SSMB 29-യുടെ ലൊക്കേഷൻ തിരച്ചിലിൽ കെനിയയിലെത്തി സംവിധായകൻ രാജമൗലി
സംവിധായകൻ എസ് എസ് രാജമൗലി തൻ്റെ സോഷ്യൽ മീഡിയയിലൂടെ ആഫ്രിക്കയിലെ തൻ്റെ സാഹസികത നിറഞ്ഞ യാത്രയുടെ ചിത്രങ്ങൾ എപ്പോൾ പങ്കുവെച്ചിരിക്കുകയാണ് . മഹേഷ് ബാബു നായകനായ SSMB29 എന്ന ചിത്രത്തിന് കെനിയയിൽ അനുയോജ്യമായ ലൊക്കേഷനുകൾക്കായിയുള്ള തിരച്ചിലാണ് സംവിധയകാൻ ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് . ഗ്ലോബൽ അഡ്വെഞ്ചർ എന്ന ലേബലിൽ ഇറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനുള്ള ശരിയായ സ്ഥലം അന്തിമമാക്കാൻ സഹായിക്കുന്നതിനായി മകൻ കാർത്തികേയയും യാത്രയിൽ രാജമൗലിയുടെ ഒപ്പമുണ്ട്.
"കണ്ടെത്താൻ ശ്രമിക്കുന്നു..." എന്ന അടിക്കുറിപ്പിൽ കെനിയയിലെ അംബോസെലി നാഷണൽ പാർക്കിൽ നിന്നുള്ള ചിത്രങ്ങളാണ് രാജമൗലി പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമെന്റുമായി എത്തിയിരിക്കുന്നത്.
അടുത്ത വർഷം ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. .രണ്ട് വർഷമെടുതാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത് . നിലവിൽ SSMB 29 എന്ന പേരിൽ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള ഈ അപ്‌ഡേറ്റ് കേട്ടതിന് ശേഷം മഹേഷ് ബാബുവിൻ്റെ ആരാധകർ സന്തോഷത്തിലാണ്.
ആമസോൺ മഴക്കാടുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു നിധി വേട്ടയാണ് കേന്ദ്ര പ്രമേയമായി അവതരിപ്പിക്കുന്നത്. വിറ്റ്നാമിൽ നിന്നുള്ള ഫൈറ്റേഴ്സും ചിത്രത്തിൽ ഉണ്ടെന്നാണ് റിപോർട്ടുകൾ. ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ തികച്ചും പുത്തൻ ആശയമാണ് രാജമൗലി ചെയ്യുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകന്റെ അച്ഛൻ വിജയേന്ദ്ര പ്രസാദ് പറഞ്ഞിരുന്നു. 1000 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ് എന്നാണ് അഭ്യൂഹങ്ങൾ. ശ്രീ ദുർഗ ആർട്സിന്റെ ബാനറിൽ കെ എൽ നാരായണ ആണ് ചിത്രം നിർമ്മിക്കുന്നത്.
ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ഗുണ്ടൂർ കാരത്തിലാണ് മഹേഷ് ബാബു അവസാനമായി അഭിനയിച്ചത്. ശ്രീലീല, മീനാക്ഷി ചൗധരി, രമ്യാ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.