ങൾ എല്ലാം നഷ്ടങ്ങൾ തന്നെയാണ്, നൂറുകണക്കിന് ജീവിതങ്ങൾ പോലെ തിരിച്ചു പിടിക്കാനാവാത്തതാണ്, ഒരു ജീവിതകാലം കഠിനാദ്ധ്വാനം ചെയ്തു നേടിയതെല്ലാം ഒറ്റ രാത്രി കൊണ്ട് ഒന്നുമില്ലാതായി തീർന്ന മനുഷ്യാവസ്ഥയും.


അതേസമയം, വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 150 കടന്നു. തിരിച്ചറിയാതെ 21 മൃതദേഹങ്ങൾ മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു. നിലമ്പൂരിൽ നിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ മേപ്പാടിയിലെത്തിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാവിലെ വയനാട്ടിലെത്തും.

Related Articles
Next Story