സിദ്ദീഖ് മാജിക്കില്ലാത്ത മലയാള സിനിമയുടെ ഒരു വർഷക്കാലം

director siddique

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കേഴ്സാണ് 'സിദ്ദിഖ്-ലാൽ'. സ്ക്രീനിൽ ഈ പേരെഴുതിക്കാണിച്ചാൽ പ്രേക്ഷകരവിടെ ചിരിയുറപ്പിച്ചിരുന്നു. റാംജി റാവ് സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി തുടങ്ങി ഇരുവരും ഒന്നിച്ചപ്പോൾ മലയാളത്തിൽ പിറന്നത് വമ്പൻ ഹിറ്റുകളാണ്. മലയാള സിനിമയുടെ വളർച്ചാഘട്ടത്തെ സ്വാധീനിച്ചവയാണ് ഈ ചിത്രങ്ങൾ എന്ന് നിസംശയം പറയാം.1986 മുതൽ 95 വരെയാണ് സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിന്റെ സുവർണയുഗം

കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെയും ലാലിന്റെയും കലാജീവിതവും സൗഹൃദവും ആരംഭിക്കുന്നത്. സിനിമാ മോഹികളായ ഇരുവരും ചേർന്ന് സംവിധായകരോട് കഥപറഞ്ഞു കേൾപ്പിക്കുക എന്നത് ഒരു ഘട്ടത്തിൽ ഇരുവരുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇങ്ങനെ സംവിധായകൻ ഫാസിലിനോട് കഥപറയാൻ പോയതാണ് ഇരുവർക്കും വഴിത്തിരിവായത്. തുടർന്ന് ഫാസിലിന്റെ സഹസംവിധായകരായാണ് സിദ്ദിഖ്-ലാലുമാർ സിനിമാ ലോകത്തിലേക്ക് കടന്നുവരുന്നത്.

ഒന്നിച്ചൊരുക്കിയ ആദ്യ തിരക്കഥ വമ്പൻ പരാജയമായ കഥയും ഈ കൂട്ടുകെട്ടിനുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' ആയിരുന്നു സിദ്ദിഖും ലാലും ചേർന്നെഴുതിയ ആദ്യ തിരക്കഥ. റഹ്മാൻ നായകനായ ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രമായിരുന്നു. 'കാലത്തിന് മുമ്പേ വന്ന സബ്ജക്റ്റ് ആയിരുന്നു പപ്പൻ പ്രിയപ്പെട്ട പപ്പൻ്റേത്. ഇതൊക്കെ നടക്കുന്നതാണോ എന്നായിരുന്നു പ്രേക്ഷകരുടെ ചിന്ത.

സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളായ 'നാടോടിക്കാറ്റ്' 1987ലാണ് റിലീസിനെത്തുന്നത്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ചിത്രം താനും ലാലും ചേർന്ന് ഉണ്ടാക്കിയ കഥയായിരുന്നുവെന്ന് സിദ്ദിഖ് പിന്നീട് പറഞ്ഞിട്ടുണ്ട്. അതിനു ശേഷം കഥചോദിച്ച് വന്നവർക്കൊന്നും കൊടുത്തിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

1989ൽ 'റാംജി റാവ് സ്പീക്കിങ്', 'നൊമ്പരങ്ങൾക്ക് സുലാൻ' എന്ന പേരിൽ ഒരുക്കാനായിരുന്നു എഴുത്ത് ഘട്ടത്തിൽ ആലോചിച്ചിരുന്നത്. പിന്നീട് പേര് അത്ര പോരെന്ന തോന്നൽ എന്തുകൊണ്ട് വില്ലൻ്റെ പേര് സിനിമയ്ക്ക് നൽകിക്കൂടാ എന്ന ചിന്തയിൽ വന്നെത്തി. മിമിക്രിയുടെ പിൻബലത്തിൽ സരസമായ നർമ്മം ആദ്യം മുതൽ സിദ്ദിഖ്-ലാൽ സിനിമകളുടെ മുഖഛായയായി. അതോടെ മലയാള സിനിമയിൽ 'സിദ്ദിഖ്-ലാൽ' എന്ന പേര് ഒരു മേൽവിലാസമായി.

ഇതേ പാറ്റേണിൽ വന്ന 'ഇൻ ഹരിഹർ നഗറും' സൂപ്പർ ഹിറ്റായി. തുടർന്നൊരുക്കിയ 'ഗോഡ് ഫാദർ' മലയാളത്തിലെ കൾട്ട് ക്ലാസിക് ഹിറ്റാണ്. എൻ എൻ പിള്ളയും, ഫിലോമിനയും അവതരിപ്പിച്ച അഞ്ഞൂറാനും ആനപ്പാറയിലെ അച്ചമ്മയും ഇവരുടെ മക്കളും കുടുംബവഴക്കുമായി പോയ സിനിമ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച മലയാള സിനിമയാണ്.

'കാബൂളിവാല'യെക്കുറിച്ച് നടൻ ഇന്നസെന്റ് മുമ്പ് പറഞ്ഞത് ഓർത്താൽ ഈ കൂട്ടുകെട്ടിലെ സിനിമയ്ക്കായി താരങ്ങൾ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാകും. മലയാള സിനിമയിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചയും ഞെട്ടലുമായിരുന്നു സിദ്ദിഖ്-ലാൽ വേർപിരിയുന്നു എന്ന വാർത്ത. 1995ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം മാന്നാർ മത്തായി സ്പീക്കിങ്ങിൽ സംവിധായകന്റെ സ്ഥാനത്ത് മാണി സി കാപ്പന്റെ പേരുവന്നു. സിദ്ദിഖ്-ലാൽ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രത്തിൽ അവിചാരിതമായാണ് നിർമാതാവായ മാണി സി കാപ്പൻ സംവിധായകൻ ആവുന്നത്.

സിദ്ദിഖ് - ലാൽ കൂട്ടുകെട്ട് പിരിഞ്ഞ ശേഷമാണ് മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ സ്ക്രിപ്റ്റ് വെറുതെ ഇരിക്കുന്ന അവസ്ഥ വന്നത്. അവർ മറ്റൊരു നിർമ്മാതാവിനെ സമീപിച്ചെങ്കിലും അത് നടക്കാതെവന്നു. അങ്ങനെ മാണി സി കാപ്പനെ സമീപിച്ചു. രാജസേനനെ വെച്ച് സംവിധാനം ചെയ്യാൻ ആയിരുന്നു പദ്ധതി. അത് നടന്നില്ല. സിദ്ദിഖ് മുഴുവൻ ദിവസവും നിന്ന് ഒരുക്കിയ സിനിമയ്‌ക്കൊടുക്കം മാണി സി കാപ്പന്റെ പേര് വയ്ക്കാൻ തീരുമാനമായി.

ആ കാലഘട്ടത്തിലെ യുവതയെയും അവരുടെ പ്രശ്നങ്ങളെയും 'റിയലിസ്റ്റിക്' ആയി സമീപിച്ചതാണ് സിദ്ധിഖ്-ലാൽ സിനിമകളുടെ വിജയം. മിഡിൽ ക്ലാസ് യുവാക്കളുടെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവുകളെടുത്ത് പ്രേക്ഷകർ ജീവിതത്തിലാഗ്രഹിക്കുന്ന വിജയം സ്‌ക്രീനിൽ കാണിച്ചുകൊടുത്തു. കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സിദ്ദിഖ് ഒരുക്കിയ 'ഹിറ്റ്ലറും' 'ഫ്രണ്ട്സും' നിർമ്മിച്ചത് ലാൽ ആയിരുന്നു. 'ക്രോണിക് ബാച്ചിലറും' കടന്ന് 'ബോഡി ഗാർഡിൽ' എത്തിയപ്പോൾ കൂട്ടുകെട്ട് മടങ്ങിവന്നു കാണാൻ പ്രേക്ഷകർ ആവശ്യപ്പെട്ടു തുടങ്ങി. അവരൊന്നിച്ച് ഒരുക്കിയ കഥകളിലെ സ്വതസിദ്ധമായ നർമ്മമായിരുന്നു പ്രേക്ഷകർക്കാവശ്യം.

തൊട്ടതെല്ലാം പൊന്നാക്കിയ കൂട്ടുകെട്ടായിരുന്നു സിദ്ദിഖ് - ലാൽ. ഒരാൾ സ്‌ക്രിപ്റ്റ് റൈറ്ററായും മറ്റേയാൾ സംവിധായകനായും സിനിമയിൽ ഒരുമിച്ചു വളർന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്തിരുന്ന ആ കൂട്ടുകെട്ട് പെട്ടന്നൊരു സിനിമയോടെ വേർപിരിഞ്ഞു .

എല്ലാ ഹിറ്റു ജോഡികളും കരിയറിന്റെ ഒരു ഘട്ടത്തിൽ വേർപിരിയുക എന്നത് കാലത്തിന്റെ അനിവാര്യതയാണ്. കാബൂളിവാലയിലൂടെ സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിനു തിരശ്ശീല വീണു. ലാൽ നിർമാണത്തിലും അഭിനയത്തിലും സാങ്കേതിക മേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സിദ്ദീഖ് തിരക്കഥാകൃത്തായും സംവിധായകനായും തുടർന്നു. പിന്നീട് സിദ്ദീഖ് സംവിധാനം ചെയ്ത ചില സിനിമകൾ ലാൽ നിർമിക്കുകയും ലാൽ സംവിധാനം ചെയ്ത സിനിമയ്ക്കു സിദ്ദീഖ് കഥയെഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും സിദ്ദീഖ്-ലാൽ കൂട്ടുകെട്ട് പൂർണ്ണമായ അർഥത്തിൽ ഒന്നിച്ചിട്ടില്ല.

സിദ്ദിഖ്‍-ലാൽ എന്ന ഹിറ്റ് കോമ്പിനേഷനിൽ നിന്ന് പിന്നീട് സിദ്ദിഖ് ഒറ്റപ്പേരിലേക്ക് ചുരുങ്ങിയപ്പോഴും സിനിമകളുടെ വിധി മാറിയില്ല. കാലം കടന്നുപോകുമ്പോഴും സിദ്ദിഖ് ചിത്രങ്ങളിലെ നിരവധി ഡയലോഗുകൾ മലയാളികളുടെ നിത്യജീവിതത്തിൻറെ ഭാഗമായി അവശേഷിക്കുന്നു. മലയാളവും തമിഴും കടന്ന് ബോളിവുഡ് വരെയെത്തി സിദ്ദിഖ് എന്ന സംവിധായകൻറെ പ്രശസ്തി നേടി. ഹിന്ദി ചിത്രം ബോഡ് ഗാർഡിലൂടെ ബോളിവുഡിലെ നൂറ് കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാളിയായി. 2004-ൽ വിജയകാന്ത് നായകനായ എങ്കൾ അണ്ണയുമായി തമിഴിലേക്ക്. മലയാള ചിത്രം ബോഡി ഗാർഡിന് തമിഴ്, ഹിന്ദി പതിപ്പുകളുണ്ടായി. 2005-ൽ മാരോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഭാഗ്യപരീക്ഷണം നടത്തി. രണ്ട് പതിറ്റാണ്ടിനുശേഷം 2016-ൽ കിങ് ലയർ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി സിദ്ദിഖ്-ലാൽ സഖ്യം വീണ്ടുമൊന്നിച്ചപ്പോഴും സൂപ്പർ ഹിറ്റ് പിറന്നു. 2020-ൽ മോഹൻലാലിനെ നായകനാക്കിയൊരുക്കിയ ബിഗ് ബ്രദറാണ് സിദ്ദിഖിൻറെ അവസാനചിത്രം. ഹിന്ദിയിലടക്കം ചില ചിത്രങ്ങളുടെ ചർച്ചയ്ക്കിടെയാണ് മാസ്റ്റർ ക്രാഫ്റ്റ്മാൻറെ അപ്രതീക്ഷിത മടക്കം.

സിനിമയിലും ജീവിതത്തിലും ഒരുപാട് ഓർമ്മകൾ ബാക്കിയാക്കി സിദ്ദീഖ് യാത്രയായപ്പോൾ ലാൽ ഒറ്റക്കായിട്ട് ഇന്നേക്ക ഒരു വർഷം.

Related Articles
Next Story